നിഷ നാരായണൻ

രഹസ്യമായത്

വന്റെ കാലുകൾ-
അവന്റെ ചില്ലകളാണവ.

ചില്ലകളേക്കാൾ സങ്കീർണമായ അവന്റെ വേരുകൾ.
വേരുകൾക്കിടയിലൂടെ മണൽ ഒലിച്ചുപോകും,
അവിടെ ഞണ്ടുകൾ മുട്ടയിടും,
ഒച്ചുകൾ ഞാന്നുകിടക്കും,
കടൽപാമ്പുകൾ ആഴ്ന്നിറങ്ങും.
എങ്കിലും അവൻ സുന്ദരനാണ്.

മരവത്കരിക്കപ്പെട്ട മനുഷ്യപാദങ്ങൾ
അവിശ്വസനീയമാംവിധം
സുന്ദരമാക്കാൻ കാടിനറിയാം.

അവന്റെ കൃതാവ്, അവന്റെ മീശമുഖം
അവന്റെ മേഘങ്ങളാണവ.
മേഘങ്ങൾക്കിടയിലൂടെ
വെയിൽ ഓളം തല്ലും,
നീരാവി തത്തിക്കളിക്കും.
ഉരുകിയൊഴുകി ഭൂമിയെ നനക്കും.

മുഖം പെയ്തുതീർന്നെങ്കിലെന്താ,
അവൻ സുന്ദരനാണ്.
ആകാശവത്കരിക്കപ്പെട്ട ഒരു മനുഷ്യമുഖം
ഗംഭീരമായവിധം
സ്വർഗ്ഗീയമാക്കാൻ മാനത്തിനറിയാം.

അവന്റെ ഉടൽ
പെരുമാന്തുരുത്തുപോലെ,
വീതുളിയും തടിയും തമ്മിൽ കൊത്തിമത്സരിച്ചപോലെ.

അതിൽ കാറ്റ് ഓളം തല്ലും,
കശക്കിമെതിക്കും,
ഒടുവിൽ അതിനെ കൊണ്ടുപോയി
ഏതെങ്കിലും വെള്ളക്കുണ്ടിൽ വെയ്ക്കും
അവിടെയും അവൻ സുന്ദരനാണ്.
വെള്ളം തന്റെ അനക്കങ്ങളും
കിതപ്പും സാന്ദ്രതയും കൊണ്ട്
നമ്മുടെ ശ്രദ്ധയാകർഷിക്കും.

ഓരോ വെള്ളക്കുണ്ടിലും പാറവിടവിലും
ഡസൻകണക്കിന് ചെറുകക്കകളുണ്ട്.
ജലവത്കരിക്കപ്പെട്ട ഒരു മനുഷ്യഉടൽ
എത്രമേൽ ഒഴുകിത്തീർന്നെന്നാലും
തീവ്രമായ ഒരു പ്രവാഹമാക്കാൻ
കാറ്റിനും വെള്ളത്തിനും നന്നായറിയാം.

അവനുമായുള്ള എന്റെ ഇരുപ്പുവശം
ഭൂമിയ്ക്കറിയാം.

കാടും മാനവും വെള്ളവും കാറ്റും
ഭൂമിയെ നിബിഡമാക്കുന്ന കലയിൽ
സദാ മുഴുകിയിരിക്കെ,
ഭൂമി അതിന്റെ വിശിഷ്ടനേത്രങ്ങൾകൊണ്ട്
ഞങ്ങളെ നോക്കുന്നുണ്ട്.

ഞങ്ങൾ പക്ഷെ ഭൂമി കാണാതെ ഒരു കൈതത്തണ്ടിൽ ഒളിച്ചിരിക്കും,
അടക്കി പ്രേമിക്കും.
രഹസ്യങ്ങൾ അതിമനോഹരങ്ങളാണെന്ന
വിശേഷത ഈ ഭൂമിയിലല്ലേയുള്ളൂ?
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


നിഷ നാരായണൻ

കവി, തലയോലപ്പറമ്പ്​ എ.ജെ.ജോൺ ഗവ.​ ഗേൾസ്​ ഹയർ സെക്കൻഡറി സ്​കൂൾ അധ്യാപിക. പ്രസാധകരില്ലാത്ത കവിതകൾ ആദ്യ പുസ്​തകം.

Comments