നിധിൻ വി.എൻ.

ടൽവിയർക്കും കാട്ടുമുല്ലമണം.
കാറ്റ് താലോലിക്കുന്ന താടി.
പുറകിലേക്ക് വലിച്ചുകെട്ടി
തോളിലേക്ക് വീണുകിടക്കും മുടി.
മീനവെയിലിനെ രണ്ടായി പകുത്ത്
നീളൻ ചൂണ്ടയുമായി
അയാൾ വന്നു.

പാതി സൂര്യൻ,
പാതി ജലം.
അനുഭൂതിയുടെ ലോകം
മാറിമാറി വരയ്ക്കുന്നുണ്ടയാൾ.
ചിരിയുടെ നേർത്ത നൂലിൽ
കോർത്തുകെട്ടുന്നുണ്ട്
മുന്നിലെ ഹൃദയങ്ങൾ.

ഇര കോർക്കും വിശപ്പിനെ
പ്രണയമെന്ന്,
ഇരുളിനെ
നിലാവെന്ന്
ഒരു മാന്ത്രികനെപോലെ
അയാൾ വരയ്ക്കുന്നു.

വറ്റിയ കുളങ്ങളെല്ലാം
നീരൊഴുക്കുന്നു.
ചൂണ്ടയിടുന്നവരെല്ലാം
ഒഴിഞ്ഞ കൊട്ടയുമായി
മടങ്ങുന്നു.

ജലത്തിലേക്ക് അയാളിറങ്ങുമ്പോൾ
ചുറ്റും,
മീനുകൾ നൃത്തംവെക്കുന്നു.

കുളക്കടവിൽ ഊരിവെച്ചിരുന്ന
തുണികളെടുത്ത് ഓടാൻ തോന്നും.
അയാൾ തിരിച്ചുകയറിയില്ലെങ്കിൽ?
അന്നേരം,
ഭയത്തിന്റെ ചിതലുകൾ
കാലുകൾ തിന്നും.

ചൂണ്ടയിൽ കുരുങ്ങിയ
പെണ്ണുടൽ,
ആൺഭയങ്ങളുടെ
ലോകം.
നാണയം പോലെ
ഭയമെന്ന്,
ആനന്ദമെന്ന് ഇരുമുഖം.

നാൾക്കുനാൾ കുളത്തിലെ മീനുകളെല്ലാം
തുടുത്തു.
അവയുടെ ഭംഗിയിൽ
നാടൊന്നാകെ കുളക്കരയിലെത്തി.

അന്നുവരെ കാണാത്ത
കണ്ണാടിപോലെ
കുളം തെളിഞ്ഞു.

ഗ്രാമത്തിന്റെ ഉടലിൽ
വസന്തം കോർക്കപ്പെട്ടു.

മോഷ്ടിക്കാനാവുന്ന,
മോഷ്ടിച്ചാലും നഷ്ടമാകാത്ത
നീളൻ ചൂണ്ടയുമായി
അയാൾ നീങ്ങി.

അരക്കെട്ടിലെ ചൂണ്ടയിൽ കുരുങ്ങി
പെണ്ണുടൽ കത്തുന്ന
കവിതയാണ്, ഗ്രാമം.

പുറപ്പെട്ട് വന്നിടം
തിരിച്ചുവിളിക്കുന്നുണ്ടാകും അയാളെ.​▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments