ജാലിഷ ഉസ്മാൻ.

മൂന്ന് പീഡന കഥകൾ

ഒന്ന്

രുതിക്കൂട്ടിയാണ് അന്നവൾ
കഷ്ടിച്ച് മുട്ടോളം മാത്രം ഇറങ്ങിയ
പാവാടയും,
മുലകൾ എടുത്ത് കാട്ടുന്ന
ഇറുങ്ങിയ കുപ്പായവുമിട്ട്
ഞായറാഴ്ച പള്ളിയിലേക്ക് പോയത്.
‘വയസ്സ് പതിനാറായി
എന്നാത്തിനാടീ നാട്ടാരെ കൊണ്ട് പറയിക്കാൻ
ഇങ്ങനെ മൂടും മൊലയും കാട്ടി പള്ളീലോട്ട് പോന്നേ?
നിനക്കൊരു ഷാൾ എടുത്തിടരുതോ..?'

അമ്മച്ചി ആവുന്നത്ര പറഞ്ഞിട്ടും
കേൾക്കാത്തപോലെ
പർസിലെ ചീപ്പെടുത്ത് ഒന്നൂടെ മുടി മിനുക്കി തൂവാലകൊണ്ട് മുഖമൊപ്പി
അവൾ പള്ളിയിലോട്ട് നടന്നു.
പള്ളിമുറ്റത്ത് തന്നെ വികാരിയെക്കണ്ട്
അവളുടെ കണ്ണുകൾ
നമ്രോദിന്റെ വൾത്തല പോലെ മിന്നി.
‘അർദ്ധ നഗ്‌നയായി'
അഴിച്ചിട്ട മുടി പറത്തിക്കൊണ്ട് കയറിവന്ന
സാത്താന്റെ സന്തതിയേക്കണ്ട്
അച്ചൻ ലജ്ജാലുവായി തല താഴ്ത്തി.

അവളാകട്ടെ
ഉറച്ച കാൽവയ്‌പ്പോടെ
അൾത്താര ലക്ഷ്യമാക്കി നടന്നു.
അയാൾ പ്രാർത്ഥിക്കുമ്പോഴൊക്കെ
അവളുടെ കണ്ണുകൾ അയാളുടെ ദേഹത്തിൽ
അവിടിവടെയായി തെന്നിത്തെറിച്ച് നടന്നു.
ലോത്തിന്റെ പെണ്മക്കളെ പറ്റി
ഉൽപ്പത്തി പുസ്തകം പത്തൊമ്പതാം അദ്ധ്യായം
മുപ്പത് മുതൽ മുപ്പത്തി എട്ടുവരെ
വാക്യങ്ങൾ വായിക്കുമ്പോൾ
അച്ചൻ പുച്ഛത്തോടെ
അവളെ ഇടംകണ്ണിട്ട് നോക്കി.
അവൾ ഒരു കൂസലുമില്ലാതെ
അയാളുടെ നിര കയറിയ മുടിയിഴകളെ,
നേർത്ത ചുണ്ടിനെ,
സംസാരിക്കുമ്പോഴുള്ള ആർജ്ജവത്തെ
ഒക്കെ.. ഒക്കെ...
ആർത്തിയോടെ നോക്കിക്കൊണ്ടിരുന്നു.

