മണിക്കുട്ടൻ ഇ.കെ.

ചായില്യം

ലഞ്ചെരുവിലെ
പാറകൾക്ക് മുകളിൽ
ചെമ്പകങ്ങൾ കാവൽ നിൽക്കുന്ന അമ്പലം

ആണ്ടിലെ മൂന്ന് നാൾ
പൂരപ്പറമ്പാകും അവിടം

കുരുത്തോലയും
കൊടി തോരണങ്ങളും ഉയരും.
ആളുകൾ
കൂട്ടം കൂട്ടമായി എത്തും
ബലൂൺ കച്ചവടക്കാരും
വളയും മാലയും വിൽക്കുന്നവരും
ചട്ടി കളിക്കാരും
എവിടെ നിന്നൊക്കെയോ വന്നണയും

തോറ്റം കേട്ട് ചെമ്പകം
വിറച്ചു തുള്ളും.
ചെണ്ടപ്പെരുക്കത്തിൽ,
പച്ചില മൂടിയ
പടുമരത്തിലെ കിളികൾ
ധൃതിയിൽ പറന്നു പോകും.
വെടിയൊച്ചയിൽ
പാറക്കെട്ടുകൾ വിറക്കും

മൂന്നാം നാൾ പുലർച്ചെ
ആളും ആരവങ്ങളും
ഒഴിയും

കിളികൾ മരക്കൊമ്പിലേക്ക്
അരുമയോടെ പറന്നു വരും
ഉണങ്ങിയ കുരുത്തോലകൾ
അമ്പലമുറ്റത്ത് ചിതറിക്കിടക്കും
ചെമ്പകത്തിൽ
നേർത്ത കാറ്റ് വന്നണയും

മുടിയഴിച്ച തെയ്യമപ്പോൾ,
രണ്ട് പെൺകുട്ടികളുടെ
കയ്യും പിടിച്ച്
കുന്നിറങ്ങാൻ തുടങ്ങും​


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments