ഡോ. മിലൻ ഫ്രാൻസ്

രണ്ടു കവിതകൾ

പലായനങ്ങൾ

രോ നിമിഷവും എത്രയെത്ര പലായനങ്ങൾ!
കരയിലൂടെ, കടലിലൂടെ, ആകാശത്തിലൂടെ
മനസിലൂടെ, മൊഴിയിലൂടെ, മെയ്യിലൂടെ.
കടലിൽ നിന്നു കരയിലേയ്ക്ക്
മനസിൽ നിന്നു മെയ്യിലേയ്ക്ക്
മൊഴിയിൽ നിന്നു മൗനത്തിലേയ്ക്ക്
ദ്വൈതത്തിൽ നിന്ന് അദ്വൈതത്തിലേയ്ക്ക്
കൂട്ടങ്ങളിൽ നിന്ന് ഒറ്റയിലേക്ക്
എത്രയെത്ര പലായനങ്ങൾ!

കടലു കയറുമ്പോൾ,
ഉരുൾപൊട്ടുമ്പോൾ
പ്രളയമിരമ്പുമ്പോൾ
അതിർത്തികൾ തകരുമ്പോൾ
വെടിയൊച്ചകൾ മുഴങ്ങുമ്പോൾ
വൈറസുകൾ പടരുമ്പോൾ
ആൾക്കൂട്ടം വാളെടുക്കുമ്പോൾ
നാവറുക്കുമ്പോൾ
അസ്തിത്വം ചോദ്യമാകുമ്പോൾ
അധികാരം അതിക്രമമാകുമ്പോൾ
എത്രയെത്ര പലായനങ്ങൾ!

പാതിവഴിയിൽ

പാതിവഴിയിൽ
ഒന്നു നിന്നു
തിരിഞ്ഞു നോക്കുമ്പോഴാണ്
പാതയെത്ര നീണ്ടതായിരുന്നെന്ന്
അറിയുന്നത്.

കണ്ട കാഴ്ചകളൊക്കെയും കാഴ്ചകളല്ലെന്നറിയുന്നത്.
കണ്ട നിറങ്ങളെല്ലാം
മതിഭ്രമങ്ങൾ
മാത്രമായിരുന്നെന്നറിയുന്നത്.
അറിഞ്ഞ ഋതുക്കളെല്ലാം ഭ്രമണപഥത്തിന്റെ
ഭ്രംശങ്ങളായിരുന്നെന്നറിയുന്നത്.

ഈ പാതി വഴിക്കപ്പുറം
ഇനിയും കാഴ്ചകളുണ്ട്.
കാമനകളുണ്ട്
കിനാവുകളുണ്ട്
താരാട്ടുകളുണ്ട്
കവിതകളുണ്ട്.

പക്ഷെ
അറിയില്ല -
ഇനിയും എങ്ങനെയാണ്
കാമിക്കേണ്ടത്?
എങ്ങനെയാണ്
കിനാവു കാണേണ്ടത്?
താരാട്ടു പാടേണ്ടത് ?
കവിതയെഴുതേണ്ടത്?


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം


ഡോ. മിലൻ ഫ്രാൻസ്​

കവി, ​പ്രഭാഷക, എഴുത്തുകാരി. ആലുവ സെൻറ്​ സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ. ഇംഗ്ലീഷ് സാഹിത്യത്തിൽ റിസർച്ച് ഗൈഡ്​. നക്ഷത്രങ്ങളുണ്ടാകുന്നത്, മിലൻ ഫ്രാൻസിന്റെ പുതിയ കവിതകൾ, കാഴ്ചവട്ടം, The Legends of Khasak: A Postcolonial Study എന്നീ പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments