കിശ്വർ നഹീദ്

ഈ പുല്ല് തീർച്ചയായും എന്നെപ്പോലെയാണ്

പുല്ല് എന്നെ പോലെയാണ്
വളരാൻ അതിന് കാലടികൾക്കടിയിൽ മൂരിനിവരണം.
പക്ഷെ നനഞ്ഞു കാണുന്നതെന്ത്
തിളയ്ക്കുന്ന അപമാനബോധമോ
വികാരമൂർച്ഛയോ?

ഈ പുല്ലും എന്നെ പോലെ തന്നെ.
തല പൊക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഒതുക്കി പതുപതുത്തതാക്കാൻ കൊതിക്കുന്ന പുല്ലുവെട്ടു യന്ത്രം അതിനെ വെട്ടി നിരത്തുന്നു

ഇങ്ങനെയാണെല്ലോ നിങ്ങൾ സ്ത്രീകളെയും ഒതുക്കാൻ കഷ്ടപ്പെട്ട് പരിശ്രമിക്കുന്നത്

പക്ഷെ മണ്ണിന്റെയോ പെണ്ണിന്റെയോ
ജീവന്റെ തുടിപ്പിനുള്ള ത്വര നശിക്കുന്നില്ലല്ലോ
എന്റെ ഉപദേശം കേൾക്കൂ : നടപ്പുവഴി വെട്ടാനുള്ള ചിന്ത നല്ലത് തന്നെ.

ധീരതക്കേറ്റ തോൽവി താങ്ങാനാവാതെ ചിലർ മണ്ണിൽ ഒട്ടിചേരുന്നു.
അങ്ങനെ അവർ ശക്തർക്ക് വഴിയൊരുക്കുന്നു
അവർ പുല്ലല്ല, വെറും വൈക്കോൽ,
പുല്ല് എന്നെ പോലെയാണ്.

ആ പെണ്ണ് ഞാനല്ല

പെണ്ണ് ഞാനല്ല
നിങ്ങൾക്ക് കാലുറയും പാദുകവും വിൽക്കുന്നവൾ
ഓർമ്മയുണ്ടോ, നിങ്ങൾ കൽഭിത്തിക്കുള്ളിൽ ഒളിപ്പിച്ചവളാണ് ഞാൻ, നിങ്ങൾ ഇളം തെന്നൽ കണക്ക് സ്വതന്ത്രമായി കറങ്ങി നടന്നപ്പോൾ, കല്ലുഭിത്തികൾക്ക് എന്റെ ശബ്ദത്തെ ഒതുക്കാൻ കഴിയില്ലെന്നറിയാതെ.

ഉടച്ചു കളഞ്ഞു നിങ്ങളെന്നെ, മാമൂലുകളുടെ ഭാരത്താൽ
നിങ്ങൾ അറിയുന്നില്ലല്ലോ
ഇരുട്ടിനു വെളിച്ചത്തെ ഒളിപ്പിക്കാനാവില്ലെന്ന്

ഓർമിക്കൂ, എന്റെ മടിത്തട്ടിലാണ് നിങ്ങൾ പൂക്കളിറുത്തതും
മുള്ളും കനലും പാകിയതും
ചങ്ങലകൾക്ക് എന്റെ സുഗന്ധത്തെ അടക്കാനാവില്ലെന്നറിയാതെ

ഞാൻ അവളാണ്
നിങ്ങൾ ചാരിത്ര്യത്തിന്റെ പേരിൽ ക്രയവിക്രയം ചെയ്തവൾ
അറിയുന്നില്ല നിങ്ങൾ
മുങ്ങിപ്പോകുമ്പോൾ പോലും വെള്ളത്തിനു മീതെ എനിക്ക് നടക്കാൻ കഴിയുമെന്ന്

നിങ്ങൾ ഭാരം ഒഴിപ്പിക്കാനായിവിവാഹം ചെയ്തയച്ചവൾ ഞാൻ
അടിമത്ത മനസ്സുകളുടെ രാഷ്ട്രം
ഒരിക്കലും സ്വതന്ത്രമല്ല എന്നറിയാതെ

നിങ്ങൾ വില്പനക്ക് വച്ച ചരക്കാണ് ഞാൻ,
എന്റെ ചാരിത്ര്യം, എന്റെ മാതൃത്വം,എന്റെ വിശ്വസ്തത.
ഇനി എനിക്ക് പൂത്തുലയാനുള്ള സമയമായിരിക്കുന്നു
ആ പരസ്യത്തിലെ പെണ്ണ് ഞാനല്ല, അർദ്ധനഗ്‌ന, കാലുറയും പാദുകവും വിൽക്കുന്നവൾ
അല്ലല്ല, ഞാൻ അവളല്ല


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കിശ്വർ നഹീദ്​

പാക്കിസ്​ഥാൻകാരിയായ ഉറുദു കവി. ഫെമിനിസ്​റ്റ്​ എഴുത്തുകാരിയായി അറിയപ്പെടുന്നു. ഇന്ത്യയിലെ ബുലന്ദ്​ഷഹ്​റിൽ ജനിച്ച അവർ വിഭജനത്തിനുശേഷം പാക്കിസ്​ഥാനിലെ ലാഹോറിലേക്കു പോയി. വിഭജനത്തിന്റെ കൊടുംക്രൂരതകൾക്ക്​ സാക്ഷിയായിരുന്നു. കവിതാ സമാഹാരങ്ങൾക്കുപുറമേ കുട്ടികൾക്കുള്ള പുസ്​തകങ്ങളും എഴുതിയിട്ടുണ്ട്​.

ഡോ.ജ്യോതിമോൾ പി.

കോട്ടയം ബസേലിയസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. രണ്ടു ഭാഷകളിലും വിവർത്തനം ചെയ്യാറുണ്ട്.

Comments