പൂച്ച എന്ന് ഞാൻ വിളിക്കുന്ന
എന്റെ ഓമനക്കവിത
തുറന്നിട്ട വാതിൽ വഴി
എപ്പോഴാണ് പുറത്തിറങ്ങിയത്
എന്നറിയില്ല.
പണിക്കള(രി)യിൽ
കവിതവെപ്പും കഴിഞ്ഞ്
തലേന്ന് വായിച്ച് മുഷിഞ്ഞ
പുസ്തകങ്ങൾ വിമർശിച്ച്
വെളുപ്പിക്കാൻ അകത്തുള്ള
വിഴുപ്പ് സഞ്ചിയിൽ
കൂട്ടിയിടുമ്പോൾ മേശപ്പുറത്ത്
കുറുകിക്കൊണ്ട് ഇരിപ്പുണ്ടായിരുന്നു.
കടലാസു പിഞ്ഞാണത്തിൽ
നല്ല ആശയച്ചൂടുള്ള
ഒരു തവി വാക്കുകളും കൂടി
ഒഴിച്ചു കൊടുത്തപ്പോൾ
ഓടി വന്ന്
കൈയ്യിൽ മുട്ടിയുരുമ്മി
നക്കിക്കുടിച്ചതായിരുന്നു.
എനിക്ക് ആധിയാവുന്നു.
ആശയങ്ങൾക്ക് സ്വാദ് പോരാഞ്ഞ്
അയൽപക്കത്തെ കവിയുടെ
എഴുത്തുപറമ്പിൽ ചെന്ന്
ഇര പിടിക്കുന്നുണ്ടാവുമോ
ഒരു പക്ഷേ
എന്റെ ഓമനപ്പൂച്ച?▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.