പി.പി. രാമചന്ദ്രൻ

ചില്ലലമാരയിൽ

ചുമരിലെ ചില്ലലമാരയിൽ
തട്ടുതട്ടായ് പല വലുപ്പത്തിൽ
കൗതുകവസ്തുക്കൾ.

ചില പുരസ്‌കാരങ്ങൾ
ചിലതുപഹാരങ്ങൾ.
വിദ്യാലയം വായനശാല
ക്ലബ്ബുകൾ സുഹൃത്തുക്കൾ
പലപ്പോഴായ് സമ്മാനിച്ചവ.

നാട്ടിൽനിന്ന്
മറുനാട്ടിൽനിന്ന്
അപൂർവ്വമൊന്നുരണ്ടെണ്ണം
വിദേശത്തുനിന്ന്.
ഏറെനാളായ്
തുറക്കാതെ തുടയ്ക്കാതെ
പൊടിയണിഞ്ഞു മങ്ങിപ്പോയ്.

ഇന്നതിൻ മുന്നിലൂടെ
കടന്നുപോയപ്പോൾ
അതിലാരോ പുതുതായൊന്നു
കൊണ്ടുവെച്ചപോലെ!

അടുത്തുചെന്നു
സൂക്ഷിച്ചുനോക്കി:
ചില്ലുമൂടിമേൽ
അനക്കമറ്റ്
ഒരു പല്ലി.

ജഡങ്ങൾക്കിടയിൽ
ഒരു ജീവൻ.
പ്രതിനിധാനങ്ങൾക്കിടയ്ക്ക്
ഒരു മുഴുവൻ സാന്നിദ്ധ്യം.
ഭൂതത്തിൽനിന്ന്
വർത്തമാനത്തിലേക്ക്
തട്ടിയുണർത്തുന്ന
ഒരു വാൽ.

ചെറുതെങ്കിലും
ഇതിലും വലുതൊന്ന്
ഇനി വരാനില്ല.
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പി.പി. രാമചന്ദ്രൻ

കവി, അധ്യാപകൻ, നാടകപ്രവർത്തകൻ. ലളിതം, കാണെക്കാണെ, രണ്ടായി മുറിച്ചത്, കാറ്റേ കടലേ, പി.പി. രാമചന്ദ്രന്റെ കവിതകൾ​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments