(മായ ആഞ്ചലോവിന്റെ Phenomenal Woman എന്ന കവിതയുടെ പരിഭാഷ)
എന്താണെന്റെ രഹസ്യം എന്ന് സുന്ദരിമാർ ആശ്ചര്യപ്പെടുന്നു.
എനിക്ക് ഭംഗിയോ ഫാഷൻ മോഡലിന്റെ അഴകളവുകളോ ഇല്ലല്ലോ.
അവരോട് ഉള്ളത് പറയാൻ ശ്രമിക്കുമ്പോൾ
ഞാൻ കള്ളം പറയുന്നു എന്ന് അവർ കരുതുന്നു.
ഞാൻ പറയും,
അത് എന്റെ കൈകളുടെ നീളത്തിലും
എന്റെ അരക്കെട്ടിന്റെ വലിപ്പത്തിലും
എന്റെ നടപ്പിന്റെ മിടുക്കിലും
എന്റെ ചുണ്ടുകളുടെ ചുരുളിലും ആണെന്ന്.
ഞാനൊരു പെണ്ണാണ്, അസാമാന്യയായവൾ
അസാധാരണയായ ഒരു പെണ്ണ് അതാണ് ഞാൻ.
ഒരു മുറിയിലേക്ക്, നിങ്ങൾ കരുതുന്നത്ര ശാന്തമായി
ഞാൻ പ്രവേശിക്കുന്നു,
പുരുഷനിലേക്കും.
അവരെല്ലാം മിഴിച്ചു നിൽക്കുകയോ,
എന്റെ മുന്നിൽ മുട്ട് കുത്തുകയോ ചെയ്യുന്നു.
അതുകഴിഞ്ഞ് ഒരു തേനീച്ചക്കൂടിളകിയതുപോലെ
അവർ എന്റെ ചുറ്റും കൂടുന്നു.
ഞാൻ പറയും,
അത് എന്റെ കണ്ണിലെ തീയിലും
എന്റെ പല്ലിന്റെ തിളക്കത്തിലും
എന്റെ അരക്കെട്ടിന്റെ ഇളക്കത്തിലും
എന്റെ നടപ്പിന്റെ ആനന്ദത്തിലും ആണെന്ന്.
ഞാൻ ഒരു പെണ്ണാണ്,
അസാമാന്യയായവൾ.
അസാധാരണയായ പെണ്ണ്,
അതാണ് ഞാൻ.
എന്നിൽ എന്ത് കണ്ടിട്ടെന്ന്
ആണുങ്ങൾ തന്നെ ആശ്ചര്യപ്പെടാറുണ്ട്.
ഏറെ ശ്രമിച്ചാലും എന്റെ ഉള്ളിന്റെ നിഗൂഢതയെ
അറിയാൻ അവർക്കാവില്ല.
വെളിപ്പെടുത്താൻ നോക്കിയാലും
കാണുന്നില്ലല്ലോ എന്ന് അവർ.
ഞാൻ പറയും,
അത് എന്റെ പിറകിന്റെ വടിവിലും
ചിരിയുടെ തിളക്കത്തിലും
മുലകളുടെ വിരിവിലും
മനോഹരമായ രീതികളിലും
ആണെന്ന്.
ഞാൻ ഒരു പെണ്ണാണ്,
അസാമാന്യയായവൾ.
അസാധാരണയായ പെണ്ണ്,
അതാണ് ഞാൻ.
ഞാൻ അലറുകയോ ചൂടാവുകയോ
ഉറക്കെ സംസാരിക്കുകയോ ചെയ്യാറില്ല.
ഞാൻ ഇതിലെ കടന്നുപോകുമ്പോൾ പോലും
നിങ്ങൾ അഭിമാനിക്കണം.
ഞാൻ പറയുന്നു,
അതെന്റെ ചുവടിന്റെ ശബ്ദത്തിൽ
മുടിയുടെ ചുരുളിൽ
കൈവെള്ളയിൽ
എന്റെ സ്‌നേഹത്തിനുള്ള ദാഹത്തിൽ എന്ന്.
എന്ത് കൊണ്ടെന്നാൽ
ഞാൻ ഒരു പെണ്ണാണ്
അസാമാന്യയായവൾ
അസാധാരണയായ പെണ്ണ്
അതാണ് ഞാൻ.▮