നഷ്ടപ്രണയം എന്നെഴുതി പേന കുടഞ്ഞതേയുള്ളൂ;
കവിതാമുറിയുടെ പുറം ഭിത്തിയിൽ
ആദ്യ ഷെൽ പതിച്ചു.
ചോര തെറിച്ച്
കവിതയുടെ ബാക്കിവരികൾ
പിടയുന്നതു കണ്ട്
കവി പുറത്തിറങ്ങി.
ഇനിയെന്താകുമോ ഈ കവിത?
മകളോട് തൊങ്ങലുകളുള്ള കുപ്പായത്തിൽ കുറച്ചു കൂടി വർണങ്ങൾ തുന്നിചേർക്കണമെന്ന് പറഞ്ഞാണ്
പർണശാലയിലേക്ക് കയറിയതെന്നോർത്തു
പെട്ടെന്ന് പാളി നോക്കി.
ഇറച്ചികഷ്ണങ്ങൾ ചുമരാകെ
എറിഞ്ഞു പതിപ്പിച്ച പോലുണ്ട്.
കഴിഞ്ഞവാരത്തിൽ
പ്രിയ പെയിന്റർ
ദസ്‌തേവ് ഓക്മരങ്ങൾ വരച്ച
ചുറ്റുമതിൽ
വെടിയുണ്ടകൾ തുളയിട്ടു
ഒരു അബ്‌സേർഡ് മൊണ്ടാഷ്
തീർത്ത പോലെയായി.
ഗേറ്റ് തുറന്നു നിരത്തിലേക്ക്
കാൽവെച്ചതേയുള്ളൂ;
ഇന്നലെ കഫേയിൽ ഒരേ സോഫയിലിരുന്ന്
മുഖാമുഖം
പിയാനോയിൽ സംഗീതം പൊഴിച്ച ഉറ്റചങ്ങാതി മിഖായേൽ
വിളക്കുകാലിൻ ചുവട്ടിൽ
ശ്വാസം കിട്ടാതെ ചോരവാർന്ന്
കിടപ്പാണ്, പിയാനോ
അപശബ്ദമായി മുരണ്ടു.
ഉശിരോടെ മുഷ്ടിചുരുട്ടി
ദേശീയഗാനം പാടി വന്ന
വിദ്യാർത്ഥിക്കൂട്ടത്തിലെ നെഞ്ചിലൂടെ ഒരു കവചിത
വാഹനം പാഞ്ഞു പോയി.
ഇന്നലെ രാത്രി വൈകിയും നിശാക്ലബിൽ ചുവടുവെച്ച നർത്തകി പട്രീഷ്യയുടെ
ഉടയാടകൾ
രാജവീഥിയുടെ
ഓരത്ത് വെട്ടിയൊതുക്കിയ കുറ്റിച്ചെടിപ്പടർപ്പിൽ.
അധിനിവേശസൈന്യാധിപൻ
അവളുടെ യോനിയിലേക്ക് ഇരട്ടക്കുഴൽ തോക്കിന്റെ കാഞ്ചി വലിച്ചു, ഠേ ഠേ.
പ്രണയിനിക്കു കൊടുത്ത ഓർകിഡ് പുഷ്പങ്ങളുടെ
ജൻമദിനാശംസ ബൊക്കെ വാതിൽ പടിയിൽ
ചതഞ്ഞ് കിടപ്പാണ്.
രണ്ടു ചുണ്ടുകൾ
വേർപെട്ട് അനാഥമായി
ചായക്കോപ്പയിലും.
നഗരചത്വരത്തിലെ
രാഷ്ട്രപിതാവിന്റെ
സ്റ്റാച്യൂ തലപിളർന്ന മട്ടിൽ, രാജ്യത്തിന്റെ പതാകകൾ
അപ്രത്യക്ഷമായി.
കേട്ടോ കൂട്ടരെ
മുന്നോട്ടു നടക്കുകയാണ്.
ഏയ് ഏയ് ഏയ്....
വായനക്കാരെ
ഒരു വെടിയുണ്ട
പൂർത്തിയാകാത്ത
കവിതക്കു നേരെ ചീറി വരുന്നു,
അയ്യോ അയ്യോ അയ്യോ...
നിമിഷാർദ്ധത്തിലെ ഒസ്യത്താണ്.
നിങ്ങൾക്കാവും
വിധം പൂർത്തിയാക്കൂ;
ശേഷിക്കുന്ന വരികൾ.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.
