ഋഷികേശൻ പി. ബി.

സൗമ്യയായൊരു
​മുയൽ കുഞ്ഞ്

പേടി അടുത്തേയ്ക്കു
വരുമ്പോൾ
എനിയ്ക്കു പേടിയാവുന്നു
എന്ന് തോന്നാറുണ്ടോ?

ഇഴഞ്ഞുവരുന്ന
ഒരു പേടിയെ പതുക്കെ കയ്യിലെടുത്ത്
വിരലുകൾ കൊണ്ട് മൃദുവായി സ്പർശിച്ച്
ഉള്ളം കയ്യിൽ വച്ച്
ഒന്നു നോക്കിയിട്ടുണ്ടോ
എപ്പോഴെങ്കിലും?

കെട്ടുപിണഞ്ഞ
പന്തുപോലെയായ ചുവന്നനൂലിന്റെ അറ്റം
തിരയുന്നപോലെ
ഇഴപിരിച്ച്
ഉള്ളിൽ
നോക്കുമ്പോൾ,

എല്ലാ പേടിയ്ക്കു പിറകിലും
കൃത്യമായ ഒരു കാരണം
കാണാം,
അതുമറഞ്ഞിരിക്കും.

പണം നഷ്ടപ്പെടുമെന്നോ
പോലീസു വന്നു പിടിക്കുമെന്നോ
മഴയിൽ കുഞ്ഞിന് പനി പിടിയ്ക്കുമെന്നോ
മകൾ വരാൻ വൈകുമെന്നോ
കുളിമുറിയിൽ ഒറ്റക്ക് കുഴഞ്ഞു വീഴുമെന്നോ
വണ്ടിയിൽ മാലമോഷ്ടിച്ച്
എന്നെതള്ളിയിടുമെന്നോ
തലയിൽ വെള്ളിടി വീഴുമെന്നോ
എന്തും.

അവൾ എന്നെപ്പറ്റി
എന്തൊക്കെപ്പറയുമെന്ന്

അടുത്ത തിരഞ്ഞെടുപ്പിൽ
ടിക്കറ്റ് കിട്ടിയില്ലങ്കിലോ,
എനിക്ക് ഇഷ്ടമില്ലാത്ത നിറം തന്നെ
നിന്റെ കമ്മറ്റിക്കാർ
പുതിയചുമരുകൾക്ക് അടിയ്ക്കുമോ,
എന്നെ പ്രഭാഷണത്തിനു ഇനി
വിളിച്ചില്ലെങ്കിലോ,
എന്റെ കവിത
ഇക്കുറി ഓണപ്പതിപ്പിൽ അവർ
കൊടുത്തില്ലെങ്കിലോ,
പലതരം പേടികൾ.

നിഷ്‌ക്കകളങ്കമായ
പേടികൾ
പാമ്പിന്റെ മുമ്പിൽ പെട്ടുപോയ
തവളയെപ്പോലെ
തെങ്ങിൻമുകളിൽ വച്ച്
പേശികൾ അയഞ്ഞുപോയ
കൈകൾ പോലെ.

അല്ലെങ്കിൽ ഇരുട്ടത്ത്
തലയിൽ വീണ
പാറ്റയെപ്പോലെ
എത്രയോ പേടികൾ
അവയുടെ പടർവേരുകൾ.

എന്നാൽ
എല്ലാ പേടികളും
തുറക്കുന്നത്
ഒരു തരംമരണക്കിണറിലേക്കാണെന്നും
പറയുന്നുണ്ട്.

കിണറിൽ,
നിലാവു പോലെ തിളങ്ങുന്ന
ഒരുപളുങ്കുപാത്രമുണ്ടത്രേ
അതിന്റെ
മനോഹരമായ നിറച്ചേർപ്പുകൾ.
അനന്തമായഡിസൈനുകൾ
മാറുന്ന രൂപങ്ങൾ
വെള്ളമുയലിന്റെ
പഞ്ഞിപോലെ
മിനുസം
ചാരുത
സ്വന്തം വിരൽത്തുമ്പാൽ
ഒന്നു തൊടുമ്പോൾ.

ഇത്ര അനുസരണയും
സ്‌നേഹവുമുള്ള ഒരു
വളർത്തുമൃഗം
വേറെയില്ല.

ഇതിനെയാണോ പിന്നെ നിങ്ങൾ
പേടിച്ചു കൊണ്ടിരുന്നത്.


ഋഷികേശൻ പി. ബി.

കവി. പാതി പൊള്ളിയൊരക്ഷരം, കണ്ണാടിപ്പുഴ, മിണ്ടൽ, ഒന്നടുത്തു വരാമോനീ, കാണാതാകുന്നവർ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments