ജിജിൻ തോമസ്​ സി.

വീടുകളുണ്ടോ മരിക്കുന്നു

ടർന്നു വീഴുന്ന ചുമരിലാണ്
ഞാനെന്റെ അച്ഛനെ
ഇക്കാലമത്രയും സൂക്ഷിച്ചത്.
അച്ഛനറിയാം വിള്ളലേറ്റ്
പൊളിഞ്ഞു വീഴാറായ നമ്മുടെ
വീടിനെക്കുറിച്ച്.

കാറ്റ് വരുമ്പോൾ മുറ്റത്തെ
പ്ലാവിലേക്ക് അമ്മ നോക്കിയിരിക്കും,
മഴവരുമ്പോൾ വീടിനു മുകളിലെ മാവിനെയും
വീട്ടിലെ ചിലന്തിവരെ നമ്മളെ
നോക്കാറുണ്ട് ഞങ്ങൾ തിരിച്ചും.
ഉത്തരം താങ്ങുന്ന പല്ലിക്ക്
അറിയില്ലലോ ഈ നനവിന്റെ
വേദനയെക്കുറിച്ച്.

ചായ്​പിൽ വന്നെത്തിനോക്കുന്ന
എലിക്ക് അറിയില്ലല്ലോ, കരണ്ടുപോയ
കിനാവുകളെക്കുറിച്ച് ഓരോ
വറ്റിനെയുംകുറിച്ച്.
പാറ്റയും പ്രാണിയും നിഴലാകുമ്പോൾ അമ്മ
ഓർക്കും ചേട്ടനെക്കുറിച്ച്
ശ്വാസം കിട്ടാതെ മരിച്ച കുഞ്ഞിനെയും.

പുറത്തിറങ്ങിയാൽ കാലിന്മേൽ കാൽ
കയറ്റിവെച്ചിരിക്കാൻ മടിയായിരുന്നു പാദത്തിൽ വിണ്ടുകീറി തഴമ്പിച്ച
അച്ഛനെ ഓർമ്മവരും.
മഞ്ഞൾനിറമുള്ള നഖത്തിൽ
ഇടക്ക് അമ്മ ഉപ്പുനീരിറ്റാറുണ്ട്
വെന്തുപോയ വിരലുകളിൽ
അറ്റുപോയ നഖത്തിന്റെ
പാടുണ്ട്.

ഇപ്പോഴും വിടവിലൂടെ അച്ഛൻ
മുകളിലേക്ക് നോക്കാറുണ്ട്
എല്ലാം പൊള്ളയായ കളവാണെന്നും
പറഞ്ഞു പഠിപ്പിക്കുന്നുണ്ട്
നിലവിളക്കിലെ തിരി
അമ്മയപ്പോൾ താഴ്ത്തിവെക്കും.
അച്ഛനപ്പോഴും പറയും

വേണ്ട...
ഈ വീടിനൊരു വെളിച്ചമെങ്കിലുമല്ലേയെന്ന്.

ഞാനെപ്പോഴും അച്ഛന്റെ ഇടത്
വശത്തു കിടക്കും
വലതുവശം ചേട്ടനൊഴിഞ്ഞുവെക്കും
അമ്മയപ്പോഴും തലയിൽ തടവും.
പിറ്റേദിവസം രാവിലെ അമ്മയുടെ
കൈയ്ക്ക് തണുപ്പാണ്.
പാറ്റയും പ്രാണിയും വിളക്കും
ഓരോ വറ്റുകളും നമ്മോടൊപ്പം
അമ്മയെക്കുറിച്ച് പറയാറുണ്ട്.

മുറ്റം നിറയെ ചുമരിലും കാടാണ്
ഒരിക്കലൊരു മഴപെയ്തു
നിറയെ ചക്കകൾ മുറ്റത്ത്
സഞ്ചിയിലെ കുമ്പിൾപൊട്ടി
പഞ്ചസാര തരികൾ മുഴുവൻ
നിലത്താണ്.
പ്ലാവിൻകൊമ്പിലെ നീറ്
കടിച്ചപ്പോഴാണ് പാതിപോയ
വീട്ടിലേക്ക് കയറി ചെന്നത്.
ചുമരിലേക്ക് അച്ഛൻ നോക്കുന്നുണ്ട്.
പിന്നീട് ഇക്കാലമത്രയും
ഞാനും ചുമരിലേക്ക് നോക്കും.
വിളളലിലേറ്റ മുറിവുകൾ
പിന്നെയും ബാക്കിയാവുകയാണ്.

Comments