മധു ബി.

ഇരുട്ട് കവിത വാർക്കുന്ന വിധം

ഴ വെയിലിനെ കീറിമുറിക്കുന്ന വൈകുന്നേരത്ത്
അടുപ്പിനരികിൽ കുന്തിച്ചിരുന്ന്
ഇരുട്ടൊരു കവിത തിളപ്പിക്കുന്നു.

വാക്കുകൾ വെന്തോയെന്നിടക്കിടെ
കോരിയെടുത്തു നോക്കുന്നതിന്നിടെ
കളി മതിയാക്കി മടങ്ങിയെത്തിയ കുട്ടികളോട്
നിലത്തു ചളി പരത്തിയതിന് തൊള്ളയിടുന്നു.

വിളമ്പി വെയ്ക്കുമ്പോൾ
മറ്റവന്റെ പാത്രത്തിലൊളിഞ്ഞുനോക്കിയതിന്
കണ്ണുരുട്ടുന്നു.

പുറത്ത് മരക്കൊമ്പിൽ ചിറകൊതുക്കിയ പകൽ,
മോറിക്കമിഴ്ത്തിയ പാത്രത്തിൽ
പറ്റിപ്പിടിച്ച ചീരയില തിന്നാൻ
അടുക്കളയിലേക്ക് ചോന്ന വിരൽ നീട്ടുന്നു.

കാറ്റ് ഇലകളിൽ താളമിട്ട് പടർത്തുന്ന പാട്ടിൽ
കുട്ടികൾ രാവി രാവി പഠിക്കുന്ന പെരുക്കപ്പട്ടികയുടെ
മൂളൽ അലിഞ്ഞു തീരുന്നു.

പുറത്തിടി വെട്ടുന്നതു കേട്ട് ഞെട്ടുന്ന കുഞ്ഞുങ്ങൾ
ഇരുട്ടിനെ കെട്ടിപ്പിടിക്കുന്ന കുടുംബചിത്രം
മാനം മിന്നലാൽ പകർത്തുന്നു.

മുഷിഞ്ഞു വന്നു കേറുന്ന രാത്രി
കുളിമുറിയുടെ വാതിൽ വലിച്ചടയ്ക്കുന്നു.

ശേഷം

ആകാശത്തു നിവർത്തിയിട്ട പായയിൽ
ഈത്താലൊലിപ്പിച്ചുറങ്ങുന്ന രാത്രി,
കൂർക്കംവലി കേട്ട് കിടക്കുന്ന ഇരുട്ട്,
ഓവുചാലിലൂടൊഴുകിപ്പോകുന്ന ഈ കവിത.
​▮


മധു ബി.

കവി. മൈസൂർ റീജ്യനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ എഡ്യുക്കേഷനിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ഗണിതവുമായി ബന്ധപ്പെട്ട പുസ്​തകങ്ങൾ എഴുതുകയും വിവർത്തനം ​ചെയ്യുകയും ചെയ്​തിട്ടുണ്ട്​.

Comments