ലീല സോളമൻ

വടക്കു പടിഞ്ഞാറൻ കാറ്റ്

ണ്ണാടി ജാലകത്തിനപ്പുറത്തു കാറ്റ്,
വടക്കു പടിഞ്ഞാറൻകാറ്റ്.

കാണാപ്പുറത്തു മറഞ്ഞിരിക്കുന്ന
കടലിൽ നിന്നു പൊങ്ങി,
കടൽ കാറ്റായി,
പതിനാറാംനിലയിലെത്തി
എന്നെ വട്ടം ചുറ്റിപ്പിടിച്ചു കാറ്റ്.
എന്റെ മേലങ്കികൾ ചുഴറ്റി,
എന്നിലൂടെ വീശുന്നു,
എന്നുള്ളിലൂടെ കടന്നു പോകുന്നു.

കണ്ണാടി ജാലകത്തിനിപ്പുറത്തു
പതിനാറാം നിലയിൽ ഞാൻ...

പാകമാകാത്ത ഉടയാടകൾ ചുറ്റി,
ഒരു പാളി വാതിൽ അടച്ചു വച്ച്
മറുപാളി വാതിൽ മെല്ലെ തുറന്ന്
സ്പടിക്കകുപ്പിയിലെ മീൻ
ശ്വസിക്കുന്നപോലെ
കാറ്റിനെ ശ്വസിക്കുന്നു,
പിടയുന്ന ഉള്ളു തണുപ്പിക്കുന്നു,
ഉപ്പു കാറ്റേറ്റു ക്ഷതങ്ങൾ ഉണങ്ങുന്നു.

ജാരനായി മാറുന്ന കാറ്റ്,
ഉള്ളിലേക്ക് കടക്കുന്നു,
ഞാൻ പോലുമറിയാതെ,
എന്നിൽ നിന്ന് ആടകൾ
ഓരോന്നായി ഊരി വീഴുന്നു,
പടിഞ്ഞാറ്റെ വാതിലിലൂടെ
അവ പറന്നു പോകുന്നു,

ഉടലുലയുന്നു,
ഋതുക്കൾ വഴി മറക്കുന്നു
അവശേഷിച്ച മഴയും
കണ്ണുകളിലൂടെ പെയ്തിറങ്ങുന്നു,
ഞങ്ങൾ ഒന്നാകുന്നു.

ഒടുവിൽ,
കാറ്റ് ഞാനായി മാറുന്നു,
എന്റെ കുപ്പായമണിഞ്ഞു,
പതിനാറാം നിലയിലെ
ചുമരുകൾക്കുള്ളിൽ
ഞാനായി ചുറ്റി നടക്കുന്നു.

ഞാൻ കാറ്റായി മാറുന്നു,
പതിനാറാം നില വിടുന്നു,
കാണാപ്പുറത്തുള്ള കടലിലേക്ക്
വീശുന്നു, കരക്കാറ്റായി.

അപ്പോൾ ഉണ്ടായിരുന്നില്ല
ക്ഷതങ്ങൾ എന്നുള്ളിൽ,
ഉണ്ടായിരുന്നില്ല, എന്നുടലിൽ
പാകമാകാത്ത മേലങ്കികൾ.

ഞാൻ, ഞാൻ മാത്രമായിരുന്നു.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ലീല സോളമൻ

എഴുത്തുകാരി. മാധ്യമപ്രവർത്തക. എക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയുടെ അസിസ്റ്ററ്റന്റ് എഡിറ്റർ ആയിരുന്നു.

Comments