ഫൈസ് അഹമ്മദ് ഫൈസ്

ജയിലിലെ ഒരു സായന്തനം

പറയൂ

ക്ഷത്രപ്പടവുകളിലൂടെ രാത്രി സായന്തനത്തിന്റെ
വളഞ്ഞ കോവണിയിറങ്ങുന്നു
ആരോ പ്രണയത്തെക്കുറിച്ച് സംസാരിച്ചെന്നതുപോലെ
ഒരു കുളിർകാറ്റ് തൊട്ടുരുമ്മി കടന്നുപോകുന്നു.
മുറ്റത്തു ചേർത്തുപിടിച്ച അഭയാർത്ഥികളെന്ന പോൽ മരങ്ങൾ
ആകാശത്തു തിരിച്ചുവരവിന്റെ ഭൂപടങ്ങൾക്ക്
ചിത്രത്തുന്നലുകൾ നടത്തുന്നു.
മേൽക്കൂരയിലോ,
ചന്ദ്രൻ - സ്‌നേഹപൂർവ്വം, ഉദാരമായി -
നക്ഷത്രങ്ങളെ പ്രകാശധൂളികളാക്കി മാറ്റുന്നു.

ഓരോരോ മൂലയിൽനിന്നും
കരിംപച്ച നിഴലുകളുടെ തരംഗങ്ങൾ
എനിക്കുനേരെ വരുന്നുണ്ട്.

ഏതുനിമിഷവും അവ എന്നെ കീഴ്‌പ്പെടുത്തിയേക്കാം,
പ്രണയിനിയുമായുള്ള വിരഹത്തിന്റെ
ഓരോ സ്മരണയും ഉണർത്തുന്ന
നോവിന്റെ തിരമാലകൾ പോലെ

ഈ ചിന്ത എന്നെ സമാശ്വസിപ്പിക്കുന്നു:

വിളക്കുകൾ തകർക്കൂ എന്ന് സ്വേച്​ഛാധിപതികൾ ആക്രോശിച്ചാലും
പ്രണയികൾ സംഗമിക്കുന്ന അറകളിൽ
നിലാവിനെ ഊതി കെടുത്താനാവില്ല,
അതിനാൽ ഇന്നോ, നാളെയോ
സ്വേച്​ഛാധിപത്യം വിലപ്പോവില്ല,
വിഷമോ, പീഡനങ്ങളോ എന്നിൽ കയ്പ് നിറക്കില്ല,
ജയിലിലെ ഒരു സായന്തനം പോലും
​ഇത്രമേൽ വിചിത്രമായി മധുരിക്കുമെങ്കിൽ,
ഒരു നിമിഷം മാത്രം ഈ ലോകത്ത് എവിടെയെങ്കിലും.

റയുക, നിങ്ങളുടെ ചുണ്ടുകൾ സ്വതന്ത്രമാണ്.
പറയുക, ഇത് നിങ്ങളുടെ സ്വന്തം നാവാണ്.
പറയുക, നിങ്ങളുടെ സ്വന്തം ശരീരമാണിത്.
പറയുക, നിങ്ങളുടെ ജീവിതം ഇപ്പോഴും നിങ്ങളുടേതാണ്.

കാണുക, കൊല്ലന്റെ ആലയിൽ എങ്ങനെയാണ്​ തീജ്വാലകൾ
വന്യമായി പടരുന്നതെന്ന്,
ഇരുമ്പ് എങ്ങനെ പഴുക്കുന്നു എന്ന്.
താഴുകൾ വായ് തുറക്കുന്നു,
എല്ലാ ചങ്ങലകളും അഴിയാൻ തുടങ്ങുന്നു.

പറയുക, ഈ അല്പം സമയം ധാരാളമാണ്
ശരീരത്തിന്റെയും നാവിന്റെയും മരണത്തിനു മുമ്പ്,
പറയുക, എന്തുകൊണ്ടെന്നാൽ സത്യം ഇനിയും മരിച്ചിട്ടില്ല,

പറയൂ, പറയൂ,
നിങ്ങൾക്ക് പറയാനുള്ളതെല്ലാം പറയുക.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഫൈസ് അഹമ്മദ് ഫൈസ്​

ഉറുദു കവി, കമ്യൂണിസ്റ്റ് വിപ്ലവകാരി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാൾ. 1984 നവംബർ 20ന് ലാഹോറിൽ വച്ച് മരിച്ചു.

ഡോ. ജ്യോതിമോൾ പി.

കോട്ടയം ബസേലിയസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. രണ്ടു ഭാഷകളിലും വിവർത്തനം ചെയ്യാറുണ്ട്.

Comments