മധു ബി.

ഞാൻ മരിച്ചു കഴിഞ്ഞാൽ
​നീയെന്നെ എന്തു ചെയ്യും?

രുകിയൊലിക്കുന്ന പകലുറക്കങ്ങളിൽ നിന്ന് വലിച്ച് പുറത്തിടുന്ന ചോദ്യങ്ങൾ.
ഇപ്പോൾ പുറത്ത് വെയിൽ മരങ്ങളുടെ മുകളിൽ ചായമടിച്ച് രസിക്കുകയാവും.
പലതരം പച്ചകളുടെ മേൽ കറുപ്പും വെളുപ്പും മാത്രം വീഴുന്ന ഈ കളി
ഞങ്ങൾക്ക് വേണ്ടെന്ന് ഇലകൾ തലയാട്ടിക്കരയുന്ന
ഒച്ചയെനിക്ക് കേൾക്കാം.

വെയിലെന്നെ കുരുടനാക്കി മാറ്റിയിരിക്കുന്നു.

തെരുവ് മുറിച്ചു കടത്താൻ എന്റെ കൈയ്യിൽ മുറുകെപ്പിടിക്കുമ്പോൾ
നിന്റെ വാസന പൊന്തക്കാട്ടിൻ തണുപ്പിലെന്നെ ഒളിച്ചിരുത്തുന്നു.
അലക്കുസോപ്പിന്റേയും മുഷിഞ്ഞ പെണ്ണുങ്ങളുടേയും ഇടയിൽനിന്ന്
നിന്നെ വേറിട്ടു മണത്തുവോ എന്നാലോചിച്ചെടുക്കും മുമ്പേ
തലയിലൊരു നട്ടുച്ചയെ നട്ടുതന്ന്
നീയന്നെ വഴിയരികിൽ നിർത്തി മറയുന്നു.

ഞാനൊരു മരമായി മാറിയതാണെന്ന് വിശ്വസിപ്പിച്ച്
നീയൊരിലയായി പറക്കുന്നു.

നീ കോർത്ത കൈവിരലഴിക്കുമ്പോൾ മുറിഞ്ഞു പോകുന്നത്
നമ്മളെ കോർത്തു തുന്നിയ സൂചിയാണ്.

കാലങ്ങൾ പിന്നോട്ടോടുന്നു,
വാച്ചിപ്പോൾ 6.30 എന്ന് കാണിച്ച് ചത്തുപോകുന്നു.
നമുക്കു പോകാനുള്ള തൊടുപുഴ സൂപ്പർ ഫാസ്റ്റ്
ഇപ്പോൾ രാമനാട്ടുകര കഴിഞ്ഞിട്ടുണ്ടാകുമോ?

മരിച്ചുപോയവരെ മാത്രം കയറ്റുന്ന ബസ്​
എന്റെ മുന്നിൽ വന്ന് നിൽക്കുന്നതെനിക്ക് കാണാം.

നിനക്കെഴുതിയ കത്ത് എന്റെ മേശപ്പുറത്തു നിന്ന് കണ്ടെടുത്ത
പോലീസുകാരൻ ചിരിക്കും,
ആത്മഹത്യാക്കുറിപ്പിൽ ഉൾപ്പെടുത്താൻ കൊള്ളില്ലെന്ന് പറഞ്ഞ്
അയാളതിനെ പാന്റിന്റെ കീശയിലേക്ക് ചവിട്ടിത്താഴ്​ത്തും.
നിന്റെ കല്യാണരാത്രിയിൽ കത്തിച്ചു കളയാൻ വെച്ച ആ കത്ത്
ഇന്നു രാത്രി കാമുകിയോട് ചേർന്നിരുന്ന് അയാൾ വായിക്കും.
അതു കഴിഞ്ഞാൽ അവർ കൈവിരലുകൾ പരസ്പരം ചേർത്ത് തുന്നുമായിരിക്കും.

‘എന്റെ പ്രണയമേ, മരിച്ചു കഴിഞ്ഞാൽ നിന്നെ ഞാൻ സ്‌നേഹബാധയാൽ വലയുന്നവരുടെ ആശുപത്രിയിലെ കഡാവറാക്കി മാറ്റും '

ചേളാരിയെത്തുമ്പോൾ കണ്ണട വെച്ചൊരു കണ്ടക്ടർ
നമ്മുടെ കൈവിരലുകളിൽ സൂക്ഷിച്ചുനോക്കി ടിക്കറ്റ് കീറും.

