എം. പ്രകാശൻ

ഇമേജുകളില്ലാത്ത ക്യാൻവാസ്

(കെ. പ്രഭാകരന്)

ർട്ട് ഗാലറിയിൽ
ആറേ നാല് ക്യാൻവാസിലെ പെയിൻറിങ്ങിൽ നിന്ന് ചുവപ്പുകലർന്ന
നീലനിറത്തിലുള്ള
ഒരു കിളി
കഷ്ണം പച്ചക്കാട് കൊത്തിക്കൊണ്ട്
മൊട്ടക്കുന്നിലേയ്ക്ക് പറന്നു.

മഞ്ഞകലർന്ന
തവിട്ടുനിറത്തിലുള്ള
ഒരു വരാൽ
ചൂണ്ടക്കാരനെ പറ്റിച്ച്
ഇരയെ തന്ത്രത്തിൽ അകത്താക്കി
ജലനിരപ്പിൽ വാലിട്ടടിച്ച്
ആഴങ്ങളിലേക്ക്​ ഊളിയിട്ടു.

ഉണങ്ങിയ മരത്തിൽ നിന്ന്
ഓറഞ്ചുനിറത്തിന്റെ രുചിയും
മധുരഗന്ധവും ഉരുകിയൊലിച്ച്
ഓടയിലെത്തുന്നു.

കടുകെണ്ണയുടെ മണവും
ബീഡിയുടെ പുകയുമായി
ബംഗാളികൾ നീലജീൻസും, ചുവന്ന ടീഷർട്ടുമണിഞ്ഞ്
ഉറുമ്പുകളെപ്പോലെ
വരിവരിയായ് തെരുവിലേക്കിറങ്ങുന്നു

തട്ടത്തിൽ ഭയമൊളിപ്പിച്ച പെൺകുട്ടിയും, മുഖത്ത് രക്തം പുരണ്ട
ദലിത് പെൺകുട്ടിയും
അനന്തതയിലേയ്ക്ക് ഓടിപ്പോകുന്നു

അഭയാർത്ഥികളുടെ
വിണ്ടുകീറിയ പാദങ്ങൾ
തേഞ്ഞ്
മഞ്ഞരക്തമൊഴുകി
ഗോതമ്പ് പാടം നിറയുമ്പോൾ
ബാവുൾ ഗായകർ
നിർത്താതെ പാടുന്നു.

ഒരാണാധികാരം
ബിഗോണിയ പിങ്ക് നിറത്തിലുള്ള പുരുഷത്വം കൊഴിഞ്ഞ്
പെണ്ണെഴുത്തിന്റെ കവിതയായ് മാറി

ഒടുവിൽ ജീവിതത്തെ വരയ്ക്കാൻ ശ്രമിച്ചവന്റെ ക്യാൻവാസ് ശൂന്യമാകുന്നു.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം

Comments