യേശുവിനോളം പ്രായമുള്ള ഒരാൾ
കാമുകനായി ഉണ്ടായിരുന്നുവെന്ന്, എന്റെ
ആദ്യത്തെ കാമുകി വിശ്വസിച്ചിരുന്നു:
യേശുവിന്റെ അതേ പ്രായത്തിൽ അവൻ ജീവിച്ചു
യേശുവിന്റെ അതേ പ്രായത്തിൽ അവൻ മരിച്ചു.
തിരക്കുള്ളൊരു ബസ് സ്റ്റേഷനിൽ
തന്നെക്കുറിച്ചു മാത്രമോർത്ത്
സങ്കടപ്പെട്ട ദിവസമാണ്, എന്റെ ആദ്യത്തെ കാമുകി
യേശുവിനോളം പ്രായമുള്ള അവളുടെ
കാമുകനെ കണ്ടുമുട്ടിയത്.
മഴ പെയ്യുമെന്ന് തോന്നിയ പകൽ, മാനത്ത്
ദേവതകളുടെ രൂപക്കൂടുകളായ് മേഘങ്ങൾ
മാറിയ നേരം
പക്ഷെ, അവളെ വന്നു മുട്ടിയ ഏതോ സുഗന്ധത്തിനൊപ്പം
അതേ പകലിനൊടുവിൽ, എന്റെ ആദ്യത്തെ കാമുകി
വിരഹിണിയെപ്പോലെയുമായി.
എനിക്കവളുടെ കാമുകനെ കാണാൻ തോന്നി.
പള്ളികളിൽ, നിരത്തുകളിൽ, ചിലപ്പോൾ
പട്ടണത്തിലെ വറ്റിയ നീന്തൽക്കുളത്തിന്റെ
പൂപ്പൽ പിടിച്ച പടികളിൽ, ചിലപ്പോൾ
നിഴൽച്ചാർത്തുകളിൽ
അവളുടെ കാമുകനെ കണ്ടുമുട്ടിയതായി
ഞാൻ അവളോട് നുണ പറഞ്ഞു:
‘‘തീർച്ചയായും അവന് യേശുവിന്റെ അതേ പ്രായമാണ്
യേശുവിന്റെ അതേ പ്രായത്തിൽ അവൻ
ജീവിക്കുകയോ മരിക്കുകയോ ഉണ്ടായിട്ടുണ്ട്.’’
എന്റെ നുണകൾ എന്റെതന്നെ ആൾക്കൂട്ടമായി
പിന്നെയും എന്നെ കേട്ടു നിന്നു...
‘‘നമ്മൾ വിചാരിക്കുന്നതെന്തോ അതാണ് നമ്മൾ''
എന്റെ ആദ്യത്തെ കാമുകി എന്നോട് പറഞ്ഞു:
‘‘അതിനാൽ എനിക്കെന്റെ കാമുകന്റെ
നീന്തൽക്കുളമാകാനും കഴിയുന്നു.''
ഇത്രയും നിങ്ങൾ വിശ്വസിച്ചുവെങ്കിൽ
ഇനി ഞാൻ പറയുന്നതുകൂടി വിശ്വസിക്കുക:
ഇന്ന്, അവളോടൊപ്പം ഞങ്ങളുടെ ഗ്രാമത്തിലെ
ഏറ്റവും ഉയരമുള്ള കുന്ന് കയറുമ്പോൾ
ഏറ്റവും താഴത്തെ പടിയിലും
ഏറ്റവും മുകളിലത്തെ പടിയിലും
അവൾക്കൊപ്പം കിതപ്പാറ്റാൻ നിൽക്കുമ്പോൾ
എനിക്കു വീണ്ടും അവളുടെ കാമുകനാവാൻ തോന്നി.
മഴ പെയ്യുമെന്ന് തോന്നിയ പകൽ, മാനത്ത്
ദേവതകളുടെ രൂപക്കൂടുകളായ് മേഘങ്ങൾ
മാറിയ നേരം, എനിക്ക് യേശുവിന്റെ പ്രായമായിരുന്നില്ല,
എങ്കിലും, ഇന്ന് ഞാനും അവളുടെ കൈ പിടിച്ചു
അവളെ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞു.
എല്ലാം അവളുടെ കാമുകനെപ്പോലെ തന്നെ...
▮