എന്റെ പ്രണയമേ,
കാലങ്ങളോളം ഫോർമാലിൻ മണത്തിൽ മുങ്ങിക്കുളിച്ച്
നിന്റെ വാസന സോപ്പിന്റെ മണം കെടും,
നിറങ്ങൾ വെളിപ്പെടുത്തിതന്നിരുന്ന നിന്റെ കണ്ണുകൾ അണയും.

വെയിലിൽ നനഞ്ഞ്,
മഴയിൽ കുതിർന്ന്
ഒടുക്കം കടപുഴകിയൊരു മരത്തിന്റെ ശാപത്താലാകണം,
പ്രണയിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികളാകും ഒരു ദിവസം നിന്റെ ശരീരപാഠികൾ.
പ്രേമിക്കുന്നതു പോയിട്ട് , ജീവിക്കാൻ പോലും മറന്ന ഒരു പ്രൊഫസർ
നിന്നെ കീറിയും മുറിച്ചും കുട്ടികൾക്ക് വിശദികരിക്കും.
അങ്ങനെ, അങ്ങനെ അയാൾ പ്രണയത്തെപ്പറ്റി
തികച്ചും അക്കാദമികമായി പഠിപ്പിച്ചുകൊണ്ടേയിരിക്കും,
ചരിത്രാതീതകാലം മുതൽക്കേ എല്ലാം അങ്ങനെയായിരുന്നതു പോലെ.

പൂക്കിപ്പറമ്പിനടുത്തുവെച്ച് നമ്മുടെ വിരലുകൾ കൂട്ടിയുരഞ്ഞൊരു തീമഴ പെയ്യും.

അപരിചിത അവയവങ്ങളെ തൊട്ടും തലോടിയും കുട്ടികൾ
കൗതുകപ്പെടുന്നതിനു മേലെ
മൗനത്തിന്റെ തുണി വലിച്ചിട്ട് അയാൾ ക്ലാസവസാനിപ്പിക്കും.

ഈ ശരീരത്തിന്റെ പരസ്പരം കോർത്ത കൈവിരലുകൾ
ഇത്ര കാലമായിട്ടും അഴിയ്ക്കാൻ പറ്റാതെ
കടുംകെട്ടു വീണതെങ്ങനെയെന്ന് അത്ഭുതപ്പെട്ട ഒരു പെൺകുട്ടി
അന്നുരാത്രി അമ്മയെ വിളിക്കുമ്പോഴിക്കാര്യം പറയാൻ മറക്കും,
പിന്നീടാ മറവിയെക്കുറിച്ചോർത്ത് ചില രാത്രികളിലെങ്കിലും
അവളുടെ കണ്ണുകൾ നിറയും.

ഞാൻ നിന്നെ മറന്നു കഴിഞ്ഞാൽ നീയെന്തു ചെയ്യും
എന്നവൾ ആരോടെങ്കിലും ചോദിക്കുമായിരിക്കും
(എനിക്കുറപ്പില്ല).

ചങ്കുവെട്ടി വളാഞ്ചേരി കുറ്റിപ്പുറം ...

മരണത്തിന്റെ ബസിപ്പോഴും നമുക്കിറങ്ങാനുള്ള സ്റ്റോപ്പിൽ എത്തിയിട്ടില്ല.

തൊടുപുഴയ്ക്കുള്ള സൂപ്പർഫാസ്റ്റിലെ ഒരു സീറ്റിലിരിക്കുന്ന രണ്ടുപേരുടെ
കോർത്ത കൈവിരലെന്നോ അഴിഞ്ഞിരിക്കുന്നു.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം


മധു ബി.

കവി. മൈസൂർ റീജ്യനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ എഡ്യുക്കേഷനിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ഗണിതവുമായി ബന്ധപ്പെട്ട പുസ്​തകങ്ങൾ എഴുതുകയും വിവർത്തനം ​ചെയ്യുകയും ചെയ്​തിട്ടുണ്ട്​.

Comments