റാഷിദ നസ്‌റിയ

പാലത്തിനപ്പുറവും
​ഇപ്പുറവും

ത്രയോ എത്രയോ കാലമായി നമ്മൾ പരസ്പരം കണ്ടിട്ട്,
അല്ലേ?

ഒരിക്കലും ഒരുമിച്ചു തുടർന്നേക്കില്ല എന്നറിഞ്ഞു കൊണ്ടുതന്നെ വിരലിൽ വിരൽകോർത്തു സഞ്ചരിച്ച ദൂര ദുരങ്ങൾക്കുശേഷം ...

നിന്നിലേക്ക് നീളുന്ന
അവസാനിക്കാത്ത യാത്രകളാണ് ഇപ്പോളും
എന്റെ ഓർമകളുടെ പാലങ്ങൾ.

ഒരു പക്ഷേ ഒരുമിച്ച് യാത്ര
ചെയ്യാമെന്ന് നമ്മൾ തീരുമാനിക്കാതിരുന്നത്
എത്ര നന്നായെന്ന്
ഇപ്പോഴെനിക്ക് തോന്നുന്നു,
നിനക്കോ?

സ്‌നേഹത്തേക്കാൾ ഞാൻ കൊതിക്കുന്നത്
ഞാനായിരിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന്
നീ മനസ്സിലാക്കി.

കൂടുകളിൽ ശ്വസിക്കാൻ
വയ്യാത്ത
പക്ഷിയാണ് ഞാൻ.
നീ നിന്റെ ആകാശങ്ങൾ തേടി പറക്ക് എന്നു നീ പറഞ്ഞു.
അതുകൊണ്ടാണല്ലോ
നിന്റെ സ്‌നേഹം സത്യമാവുന്നത്.

ഇനിയൊരിക്കലും നമ്മൾ കണ്ടു മുട്ടുമെന്ന് തോന്നുന്നില്ല.
കണ്ടാലും തിരിച്ചറിയാൻ പറ്റാത്ത വിധം ഞാൻ നിന്നെ മറന്നിരിക്കുന്നു.

എന്റെ ഓർമകളിൽ നീയില്ല, ഇല്ലേയില്ല
എന്നാൽ എന്റെ ഹൃദയം
നിനക്കുവേണ്ടി പാടുന്നത്
എനിക്ക് കേൾക്കാം.

നീ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലുമറിയില്ല.
നിന്നിലേക്ക് എന്റെ ഓർമ്മകൾ കുത്തിയൊലിക്കുമ്പോൾ
ദിശയറിയാതെ കൈ കുഴഞ്ഞു ഞാൻ മുങ്ങിത്താഴുന്നു.
ഒരു പക്ഷേ ഏറ്റവും ക്രൂരമായി നിന്നെ ഉപേക്ഷിച്ചതിനെചൊല്ലി
ഞാൻ ഇന്നും പൊള്ളുന്നു.

നീ വിശ്വസിക്കുന്ന സ്വർഗത്തിൽ ഞാനും ഇന്ന് വിശ്വസിക്കുന്നു.
നീ മനുഷ്യരെ പരിഗണിക്കുന്നത് കാണുമ്പോൾ
എനിക്ക് നിന്നോട് അസൂയ തോന്നാറുണ്ടായിരുന്നു.

നീ മനുഷ്യർക്ക് കൊടുക്കുന്ന കേൾവിയാണ്
എനിക്ക് നിന്നോട് തോന്നുന്ന
ആസക്തി.

ഇരുകരകളിലേക്ക് ചിതറുന്ന ട്രെയിനിലോ മറ്റോ വെച്ചാണ്
നമ്മളാദ്യം കണ്ടുമുട്ടിയത്.
രണ്ട് അപരിചിതർ.
നമ്മൾ സംസാരിച്ച വാക്കുകൾ ഒക്കെയും സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു.
നീ എന്നെ തിരുത്തിയില്ല.
വെറുതെ കാതോർത്തിരിക്കുക മാത്രം.

മുറിഞ്ഞുപോയ എന്റെ വാക്കുകൾക്കിടയിൽ
കൂടു കൂട്ടിയ
നിന്റെ മൗനം.

കടൽ പോലെ വിഷാദം മൂടുന്ന ഓർമ്മയാണ് നീ.
പിന്നെയും പിന്നെയും ഏതോ കോണിൽ നിന്ന്
തിരകൾ എന്നെ പൊതിയുന്നു. ആത്മാവിനെ നനയ്ക്കുന്നു.

ഞാൻ ഞാനായി നടന്നുപോകുന്ന ഒറ്റവഴിയിലേ
എനിക്ക് നടക്കാനോ ഓടാനോ ആവൂ എന്ന് നിനക്കല്ലാതെ മാറ്റാർക്കറിയാം?

യാത്രയും കടലും നിന്നെ ഓർമ്മിപ്പിക്കുന്ന സ്മാരകങ്ങൾ.
എന്തോ കളഞ്ഞു പോയ ഒരുവളെ പോലെ
ഭ്രാന്തമായി പരതുമ്പോൾ
നിന്റെ അലിവ് പൊതിഞ്ഞ ഒരു തുണ്ടോർമ്മ
കയ്യിൽ തടയുന്നു.

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും
എന്റെ ആത്മാവിനെ തൊടാൻ
ഇനിയും നിന്നെപ്പോലെ
മറ്റാർക്കും കഴിയുന്നില്ലല്ലോ
എന്ന് ഞാൻ അത്ഭുതപ്പെടുന്നു.
​▮


റാഷിദ നസ്രിയ

കവി, എഴുത്തുകാരി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.എഡ് ചെയ്യുന്നു.

Comments