റഫീക്ക് അഹമ്മദ്

പ്രബുദ്ധ കിരാതൻ

രോ നട്ടൊരു കൊടിമരമുണ്ടീ
വഴിയോരത്ത്.
വേരുകളില്ല ചില്ലകളില്ല
ഇലകളുമില്ലതിന്...
മരമല്ലെങ്കിലുമതു മരം
കൊടിമരം
അതിനുണ്ടാെരു ശീലത്തല.
അതിലെപ്പോഴും തൊള്ള തുറന്നൊരു പൊള്ളച്ചിരി പോൽ
ചിഹ്നം.

ഒന്നും കായ്ക്കുന്നില്ലതിൽ,

വിരിയുന്നില്ലതിൽ, പൂക്കൾ.
കാക്കക്കാലിൻ തണലുതരാനുമതിന്നാവുന്നേയില്ല.
അതു ചിന്തിപ്പൂ ശീലത്തലയാൽ
അതു മിണ്ടുന്നൂ ചിഹ്നച്ചുണ്ടാൽ
അതു ചായുന്നു
ഓരോ ദിക്കിൽ പായും
കാറ്റിന്നൊപ്പം.

അതിനോടെന്തു പറഞ്ഞിട്ടെന്തെന്നറിയാഞ്ഞിട്ട്
അതിന്മുന്നിൽ ജെയ് വിളി കൂവുന്ന
പ്രബുദ്ധ കിരാതൻ ഞാൻ
പുരാണ നവീനൻ ഞാൻ.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


റഫീക്ക് അഹമ്മദ്

കവി, നോവലിസ്റ്റ്, ഗാനരചയിതാവ്. സ്വപ്‌നവാങ്മൂലം, പാറയിൽ പണിഞ്ഞത്, ആൾമറ, റഫീക്ക് അഹമ്മദിന്റെ കവിതകൾ എന്നീ കവിതാ സമാഹാരങ്ങളും അഴുക്കില്ലം എന്ന നോവലും പ്രധാന കൃതികൾ.

Comments