വിശുദ്ധ അപ്പം സ്വീകരിക്കുമ്പോൾ
അവളദ്ദേഹത്തിന്റെ വിരലുകളിൽ
നേർത്ത് ചുംബിച്ചു.
മറുകയ്യിലെ കൊന്തയിൽ
അച്ചന്റെ കൈവെള്ള അമർന്ന്
രക്തം വാർന്നൊഴുകി.
ആ സംഭവത്തിന് ശേഷമാണ്
അദ്ദേഹം അവളെ
പള്ളിമേടയിലേക്ക് വിളിപ്പിക്കാൻ തീരുമാനിച്ചത്.
ആളൊഴിഞ്ഞ ഒരു വൈകുന്നേരം
അവൾ മുലകൾ
കഴിയാവുന്നത്ര മുന്നോട്ട് തള്ളി,
ഇടുപ്പിളക്കിക്കൊണ്ട്
അച്ചന്റെ മുന്നിലേക്ക് ചെന്നു.
അവളെ കണ്ടപാടെ അയാൾ
വിശുദ്ധ പുസ്തകം കയ്യിലെടുത്ത്
ഉപദേശം തുടങ്ങി.
സ്ത്രീയുടെ ചാരിത്രത്തെപ്പറ്റിയും,
വിശുദ്ധിയെ പറ്റിയും,
നരക ശിക്ഷയെ പറ്റിയും
അയാൾ വിശദീകരിച്ചു.
അവ്വാ മുതൽ ചരിത്രത്തിൽ ഇന്നുവരെ
സകല പെണ്ണുങ്ങളും ചെയ്ത പാപങ്ങൾ
എണ്ണി നിരത്തി.
‘അവളാകട്ടെ അലസമായി
മുടി ചീവിയും,
തൂവാലകൊണ്ട് മുഖം തുടച്ചും ഇരുന്നു.'

അവസാനം മേരി മഗ്ദലന കർത്താവിന്റെ
കാൽക്കൽ വീണു കരഞ്ഞത്
പറയാൻ തുടങ്ങിയതും;
കരയാണെന്ന വ്യാജേന
അവളദ്ദേഹത്തെ കടന്നു പിടിച്ചു..!
കുതറിയ അദ്ദേഹത്തെ
ളോഹ വലിച്ചു കീറി
കൂർത്ത വിരലുകൾ കൊണ്ടും,
തെറിച്ച മുലകൾ കൊണ്ടും,
തുടകളുടെ മിനുപ്പുകൊണ്ടും
ആക്രമിച്ചു.
അദ്ദേഹത്തിൽ പാപത്തിന്റെ വിത്ത്
ഉത്പാദിപ്പിക്കുകയും
അതവൾ തന്റെ ഉദരത്തിൽ
നട്ടുവയ്ക്കുകയും ചെയ്തു...!

രണ്ട്

വളൊരു അഞ്ചാം ക്ലാസുകാരി ആയിരുന്നു.
സെക്‌സിനോട് അവൾക്ക് കടുത്ത ഭ്രമമായിരുന്നു.
അങ്ങനെയാണ്
അവൾ എന്നും കാണാറുള്ള,
ചിരിക്കാറുള്ള,
മിഠായി വാങ്ങി കൊടുക്കാറുള്ള
ഒരു പാവം യുവാവിനെ
വലയിൽ വീഴ്ത്താൻ തീരുമാനിച്ചത്.
അയാളാവട്ടെ
ശുദ്ധൻ, നിഷ്‌ക്കളങ്കൻ
അവൾക്ക് വേണ്ടത്ര മിഠായി വാങ്ങിക്കൊടുക്കുകയും
അവളെ മടിയിൽ വച്ച് ലാളിക്കുകയും ചെയ്യും.

അവൾ അയാളുടെ
മടിയിൽ കയറി ഇരിക്കുമ്പോഴോ,
കുറ്റിത്താടിയിൽ മുഖമുരസുമ്പോഴോ,
ഉമ്മ വയ്ക്കുമ്പോഴോ
അയാൾക്കാ ചതി മനസിലായിരുന്നില്ല.

പക്ഷെ, ഒരിക്കൽ
അവൾ വീട്ടിൽ തനിച്ചായപ്പോൾ
അവളയാളെ അവളുടെ
വീട്ടിലേക്ക് ക്ഷണിച്ചു,
കിടപ്പുമുറിയിൽ നിറയെ
മിഠായികൾക്കും,
കളിക്കോപ്പുകൾക്കും,
പാവാക്കുട്ടികൾക്കും
ഇടയിൽവച്ച്
അവൾ
അയാളെ കടന്നു പിടിച്ചു..!
നാലാം നാൾ
വാഴത്തോട്ടത്തിൽ മണ്ണ് കൂട്ടാൻ പോയ
പണിക്കാരൻ രാമൻ
മണ്ണിനടിയിൽ ചത്തു ജീർണ്ണിച്ച്കാണും വരെ
അയാളെപ്പിന്നെ
മറ്റാരും കണ്ടിരുന്നില്ല...!

