ഐഷു ഹഷ്​ന

മീൻമണമുള്ള
​ഇരുപത് രൂപ

ദാനം ആപത്തുകളെ തടയുമെന്ന തലേകെട്ടുമായി
പെരുവയറും വീർപ്പിച്ചു കുന്തിച്ചിരുന്നൊരുപ്പൂപ്പന്റെ വയറ്റിലേക്ക്
പത്തുരൂപ തുട്ട് വീണു.

അരിക് കീറി നിറം മങ്ങിയ ഇരുപത് രൂപ നോട്ടിലേക്കു വീണ തുട്ട് അവിടെന്നിന്നുരുണ്ട് പുത്തൻ നൂറുരൂപാ നോട്ടിലേക്ക് കമിഴ്ന്നു.
‘ഇരുപത് രൂപയെ മീൻ മണക്കുന്നു'
നൂറുരൂപയുടെ ചെവിയിൽ പറഞ്ഞ രഹസ്യം
നിശ്ശബ്ദതയിൽ പ്രകമ്പനമായി.

മീൻകാരൻ ഹൈദ്രോസിന്റെ
മീൻ മണക്കുന്ന കയ്യിലിരുന്നാ മീൻ മണക്കൂന്ന്
ഇരുപത് രൂപ തിരിച്ചടിച്ചു.

സുബഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോകാൻ
ജാനകിയുടെ കിണറ്റിൻകരേലു കുളിച്ചു,
ധൃതിയിൽ ഇടവഴിയിലേക്കിറങ്ങുമ്പോൾ
ഹൈദ്രോസ് ജാനകിക്കൊരു മുത്തോം കൊടുത്ത്,
ബ്ലൗസിനുള്ളിലേക്കൊരു ഇരുപത് രൂപ നോട്ടും തിരുകും.

പകല് മീൻ വേണോയെന്ന് ഒച്ചയ്യിട്ട് വരുന്ന ഹൈദ്രോസിന്റെ സൈക്കിൾ
ആദ്യം നിൽക്കുന്നത് ജാനകിയുടെ വീട്ടുപടിക്കൽ.

ബ്ലൗസ്സിനുള്ളിലെ ഇരുപത് രൂപ കൊടുത്ത്
അവളൊരു ചട്ടി ചാള വാങ്ങും.

ജാനകി കൊടുത്ത ഇരുപത് രൂപ
ഹൈദ്രോസ് ബനിയന്റെയുള്ളിൽ പാത്തുവയ്ക്കും.

ചാളയിൽ നല്ലോണം കുരുമുളക് തേക്കണേ ജാനൂന്ന് പറയും.

ഹൈദ്രോസിന്റെ ബനിയനുള്ളിലും
ജാനകിയുടെ ബ്ലൗസ്സിനുള്ളിലും
ജീവിച്ച എനിക്കവരുടെ മണമായെന്ന്
ഇരുപത് രൂപ നോട്ട് കഥ പറഞ്ഞു നിർത്തി.

തുട്ടുകളുടെ ഏറ്റവും മുകളിൽ നിന്നും ഒരൻപത് പൈസ
ഉരുണ്ടു വന്ന്​ ഇരുപത് രൂപ നോട്ടിനോട്
എന്നിട്ടോ എന്ന് ചോദിച്ചു.

ഹൈദ്രോസിന്റെ കെട്ടിയോള് കുഞ്ഞിപാത്തു
നെഞ്ചത്തടിച്ച് കരഞ്ഞു ചോദിക്കും,
‘നിങ്ങടെ ഏത്ര പുള്ളേരെ പെറ്റതാ ഞാൻ,
ന്നിട്ടും എന്താ പുള്ളെ ഇങ്ങള് ജാനകിക്ക് കൂട്ട് കെടക്കാൻ പോണെ'.

അതുകേട്ട് ഹൈദ്രോസ് ചിരിക്കും.

ജാനകി ഹൈദ്രോസിന്റെ നെഞ്ചത്ത് തലവച്ചു ചോദിക്കും,
‘എനിക്ക് ഇങ്ങടെ ഒരു പുള്ളേനെ പെറാൻ കയ്യോ?'

അപ്പോഴും ഹൈദ്രോസ് ചിരിക്കും.

ജാനകിവച്ച കൂടോത്രമാണ് ബനിയന്റെയുള്ളിലെന്നു
കുഞ്ഞുപാത്തു വിങ്ങിപ്പൊട്ടി.

കടപ്പുറത്ത് ചാകര വരാത്തൊരു കാലത്ത്,
പനിച്ചുവിറച്ച് കിടന്ന ഹൈദ്രോസിന്റെ ചൂടുപിടിച്ച നെഞ്ചിൽ നിന്നും കുഞ്ഞുപ്പാത്തു ഇരുപത് രൂപ നോട്ടെടുത്തു.

പനിതോർച്ചയില് കുളികഴിഞ്ഞ ഹൈദ്രോസിന്റെ നെറുകയിൽ
രാസ്‌നാദിപ്പൊടി തിരുമ്മി കുഞ്ഞുപ്പാത്തു ഇങ്ങനെ പറഞ്ഞിട്ടുണ്ടാകാം.

‘വെള്ളിയാഴ്ച പള്ളിക്കുറ്റിയിലിട്ട ഇരുപത് രൂപയാണ് ഇങ്ങടെ പനി മാറ്റിയത്'

ഹൈദ്രോസ് ഊരിവച്ച ബനിയനെ ഓർത്തു വിങ്ങിയുട്ടുണ്ടാകും.

അന്നു മുതലിന്നോളം ഞാനിവിടെയുണ്ട്.

വെള്ളിയാഴ്ച നേർച്ചക്കാശു എണ്ണിയെണ്ണി,
പ്രണയം കൊണ്ട് നരച്ചോരെന്നെ വീണ്ടും വീണ്ടും
ഉപ്പാപ്പാന്റെ വയറ്റിലേക്കിടുന്നു

അവിടമൊരു നിശ്ശബ്ദത വിരുന്നുവന്നു▮

Comments