ലയ ചന്ദ്രലേഖ

തൊണ്ടയിലൊരു
വറ്റ് കുടുങ്ങിയാണ്
അയാൾ
ചത്തുപോകുന്നത്!
ആ വറ്റെവിടന്നു
വന്നെന്നു മാത്രം
ആർക്കുമറിയില്ല!

അയാൾക്കൊരു പുരയുണ്ടായിരുന്നില്ല
പുരയില്ലാത്തകൊണ്ട് അടുപ്പുമില്ല
ആരാന്റെ അടുക്കളയിൽ നിന്ന്
ഒരുമണിയരിപോലും
കളവു പോയിട്ടില്ല!
നാട്ടിൻപുറത്തെ
ഒരേയൊരു ഭക്ഷണശാലയിലേക്ക്
അബദ്ധത്തിൽപ്പോലും
ആരുമയാളെ വിളിച്ചിരുത്തിയിട്ടില്ല!
കുപ്പയിലേക്ക് നീട്ടിയെറിഞ്ഞ
ഇലക്കീറുകളിൽ നിന്ന്
ഒരുമണി വറ്റുപോലും
പട്ടികളും കൊടുത്തിട്ടില്ല!

പിന്നെയുമെങ്ങനെയാണ്
അയാൾ
ചത്തുപോയത്!?
ഒട്ടിയ കുടലിലേക്ക്
ഒരുരുള
ചോറു നൽകിക്കൊണ്ട്
ആരാണയാളെ
ഇങ്ങനെ കൊന്നുകളഞ്ഞത്?!
ഞാനല്ല
പറയൂ..
നിങ്ങളാണോ അത്?
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments