കുഴൂർ വിൽസൺ

​നീയില്ലാത്ത തീവണ്ടികൾ

​(മനു മാധവന് ​)

ജൂണി എന്ന പന്ത്രണ്ടുവയസ്സുകാരി മുറ്റത്തോടിക്കളിക്കുന്നു
നീയില്ലാത്ത തീവണ്ടികൾ കടന്നുപോകുന്നു എന്ന പാട്ടും പാടിക്കൊണ്ട്

ജൂണിയാരോടും കളവുപറയാറില്ല എന്ന പാട്ട് പാടാൻ ജൂണി ജൂണിയോടുതന്നെ കൊഞ്ചിക്കൊണ്ടിരിക്കെ
മുറ്റത്തുമല്ലാതെയും മഴക്കുഞ്ഞൻ വരുന്നു

വണ്ടി കഴുകിയോ പപ്പായെന്ന പാട്ട് ടിക്​ടോക്കിൽ ചിലയ്ക്കുന്നു

നീയില്ലാത്ത തീവണ്ടികൾ കടന്നുപോകുന്നു എന്ന പാട്ട് മഴക്കുഞ്ഞനും പാടുന്നു
ജൂണിയും മഴക്കുഞ്ഞുങ്ങളുമതേറ്റു പാടുന്നു

നീയില്ലാത്ത തീവണ്ടികൾ കടന്നുപോകുന്നു
നീയില്ലാത്ത തീവണ്ടികൾ കടന്നുപോകുന്നു
തീയില്ലാത്ത തീവണ്ടികളെന്ന് തെറ്റുന്നു

നീയില്ലാത്ത തീവണ്ടികൾ
തീയില്ലാത്ത വണ്ടികൾ

അതിർത്തിയിലോടും
മരവിച്ച
ബോഗികൾ▮

(മനു മാധവൻ- കവിയായിരുന്നു, ഇന്ത്യൻ റെയിൽവേയിൽ ടി.ടി.ആർ ആയിരുന്നു).


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കുഴൂർ വിത്സൺ

കവി, മാധ്യമപ്രവർത്തകൻ. കവിതകൾ തമിഴ്​, കന്നട, ഹിന്ദി, ഇംഗ്ലീഷ്​, അറബിക്​, ജർമൻ, സ്​പാനിഷ്​ ഭാഷകളിലേക്ക്​ വിവർത്തനം ചെയ്​തിട്ടുണ്ട്​. ഉറക്കം ഒരു കന്യാസ്​ത്രീ, വിവർത്തനത്തിന്​ ഒരു വിഫലശ്രമം, കുഴൂർ വിത്സന്റെ കവിതകൾ, വയലറ്റിനുള്ള കത്തുകൾ, തോറ്റവർക്കുള്ള പാട്ടുകുർബാന, ഇന്ന്​ ഞാൻ നാളെ നീയാൻറപ്പൻ, മിഖായേൽതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments