ദീപ കരുവാട്ട്​.

ഒന്നൂടി ...

ർക്കാപ്പുറത്തൊരു ദിവസം
ഒന്നൂടി...
ഒന്നുപോലും സാധ്യമല്ലാത്ത,
ഒരു നീക്കുപോക്കിനും തയ്യാറാകാത്ത ജീവിതം
ഒച്ചിനേക്കാൾ അമാന്തപ്പെട്ടെങ്കിലും,
ഒന്നൂടി എന്ന ഒറ്റവാക്കിൽ നിലയുറപ്പിക്കുന്നു.

ഒന്നൂടി
എല്ലാം ആവർത്തിച്ചിരുന്നെങ്കിലെന്ന ആഗ്രഹത്തിനുമേൽ
ചുരുണ്ടുചുരുണ്ടൊരു
ഇലചെരണ്ടിപ്പുഴു കണക്കെ
തന്റേതുമാത്രമായ ഇടങ്ങളിലൂടെ
നടക്കാനായെങ്കിലെന്ന സ്വപ്നത്തിൻമേൽ അരിച്ചരിച്ചങ്ങനെ,

തന്നെ തൊട്ടു തൊടാതെ പോയവയെല്ലാം ഒന്നൂടി
ചേർത്തു പിടിക്കാനായെങ്കിലെന്ന്
ഒട്ടും തിടുക്കപ്പെടാതെ
മെല്ലെ മെല്ലെയിഴഞ്ഞ്
തൊടാതെ വഴുതി പോയവയിലേക്ക്
ഒരു വിരൽതുമ്പാലെങ്കിലും വിരിയിക്കാമായിരുന്നല്ലോ എന്ന്
നേരിയ മൂളാക്കത്തോടെ,
കണ്ടിട്ടും കാണാതിരുന്നവയിലേക്ക്
കണ്ണു തെളിഞ്ഞിരുന്നെങ്കിലെന്ന് കുണ്ഠിതപ്പെട്ട്,
ഒരൂഴം കൂടി
കിട്ടിയിരുന്നെങ്കിൽ
ചെയ്യാനാവാതിരുന്നതൊക്കെ ചെയ്യാനായിരുന്നെങ്കിലെന്ന്
നെടുവീർപ്പിട്ട്,
സ്വയം പൊള്ളിയടർന്ന വെയിലുകളിൽ
ഓരില ഈരില തണലെങ്കിലും വിരിക്കാമായിരുന്നല്ലോ
എന്നൊരുച്ചയിൽ
ഇമകളടച്ച്,

സ്വയമഴിച്ചിട്ട മഴകളിൽ പൂത്തുനിൽക്കാമായിരുന്നല്ലോ എന്ന്
ഉരുമ്മിയുരുമ്മി,
കുതറിപ്പോന്ന ( ഹാ!)
പ്രണയത്തിലൊട്ടിയൊട്ടി പടർന്ന്

അടിയറവു പറഞ്ഞ രാവുകളിൽ
തെളിഞ്ഞ പുഴയൊഴുക്കിനോളം
ഉന്മാദിയാകാമായിരുന്നല്ലോ
എന്ന് വഴുവഴുത്ത്...

ഉറക്കമിളച്ച് പാടിയ താരാട്ടുകൾ,
നെഞ്ചിൻപിടപ്പുകൾ,
ഊട്ടിയ രസമുകുളങ്ങൾ, മണങ്ങൾ,
അകമേ കൂട്ടിയ
കലപിലകൾ
കുസൃതികൾ,
എല്ലാം
ഒന്നൂടി
എന്നാശിച്ച്
ആകാശo പുതച്ചിങ്ങനെ,
ഭൂമി തൊട്ടുതൊട്ടിങ്ങനെ
വെറുതേയൊരു ജീവിതം
ചുട്ടുപഴുത്തു വഴുതി വീണുവീണു പോകുമ്പോൾ

അപ്പോഴപ്പോഴതാ
എങ്ങനെയൊക്കെ മുറുക്കി പൊതിഞ്ഞിട്ടും
പെരുവിരലുകളെത്ര
കോർത്തുകെട്ടിയിട്ടും
കൈകളെത്ര ചേർത്തുകിടത്തിയിട്ടും
ഒന്നൂടി എന്ന വാക്കിനുമേൽ തട്ടി
പലതായി പലതായി ചിതറിപ്പോവുന്നല്ലോ
ഞാൻ
ദൈവമേ...!
ഒന്നൂടി എന്ന വാക്കിന്
അത്രമാത്രം
​കനമുണ്ടായിരുന്നിരിക്കണം...

​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments