ഒ.പി. സുരേഷ്​

​​​​​​​ആവാസം

ന്റെ ക്ലോസറ്റിലെ
ഫ്‌ളഷ് ടാങ്ക് ബട്ടൺ,
അറ്റ്‌ലാൻറിക്കിലെ തിരയടികളെ
നിയന്ത്രിക്കുന്നു.

സമുദ്രങ്ങൾ ഓച്ഛാനിക്കുന്നതുകണ്ട്
നദികളും തടാകങ്ങളും
മുൻകൂട്ടി നിശ്ശബ്ദരായി.

മൺസൂണിന്റെ പോക്കുവരവുകൾ
ക്രമീകരിച്ചൊതുക്കിയ
ഷവറിനുതാഴെ,
കാലവർഷം മൂളിപ്പാട്ടായി തുളുമ്പി.

വേനലിന്റെ തലോടലിൽ
കരിഞ്ഞുണങ്ങിയ ദൂരദേശങ്ങൾ
ആകാശങ്ങളോട് വിലപിക്കട്ടെ.

രാമക്കൽമേട്ടിലെ ശീതക്കാറ്റിപ്പോൾ
എന്റെ പങ്കകൾക്കുചുറ്റും
പതുങ്ങിയിരിക്കുന്നു.
ചാഞ്ഞും ചെരിഞ്ഞും വീശുന്ന
അനുസരണക്കാറ്റിൽ
ഇളം സ്വപ്നങ്ങൾ
ഊഞ്ഞലാടുന്നു.

ആമസോണിനെ തിന്നുതീർത്ത
കാട്ടുതീയുടെ ആക്രാന്തമതാ,
അടുപ്പിൽ കുന്തിച്ചിരിക്കുന്നു.
മെരുക്കിയെടുത്ത വന്യതകളിൽ ഒന്നായി
നാളെയതും ഷോകെയ്‌സിൽ കേറും.

ഗുഡ്‌സ് ഓട്ടോയിൽ ഇറക്കിയ
തണുത്ത ഭൂഖണ്ഡം
മൂളിയും മുരണ്ടും
അടുക്കളവട്ടത്തുണ്ട്.
അത് കോട്ടുവായിടുമ്പോഴൊക്കെ
വീട് ഒരു ശൈത്യരാജ്യമായി.

രാവിലെ
സായന്നാ പുൽമേടുകളിൽ നടക്കുന്നു
നയാഗ്രയിൽ നീന്തുന്നു
മേഘങ്ങളിൽ ഉലാത്തുന്നു
സിംഹക്കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്നു
വീഞ്ഞ് വീപ്പകളിൽ മുങ്ങുന്നു
പാതിരകളിൽ പൂക്കുന്നു
നിലാവിൽ ഉണങ്ങുന്നു...

ശിഷ്ട ലോകമേ, നീയെത്ര തുച്ഛം
ഒറ്റ ദിവസത്തിന്റെ കൗതുകം പോലും
ഇട്ടുവെക്കാനാവാത്ത
കൊച്ചുപാത്രം!


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


ഒ.പി. സുരേഷ്

കവി, എഴുത്തുകാരൻ. വെറുതെയിരിക്കുവിൻ, താജ്​മഹൽ, പല കാലങ്ങളിൽ ഒരു പൂവ്​, ഏകാകികളുടെ ആൾക്കൂട്ടം എന്നിവ പുസ്തകങ്ങൾ.

Comments