അങ്ങനെ ഞങ്ങൾ നടന്നു വരുമ്പോൾ
പൊടുന്നനെ മഴ പെയ്തു.
അടുത്തെങ്ങും വീടില്ല,
ആളില്ല, കൂടില്ല.
ഓടിച്ചെന്ന് കയറിയത്,
വേനലിൽ തെയ്യം കഴിഞ്ഞ്
അടച്ചിട്ട അമ്പലത്തിൽ.
ഉണങ്ങിയ ഇലകളാൽ നിറഞ്ഞ മുറ്റം,
ചുമരിൽ വള്ളിച്ചെടികൾ
പടർന്നു തൂങ്ങുന്നു,
തോറ്റത്തിന്റെ ഓർമയിൽ
പൂക്കാനൊരുങ്ങുന്ന ചെമ്പകം
കാറ്റിൽ മരങ്ങൾ ഉലഞ്ഞു
മഴയിൽ ഇലകൾ കുതിർന്നു.
പേടിച്ചുവിറച്ച് അവൾ എന്നോട് ചേർന്നുനിന്നു
ചുറ്റും കൽപ്രതിഷ്ഠകൾ.
കറുപ്പണിഞ്ഞ് ഗുളികൻ
ബലിക്കളത്തിൽ ചാമുണ്ഡി
അലറിച്ചിരിച്ച് അസുരപുത്രൻ
ചെമ്പകച്ചോട്ടിൽ നാഗയക്ഷി
പെട്ടെന്ന് ഞാൻ മഴയിലൂടെ ഇറങ്ങിയോടി,
പിന്നാലെ അവളും തെയ്യങ്ങളും
ഓടിയോടി വയൽ പാതി പിന്നിട്ടു.
എനിക്കു ചുറ്റും,
തെയ്യങ്ങളുടെ കൊളാഷ്
നിറങ്ങളുടെ ഉത്സവം
തോറ്റംപാട്ടിന്റെ ഈണം
ചെണ്ടപ്പെരുക്കത്തിന്റെ ഇരമ്പം
ആരവങ്ങൾക്കിടയിൽ
അവളെ തിരയുന്ന എന്നെ നോക്കി,
ചിലങ്കയണിഞ്ഞ്
പൊട്ടുകുത്തിയ
ഒരു തെയ്യം പുഞ്ചിരിക്കുന്നു.▮