എം.ആർ. രേണുകുമാർ

ചോരുന്ന വീടുകൾ

പുതിയ വീടിന്
പുട്ടിയടിക്കുമ്പോൾ
ബാറ്ററിക്കരി
ഇടിച്ചുപൊടിച്ച്
കറുപ്പുണ്ടാക്കിയതും,
ചൂണ്ണാമ്പുകലക്കി
വെളുപ്പുണ്ടാക്കിയതും,
തൊണ്ടുചതച്ച്
ബ്രഷുണ്ടാക്കിയതും,
ഓർമ വരും

വീടിന്റെ ടൈൽസ്
തുടച്ചുമിനുക്കുമ്പോൾ
മഷിനോട്ടത്തിലെന്നപോലെ
ചാണകത്തറ തെളിയും
ചിതറിക്കിടക്കുന്ന വറ്റുകൾ
കാൽവെള്ളയിലൊട്ടും,
മീൻമുള്ളുകൾ
കൊണ്ടുകേറും,
വളം കടിയ്ക്കും

ഓരോ മുറിയിലേയും
ബൾബുകൾ അണയ്ക്കുമ്പോൾ
ഊതിയാലും കൈവീശിയാലും
കെടാൻ മടിച്ചിരുന്ന
മണ്ണെണ്ണവിളക്കുകൾ
ഇരുളിൽ തെളിഞ്ഞുവരും

ഇംഗ്ലീഷ് ഡെയ്‌സിക്കും
അറേബ്യൻ ഡാലിയക്കും
വെള്ളമൊഴിക്കുമ്പോൾ
മുറ്റത്തിനുചുറ്റും ചതുപ്പിൽ
സദാ പൂത്തുനിന്നിരുന്ന
കരിമ്പും കാനവാഴകളും
കൈതകളും തലയാട്ടും

വർഷകാലത്ത്
ആറ്റിൽച്ചാടി
കൂട്ടമായ് കുളിച്ചതും,
വേനക്കാലത്ത്
കുടിവെള്ളത്തിന്
കിണറുകൾ തേടി
കൂട്ടമായലഞ്ഞതും
ഓർക്കുമ്പോൾ
ഷവറിന്നടിയിൽ
മറ്റൊരു ഷവറായ്
പൊട്ടിക്കരയും

കാർന്നമണ്ണ്
മറച്ചുകെട്ടി ടോറസുകൾ
പൊടിപടർത്തിപ്പോകുന്നത്
സിറ്റൗട്ടിലിരുന്ന് കാണുമ്പോൾ,
ആറ്റിലൂടെ കെട്ടുവള്ളങ്ങൾ
ചരക്കുമായ് നീങ്ങുന്നത്
ചിറയിലിരുന്ന്
കണ്ടതോർമ്മവരും

നിലാവുള്ള രാത്രിയിൽ
സിമന്റിഷ്ടികകൾ
പാകിയ മുറ്റത്തെ
ഇരുമ്പുബെഞ്ചിൽ
തനിച്ചിരിക്കുമ്പോൾ
അമ്മമാർ നെയ്യുന്ന
ചിക്കുപായിൽ
തഴപ്പൊളികൾ തമ്മിൽ
ഉരസുമൊച്ചകേട്ടും
നിലാവുകണ്ടും
കിടന്നതോർമ്മവരും

വീട് വരയ്ക്കുമ്പോൾ
ഇപ്പോഴുമാകാശത്ത്
മേഘങ്ങളുരുണ്ടുകൂടും,
മിന്നലുകൾ പുളയും
ഇടിവെട്ടുകേൾക്കും
ഇടനെഞ്ചുതകരും

വീടെന്നെഴുതുമ്പോൾ
ഇപ്പോഴും മഴചോരും,
തണുത്തുവിറയ്ക്കും,
തുള്ളിപ്പനിയ്ക്കും.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം


എം.ആർ. രേണുകുമാർ

കവി, ചിത്രകാരൻ, വിവർത്തകൻ. ഓഡിറ്റ് വകുപ്പിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ. ഞാറുകൾ- മലയാളത്തിലെ ദളിത്​ കഥകൾ, പച്ചക്കുപ്പി, വെഷക്കായ, മുഴുസൂര്യനാകാനുള്ള ശ്രമങ്ങൾ, കൊതിയൻ തുടങ്ങിയവ പ്രധാന കൃതികൾ.

Comments