കുട്ടപ്പൻ കണ്ടത്തിനു
നടുവിൽ കറുത്തകൊടി
നാട്ടിയതേ; സത്യമായും
വെട്ടുകിളി ശല്യം
സഹികെട്ടാണ്.
എന്നാലതു കണ്ടു കോൽകാരൻ പേടിച്ചു തൂറിയതിന്
കോണകം കത്തിച്ചതെന്തിനാ;
അതിൻ പിന്നെയല്ലേ
കുട്ടപ്പൻ മക്കൾ വക
കൊടി മാറ്റി പാറിച്ചത്.
ചോപ്പ് ചോര വർണം.
കാലമേറെ കുട്ടപ്പൻ
പാടത്തു തളർന്നുറങ്ങി വിതച്ചതെല്ലാം വിളഞ്ഞു കുലച്ചതിലെ ചൊരുക്കിന്
കവിതയിലെന്തു തിരുത്തുവാൻ.
കണ്ണീരു ക്ലോറൈഡ് കലർന്ന
അസ്സൽ വളമാണെന്ന
ലബോറട്ടറി സർട്ടിഫിക്കറ്റും കിട്ടി.
വരമ്പത്ത്ന്ന് കയറി നെൽച്ചെടികൾ
പാതയോരത്ത് ജാഥക്ക്
പോയതേ; വിള മുരടിച്ചതിൽ
പ്രതിഷേധിക്കുവാൻ.
സ്വന്തം വേരുകൾ
പിഴുതു മാറ്റിയ വേദന
വേരില്ലാത്തോർക്ക് മനസ്സിലാവില്ല.
ആടിയുലഞ്ഞ് തണ്ടുകളിൽ
നെല്ലോലകളാഞ്ഞു വീശിയടിച്ചപ്പോൾ
കറ്റകെട്ടാതെ കെട്ടടങ്ങില്ലെന്ന്
മഴയോടും മഞ്ഞിനോടും
പറഞ്ഞിരുന്നു;
മണ്ണിനോട് ഒസ്യത്തും വാങ്ങി
പൊരുതിയേ; കൂമ്പടിയൂ.
പത്തായത്തിനുമേൽ
ചമ്രം പടിഞ്ഞിരുന്നവന്റെ
കുണ്ടി പൊള്ളിയത്
വിങ്ങി സ്വയം പുഴുങ്ങിയ
നെൽമണിയുടെ ആവിയേറ്റാണ്.
അടിവയറിന്റെ ചൂട്
ഇല്ലം തന്നെ ചുടുമെന്ന്
കുടുമക്ക് തീപിടിച്ചപ്പോഴാണേ;
ചുങ്കക്കാരന് തിരിഞ്ഞത്.
കൂട്ടമോടെ നെൽചെടികൾ വേരാഴ്ത്തിതുടങ്ങിയതേ;
വെടിയേറ്റു കുനിയാനല്ല
ലാത്തിയടിയിലിടയിലൂടെ
പടർന്നു നെല്ലുതിർത്തു
പെൺചെടിയാൺചെടിയെ കെട്ടിപിടിച്ചുമ്മകൾ നൽകി നെൽകതിരുകൾ കാറ്റിലാടി കൊടുങ്കാറ്റായി,സമരമായി.
ദൈവത്തിന്റെ പുതുവിത്തിനെ
ഗർഭം ധരിക്കാൻ കതിർമണ്ഡപത്തിൽ
നെൽചെടി നിൽക്കവെ
വിത്തെടുത്തു കുത്തിയ
അന്തകവിത്തിൻ സന്തതികളെ
കറ്റമുറുക്കി തൂക്കിലേറ്റി
വയലുകൾ വിപ്ലവ ഗാനം പാടി.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.