ഒരു തോന്നലിലങ്ങനെ ചെയ്തതാണ്.
ചെയ്തതിന്റെ പാതിയും കൊണ്ട്
വീടിന്റെ മുറ്റത്ത് വിരിഞ്ഞിരുന്നു.
മരങ്ങളിൽ നിന്നും കാക്കകളുടെ
കാ കാ ഒച്ചകൾ
കൂട്ടമായ് വന്ന് ചെയ്തതിന്റെ
ചുറ്റുമിരുന്നു.
ആൾക്കൂട്ടത്തിലൊറ്റയായ
ഒരു കുഞ്ഞിനെപ്പോലെ
അത് കിടുകിടാ വിറച്ചു.
വഴിയിൽ നിന്നും അയൽപ്പക്കത്തു നിന്നും
ആളുകൾ നേരം കൈയിൽ പിടിച്ച്
വീട്ടുമുറ്റത്തേക്കിരമ്പി.
കോഴി, താറാവ്, വാത്ത, പൂത്താങ്കീരി
ഒക്കെയും
പറമ്പിനെ ചിക്കിയിടുന്ന കളി നിർത്തി
ചെയ്തതിന്റെ ചുറ്റും കൊക്കുരച്ചു നിന്നു .
വെയിലിൽ നിന്നിറങ്ങിയ കാറ്റ്
എല്ലാവർക്കുമിടയിൽ
വിടവുണ്ടാക്കി ചെയ്തതിനെ
ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
ഇത്രയും കൈപ്പറ്റി
ചെയ്തതിന്റെ കഷ്ണം
വീട്ടിലെ ഏറ്റവും ചെറിയ മുറിയിൽ
മുറിഞ്ഞ് മാസം തുറിച്ചൊഴുകുന്ന
അതിന്റെ പങ്കിലേയ്ക്ക് ചേർന്നിരുന്ന്
ചോര മണപ്പിച്ചു.
മേൽക്കൂരയിൽ
ഒറ്റയ്ക്ക് നിന്ന് തുള്ളുന്ന
മയിലിന്റെ കരച്ചിലിൽ നിന്നൊരു പിടിയെടുത്ത്
അമ്മ വിരുന്നുകാർക്ക്
വീതം വെച്ചു കൊണ്ടിരുന്നു.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.