മധു ബി.

രഹസ്യം

ടുക്കളയിലെ
സിങ്കിൽ വീണ പല്ലിയെപ്പോലെ
നശിച്ച ചിന്തയുമായാണ്
ചില ദിവസങ്ങൾ
പുലരുന്നത്.

ഇന്നലെ വൈകിട്ട്
വീട്ടിൽ കൊണ്ടുവന്നു വിട്ട
കൂട്ടുകാരന്റെ
മരണ വാർത്ത
പത്രത്തിൽ തിരയും.

കോളേജിലേക്കിറങ്ങുന്ന
അനിയത്തി
വൈകീട്ട് തിരിച്ചെത്തില്ലെന്ന
വിചാരം പുകയും.

അമ്മയുടെ ഒക്കത്തിരുന്ന്
എന്നെ നോക്കി
ചിരിക്കുന്ന
കുറുമ്പന്റെ
കൈ നീളുന്നത്
പറമ്പിന്റെയറ്റത്തെ
ആൾ മറയില്ലാത്ത
കിണറിന്റെ
നേരെയാണെന്നൊരു
തോന്നൽ ഉറയും.

ഭാര്യയ്ക്കുള്ള
കഞ്ഞിയുമായി
ആശുപത്രിയിലേക്കിറങ്ങുന്ന
അയൽക്കാരനെ
കണ്ണിൽ നിന്നും
മായ്‌ച്ചൊരു
ആംബുലൻസിന്റെ
ഒച്ച നിറയും

എല്ലാമിതു പോൽ
നടന്നിരുന്നെങ്കിൽ
എന്നൊരാഹ്ലാദത്തിന്റെ
ഈച്ചച്ചിറകടി ഒപ്പം പറക്കും.

പിടിവിടാതിരിക്കലിലാണെന്റെ
പരസ്യ ജീവിതമെന്ന്
തിരിച്ചറിയുമ്പോഴുമീ
പല്ലി വിചാരം
പുറത്തു പോവുന്നില്ല.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മധു ബി.

കവി. മൈസൂർ റീജ്യനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ എഡ്യുക്കേഷനിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ഗണിതവുമായി ബന്ധപ്പെട്ട പുസ്​തകങ്ങൾ എഴുതുകയും വിവർത്തനം ​ചെയ്യുകയും ചെയ്​തിട്ടുണ്ട്​.

Comments