റാഷിദ നസ്​റിയ

അവനെക്കുറിച്ച്
രണ്ടു കവിതകൾ

ഒന്ന്​

വൾക്ക് ലോകത്തിൽ
ഒരാളോട് മാത്രമേ
സത്യമായും കടുത്ത
പ്രണയം തോന്നിയിട്ടുള്ളൂ

ഒരിക്കൽ മാത്രമേ
അവൾ അയാളെ
കണ്ടിട്ടുള്ളു
ആ ഒരൊറ്റക്കാഴ്ചയിൽ തന്നെ
അയാളിൽ ഓരില ഈരില മൂവിലയായി അവൾ തളിർത്തു പൂത്തു

തന്നെത്തന്നെ
പൂരിപ്പിക്കാൻ ജന്മങ്ങളായി തേടുന്ന ഏതോ മഴവില്ലിന്റെ
തുമ്പാവാമയാളെന്ന്
അവൾക്ക് ഒരിടിമിന്നൽ പോലെ വെളിപാടുണ്ടായി

അത്രമേൽ അത്രമേലാഴത്തിൽ
പ്രണയത്തിന്റെ ആനന്ദം
അനുഭവിക്കുമ്പോഴും
അയാളെ ഒരിക്കലും കണ്ടുമുട്ടരുതെന്ന് അവൾ പ്രാർത്ഥിച്ചു

അവളുടെ അനുരാഗത്തിന്റെ
ഭാഷ മൗനമായിരുന്നു.
വെയിലോ നിലാവോ കണ്ടാൽ അത് വറ്റിപ്പോകാമെന്ന് അവൾ ഭയപ്പെട്ടു

അവളൊരു വറ്റാത്ത
നദിയായിരുന്നു
അവളുടെ സ്‌നേഹം രഹസ്യമായ
ഒരു അടിയൊഴുക്കും

പ്രണയം വെളിപ്പെടുത്താൻ
അവൾ ഒരിക്കലും
ആഗ്രഹിച്ചിരുന്നില്ല
എന്നിട്ടും
അവളുടെ സ്വപ്നങ്ങളിൽ
അയാൾ ആഴത്തിൽ കുഴിച്ചു കൊണ്ടേയിരുന്നു .

അപ്പോഴല്ലാം അയാൾ അവളുടേത്
മാത്രമായിരുന്നു (മറ്റാരുടേത്?)
ഉണരുമ്പോൾ മാഞ്ഞു പോകുമല്ലോ എന്ന് പേടിച്ച് അവൾ
കണ്ണു തുറക്കാൻ മടിച്ചു

ചുമരിലെ ഘടികാരം
നിശ്ചലമാവുന്നത്
പോലെ
ഒരിക്കൽ
തന്റെ പ്രണയം
പിൻവലിക്കപ്പെടുമല്ലോ
എന്നവൾ ആകുലപ്പെട്ടു

എന്നിട്ടും
അവൾ അയാളെ
സ്‌നേഹിച്ചു
അവൾക്ക് മറ്റൊന്നും ചെയ്യാനാവുമായിരുന്നില്ല

ലോകത്ത് ആദ്യ കാമുകനെന്ന പോലെ അവസാന കാമുകനുമുണ്ടല്ലോ

രണ്ട്​

ഇനിയും
മണ്ണിൽ
വിവസ്ത്രയായി
അമർന്ന് കിടക്കണമെനിക്ക്

നിലാവു പെയ്യുന്ന
നഗരത്തെ
പരസ്പരം നഗ്‌നരായ്
ഒരുമിച്ച് നോക്കിയിരുന്നതിന്റെ ഓർമ്മ

സിഗരറ്റു മണക്കുന്ന അവന്റെ ചുണ്ടിൽ
എന്റെ വിയർപ്പിന്റെ
ഉപ്പു രസം

ഞാനെന്ന ഒറ്റ
സഞ്ചാരി
നടത്തിയതൊക്കെയും
അവനിലേക്കുള്ള
യാത്രകളായിരുന്നു

ആഴക്കടലിലെ വെളിച്ചം എന്ന പോലെ
വിഷാദം
ആത്മാവിനെ
തൊടുന്നു.

യാത്ര ചെയ്യുന്ന
നഗരങ്ങളൊക്കെയും
അവന്റെ ചിരികൾ
കൊണ്ട് നിറയുന്നു.

എനിക്കിനിയും
ഒരുപാട് ദൂരം
സഞ്ചരിക്കാനുണ്ട്
പുളിച്ചു തികട്ടുന്ന
അവന്റെ ഓർമ്മകൾ
ഓക്കാനിക്കണമെനിക്ക്

പക്ഷേ അവനില്ലാതെ
ഒറ്റക്ക് ഞാനെങ്ങനെ?
​▮


റാഷിദ നസ്രിയ

കവി, എഴുത്തുകാരി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.എഡ് ചെയ്യുന്നു.

Comments