വീടരികിലൊരു അറബി വൃദ്ധനും
അയാൾക്കൊരു
മാതളനാരങ്ങ മരവുമുണ്ട്.
നിത്യവുമയാൾ
വെള്ളവും വളവുമിട്ട്
പരിപാലിക്കുന്നുണ്ട്.
ഞാൻ നിത്യവും
ആ വൃദ്ധനോടെന്ന വണ്ണം
മരത്തിനും
സലാം പറയും.
ഇതായിപ്പോൾ കായ്ക്കാം
എന്ന മട്ടിൽ
ഋതുമതികളെ പോലെ
നിറയെ ചുകന്ന പൂക്കൾ കൊണ്ട്
ആ മരം ഞങ്ങൾക്ക്
പൂ വീശി കാണിക്കും.
ആ വൃദ്ധന് നിരാശയുണ്ട്.
ആ പൂക്കൾ /മരമൊന്ന്
കായയായി കാണണമെന്നുണ്ട്.
താനിനിയെത്ര കാലമെന്നാശങ്കയുണ്ട്.
രണ്ടു പേരേയും
മനസ്സിലാവുന്ന ഒരാളെന്ന നിലയിൽ
എനിക്കവർക്കിടയിൽ
മദ്ധ്യസ്ഥം വഹിക്കണമെന്നുണ്ട്.
ഞാൻ പറഞ്ഞാൽ
ആ ചെടി കേൾക്കുമെന്നുമറിയാം
പക്ഷേ
രണ്ടു പേരുടെയും
മാതൃഭാഷ
എനിക്കറിയാതെപ്പോയി.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.