മൂന്ന്.

വർ കുടുംബങ്ങളുള്ള,
അമ്മയും പെങ്ങമ്മാരുമുള്ള
നല്ലവരായ പോലീസുകാരായിരുന്നു.
ഛത്തീസ്ഘഡിലെ അതിർത്തി ഗ്രാമങ്ങളിൽ
മാവോയിസ്റ്റുകളെ അടിച്ചമർത്താൻ
അവർ ക്രിയാത്മകമായി പണിയെടുത്തു.
കൊടും കാട്ടിൽ
രാവെന്നോ,
പകലെന്നോ വ്യത്യാസമില്ലാതെ
‘സകല മാവോയിസ്റ്റികളെയും'
അവർ വെടിവച്ചിട്ടു.

അപ്പോഴാണ്
ആ കൂത്തിച്ചി പെണ്ണുങ്ങൾ
അവരുടെ ശ്രദ്ധ തിരിക്കാനും,
തങ്ങളുടെ മാവോയിസ്റ്റുകളായ
കെട്ടിയവന്മാരെ
തന്ത്രപൂർവം രക്ഷിക്കാനും
പോലീസ് ക്യാമ്പുകളിലേക്ക്
എത്തിത്തുടങ്ങിയത്.
ചെന്നപാടെ അവർ
മുലക്കച്ച അഴിച്ചു.
കറുത്ത് തുടുത്ത മുലകൾ
പുറത്തെടുത്ത്
അശ്‌ളീല ചുവയുള്ള ചേഷ്ടകൾ കാണിച്ചു.
ചിലർ തങ്ങളുടെ മുലകളിൽ
പാലുണ്ടെന്ന്
വിരലുകൾ കൊണ്ട്
മുലഞെട്ടുകൾ പിഴിഞ്ഞു കാണിച്ചു.
‘തിരികെ പോകൂ...
നിങ്ങളുടെ കുട്ടികൾ വിശന്നിരിക്കുന്നു...,
ഞങ്ങൾ ഇതിലൊന്നും വീഴില്ല..'

ആ പാവം പൊലീസുകാർ
തളർന്ന സ്വരത്തിൽ ആക്രോശിച്ചു.
‘നിങ്ങളുടെ യോനിയിൽ ചുവന്ന മുളക് വിതറു'മെന്ന് ഭയപ്പെടുത്തി.
അപ്പോഴേക്കും
ആ ‘പൊലയാടി പെണ്ണുങ്ങൾ'
അവരുടെ ലിംഗങ്ങളിൽ
കടന്നു പിടിച്ചു.
കറുത്ത,
കടുത്ത,
ആ ആദിവാസി പെണ്ണുങ്ങളുടെ
അടിയിൽ കിടന്ന്
വെളുത്ത,
ഉന്നത കുലജാതരായ
അവർ നിസ്സഹായരായി നിലവിളിച്ചു.
മാവോയിസ്റ്റുകളായ
ആദിവാസി പെണ്ണുങ്ങൾ
ബലാത്സംഗം ചെയ്തു കൊന്ന
പോലീസുകാരുടെ പ്രേതങ്ങൾ
ഛത്തീസ്ഗഢിലെ കാടുകളിൽ
അലഞ്ഞു തിരിഞ്ഞു നടന്നു.▮

‘നീ നിന്റെ ധനവും യാത്രയ്ക്കുള്ള സഞ്ചിയും എടുക്കുക. അഥവാ നിനക്കൊരു വാൾ ഇല്ലെങ്കിൽ നിന്റെ വസ്ത്രങ്ങൾ വിറ്റ് നീ ഒരെണ്ണം വാങ്ങിച്ചുകൊള്ളുക..'
- ലൂക്ക് 22:36An old one but still relevant: ‘Laws are like cobwebs, which may catch small flies, but let wasps and hornets break through.' - Jonathan Swift.

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ജാലിഷ ഉസ്​മാൻ

കവി. സ്വീഡനിലെ ലുണ്ട്​ യൂണിവേഴ്​സിറ്റിയിൽ ഗവേഷക വിദ്യാർഥി.

Comments