പി.രാമൻ

മൂന്നു കവിതകൾ

ഒന്ന്​: എനിക്കിനി ജീവിക്കണ്ട

ന്റെ വാസുദേവൻ വല്യച്ഛന്
വയസ്സാങ്കാലത്ത് കാഴ്ചശക്തി
തീരെയില്ലായിരുന്നെന്ന്
ഇപ്പോഴാണറിഞ്ഞത്

അയ്യോ എന്റെ വാസുദേവൻ വല്യച്ഛാ,
വയസ്സാങ്കാലത്തങ്ങേക്ക്
കാഴ്ചശക്തി തീരെയില്ലാതെ പോയിട്ട്
ഞാനതൊന്നും ഇത്രകാലം
അറിഞ്ഞതേയില്ലല്ലോ.
അയ്യയ്യോ കണ്ണു കാണാതെ
അങ്ങെത്ര വലഞ്ഞിരിക്കുമെന്നെനിക്ക്
ഓർക്കാനേ വയ്യല്ലോ.

അയ്യയ്യയ്യോ എന്റെ ശങ്കരനാരായണൻ മുത്തപ്പൻ
കുട്ടിക്കാലം തൊട്ടേ
വയറുവേദനിച്ച് ചക്രം പോലെ
വട്ടം കറങ്ങിയിരുന്ന കഥയൊന്നുമിന്നു
കേൾക്കാനേ വയ്യല്ലോ

വഴിയിലൂടെ കറങ്ങിക്കറങ്ങി -
യുരുണ്ടുരുണ്ടുപോയിരുന്ന
ശങ്കരനാരായണൻ മുത്തപ്പന്റെ
വയറുവേദനക്കഥകളൊക്കെ
എന്തിനാണെന്നോടിപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്,
നിർത്തുവിൻ, നിർത്തുവിൻ

അയ്യയ്യയ്യയ്യോ എന്റെ നങ്ങേലി മുത്തശ്ശിക്ക്
കാലടി നിറയെ ആണിരോഗമായിരുന്നെന്ന്
ഓർമിപ്പിക്കരുതേ
അതു മാറാനെന്റെ നങ്ങേലി മുത്തശ്ശി
*ഇരുനിലങ്കോട്ടു പോയി
എത്ര പപ്പടം ചവിട്ടിപ്പൊട്ടിച്ചിട്ടും
ഞാനതൊന്നുമറിയാതെ പോയല്ലോ
അറിഞ്ഞ സ്ഥിതിക്കിനിയിതൊക്കെ -
യെങ്ങനെസ്സഹിക്കും?

* ഇരുനിലങ്കോട്ടു ക്ഷേത്രത്തിലെ ഒരു വഴിപാട്, ആണിരോഗം സുഖപ്പെടാൻ

രണ്ട്​: തുള്ളൽ

ടക്കുനിന്നൊരു പയ്യൻ പണ്ട്
തെക്കു പോയിപ്പടയണി കണ്ട്
തുള്ളിത്തുള്ളിത്തുള്ളിത്തുള്ളി -
ത്തുള്ളലുണ്ടായി.

തെക്കു പോയിപ്പടയണി കണ്ടൂ
ഞാനുമിക്കൊല്ലം.

കളിക്കുശേഷം മാറ്റിയിട്ട
പാളമുഖംമൂടിയൊന്ന്,
എടുക്കരുത്, കോലത്തിന്റെ
ജഡമതെന്നു കേട്ടിട്ടും
എടുത്തു കൊണ്ടിങ്ങു പോന്ന്
മുഖത്തു വെച്ച് തുള്ളിത്തുള്ളി -
യകത്തു കേറുന്നേൻ.

മൂന്ന്​: മോക്ഷമന്ത്രം

ൺപതു കഴിഞ്ഞ എന്റെ അമ്മയെ
ഇടക്കിടെ സന്ദർശിച്ച്
അടിയൻ അടിയൻ
എന്നു പറഞ്ഞുകൊണ്ടിരുന്ന
ഒരു സ്ത്രീയുണ്ടായിരുന്നു.

അതു കേൾക്കുന്നത്
അമ്മക്കും വളരെയിഷ്ടം.

അടിയൻ എന്നു പറയാനായി മാത്രം
അവർ ഇടക്കിടെ വന്നുകൊണ്ടിരുന്നു.

അടിയൻ എന്നു കേൾക്കാനായി മാത്രം
അമ്മ അവരെ ഇടക്കിടെ
അന്വേഷിച്ചുമിരുന്നു.

ദൈവനാമം പോലെ
യാന്ത്രികമായിരുന്നില്ല
ഈ ജപവും കേൾവിയും.
രണ്ടു ശരീരങ്ങളിലും തുടിച്ചുനിന്നു
അതിന്റെ ആത്മീയത.

ആ വാക്ക് പറഞ്ഞും കേട്ടും
ജീവിക്കാൻ വേണ്ട ഇന്ധനം
നിറച്ചുകൊണ്ടിരുന്നു
രണ്ടുപേരും.

എന്നിട്ടും
ഒടുവിൽ അമ്മ കിടപ്പിലായി.
ആ സ്ത്രീയെയും കാണാറില്ല.

ഗതി കിട്ടാതെ
കിടന്നു പുകഞ്ഞു
കിടക്കയ്ക്കു ചുറ്റുമാവാക്ക്.

മരണസമയത്ത്
അരികിലിരുന്നു ഞാൻ
മെല്ലെ ജപിച്ചു:
അടിയൻ, അടിയൻ ...​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പി. രാമൻ

കവി. അധ്യാപകൻ. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, പിന്നിലേക്കു വീശുന്ന കാറ്റ്, ഇരട്ടവാലൻ എന്നീ കവിതാ സമാഹാരങ്ങളും മായപ്പൊന്ന് (ജയമോഹന്റെ തമിഴ് കഥകളുടെ മലയാള പരിഭാഷ) എന്ന വിവർത്തന കൃതിയും രചിച്ചിട്ടുണ്ട്.

Comments