അഞ്ഞൂറ്,
പോരെങ്കിൽ അമ്പത് കൂട്ടാം.
എഴുന്നൂറുകാരുണ്ട്, എണ്ണൂറുകാരുണ്ട്.
ആയിരത്തിൽ ഉറപ്പിച്ച പോലെയാണ് മാരുതിക്കാരൻ.
(മുല്ല ചൂടിയവരെ കണ്ടാൽ ഹെഡ്ലൈറ്റ് കേടാവുന്ന തരം മാരുതി).
ഒരു രാത്രി,
പകലും കൂടി വേണ്ടവരുണ്ട്.
നൂറു വെച്ച് അരമണിക്കൂറിന് യാചിക്കുന്ന
കീറിയ കീശക്കാരുണ്ട്.
കണ്ടാൽ ചിരി വരും.
മുറിയെടുത്തവരുണ്ട്.
വിരുന്നിനു പോയ ഭാര്യ
അവധി പറഞ്ഞ
വീട്ടിൽ.
നഗരത്തിലെ ബംഗാളിവത്കരിച്ച
ലോഡ്ജിന്റെ
ഭാഷയറിയാത്ത
ചുമരുകൾക്കുള്ളിൽ.
പണി കഴിയാത്ത കെട്ടിടത്തിന്റെ
അനാഥമായ ഇരുട്ടിലേക്ക് ചൂണ്ടുന്ന
വീടിറക്കപ്പെട്ടോരുണ്ട്.
വെളിച്ചം കേറാത്ത
കണ്ണുകളാണെല്ലാർക്കും.
‘‘ചേട്ടാ...നാളെയും
എനിക്കീ വേഷം മതി,
നാടകത്തിൽ
ചുരിദാറും കമ്മലും ഒരു മുഴം മുല്ലയും ചൂടി ആളെ വശികരിക്കുന്ന കൊച്ചമ്മയുടെ
വേഷം
എനിക്കേ ചേരൂ''
എന്ന മംഗ്ലീഷ് മെസ്സേജ് അയക്കപ്പെടുമ്പോഴും
കാശു തികയ്ക്കാൻ
അവസാന വണ്ടിക്കാരോട്
ഇരക്കുന്നവരുണ്ട് സ്റ്റാന്റിൽ.
പിന്നിൽ ഇരുന്നുരസിയാലും
മതിയെന്ന ഡിമാന്റിൽ
കവല വരെ ചേർന്നിരുന്നതിനു കിട്ടിയ
നാനൂറ്റമ്പതും എണ്ണി,
ഒരു വിൽസിൽ
ഇടവഴിയിലെ രാത്രിയൊന്നാകെ
തീവെച്ച്,
‘കണ്ണുകാണാത്തവർ'
എന്ന നീണ്ട നാടകത്തിലെ
വത്സക്കൊച്ചമ്മയുടെ വേഷം
അജയൻ
ഊരിയൂരി നടന്നു.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.