കരുണാകരൻ

നൈസാമലി

കോട്ടമൈതാനിയിൽ കുതിരപ്പുറത്ത്
പരമമായ ഓർമ്മയോടെ ജീവിതം മോഹിച്ച
ജിന്നിനൊപ്പം വന്നതായിരുന്നു

മൈതാനിയിൽ കുതിരപ്പുറത്ത്
സുൽത്താനെ പോലെയിരുന്ന ആളെ കണ്ട്
നൈസാമലി എഴുന്നേറ്റു നിന്നു.

മഞ്ഞിലലിയാൻ തുടങ്ങുന്ന രാത്രിയിൽ
ഭ്രാന്ത് പോലെ തെളിഞ്ഞു കിട്ടിയ നിലാവിൽ
താൻ കണ്ട കാഴ്ച്ച നോക്കി നൈസാമലി കൈ കൂപ്പി:
എനക്ക് പുരിയാവിലൈ.

മൈതാനത്തെ പൂഴിപ്പരപ്പിലെ
ചെറുകുന്നിലിരിക്കുകയായിരുന്നു,
ചെറുചുഴലി

അതേ കാഴ്ച്ചയെ അതേ ഭാഷയെ
അവൾ ഊതി പെരുപ്പിച്ചു
മാനത്തെയ്ക്ക് പറത്തി,
കളിക്കാൻ തുടങ്ങി..

നിലാവിൽ കത്തിയായി തിളങ്ങുന്ന ഒലികൾ
മണ്ണിലേക്ക് വീഴുന്ന കൊള്ളിമീനുകൾ
നൈസാമലി തുടരെ തുടരെ അത്ഭുതപ്പെട്ടു.
തുണയായി നിന്ന ജിന്ന് അത്ഭുതപ്പെട്ടു.

എന്തുകൊണ്ട് ഈ നേരം
തിങ്ങിനിറഞ്ഞ ഈ ഞൊടിയിടകൾ...

കുതിര പക്ഷെ പതുക്കെ,
വളരെ പതുക്കെ
മൈതാനം വിഴുങ്ങുകയായിരുന്നു.

ഉറക്കം
തുള്ളി തുള്ളിയായി പെരുകുന്ന
അതിന്റ കണ്ണുകളിൽ
അത്രയും സ്ഥലം
ഒച്ചയില്ലാത്ത
പെരുക്കമായി
മുറുകുകയായിരുന്നു .

അത് ചന്ദ്രനെ നോക്കി അലറി...

യുദ്ധത്തിലെന്ന പോലെ.
യുദ്ധത്തിനെന്ന പോലെ.

പിന്നെയും വൈകിയാണ് ആ രാത്രിയും തീരുന്നത്.
എന്തോ കേട്ട് എന്തോ ഒന്നിനു പിറകേ പറന്ന കാക്ക
​ആ പുലർച്ചയും ഉണ്ടായിരുന്നതുകൊണ്ടു മാത്രം.

എന്തോ കണ്ട് എന്തോ കൂവി വിളിച്ച കോഴി
ആ പുലർച്ചയും ഉണ്ടായിരുന്നതുകൊണ്ടു മാത്രം.
ആ രാത്രിയെയും തുരത്തിയതുകൊണ്ടു മാത്രം.
അല്ലെങ്കിൽ, പാവം ചെറുച്ചുഴലി പോലെ
കുതിരയുടെ അതേ വയറ്റിൽ മൈതാനത്തിനുമൊപ്പം
നൈസാമാലിയും ഇപ്പോൾ കിടക്കുകയാവും:
​ഒട്ടുമേ തിരിയാത്ത ദുർമരണം പോലെ. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments