ഋഷികേശൻ പി. ബി.

പട്ടിയുടെ പാട്ട്

തൃശ്ശൂരു നടക്കുമ്പോൾ
തൃക്കാക്കര നടക്കുമ്പോൾ
മുമ്പേയിൽ നടക്കുമ്പോൾ
എവിടേയും നടക്കുമ്പോൾ
പട്ടി വന്നു നിറയുന്നു
മുമ്പിൽ വന്നു നിൽക്കുന്നു
റോട്ടിലൊക്കെ നടക്കുന്നു
മനസ്സിലൊക്കെ നടക്കുന്നു

തേക്കിൻകാടെറക്കത്തിൽ
ഇടത്തോട്ടും ചെരിയാതെ
വലത്തോട്ടും ചായാതെ
സമതലമായ് സമനിലയിൽ
പട്ടാളം റോട്ടിലൊരു
പട്ടി മുമ്പിൽ കിടക്കുന്നു

കടിക്കുന്ന പട്ടിയാവാം
കടിയ്ക്കാത്ത പട്ടിയാവാം
കടിച്ചാലും കടിയ്ക്കാതെ
കിടക്കുന്ന പട്ടിയാവാം
കുരയ്ക്കുന്ന പട്ടിയാവാം
കുരയ്ക്കാത്ത പട്ടിയാവാം
കുരച്ചാലും കുരയ്ക്കാതെ
കിടക്കുന്ന പട്ടിയാവാം
കുരയ്ക്കാതെ കിടക്കുന്ന
കുരയുള്ള പട്ടിയാവാം
കടിയ്ക്കാതെ കിടക്കുന്ന
കടിയുള്ള പട്ടിയാവാം

ചത്തപോലെ കിടക്കുന്ന
ചാവാത്ത പട്ടിയാവാം
ചത്തുപോയെന്നിട്ടും
ജീവിയ്ക്കും പട്ടിയാവാം

നമുക്കെല്ലാ പട്ടികളും
ഒന്നുപോലെ യാണെങ്കിലു-
എന്തൂട്ടാണെന്നു നോക്കാൻ,
ഒന്നു നോക്കാൻ, തിക്കായി
തള്ളായി, തല്ലായി

ക്യാമറകളതിനു ചുറ്റും
മറയായി മറിയുകയായ്
ചെരിഞ്ഞുനിന്ന്, ഇരുന്നുനിന്ന്
നിന്നിരുന്ന്, എടുക്കുകയായ്
ഉപഗ്രഹത്തിൽ പിടിയ്ക്കുകയായ്
പത്രത്തിൽ പടരുകയായ്

ശക്തൻ തമ്പ്രാനപ്പോൾ
ചന്തയിൽ നിന്നെത്തുന്നു
ചിന്തിച്ചു നില്ക്കുമ്പോൾ
വെങ്കലമായ് തീരുന്നു
ആളുകളതിനു ചുറ്റും
ആണായും പെണ്ണായും
അതുമിതുമായ് പറയുകയായ്
മത്സരത്തിൽ തോറ്റതാണെ
ഇതു നാടൻപട്ടിയാണെ
പടിഞ്ഞാറെ നടക്കാവിൽ
നിന്നു കറന്റ് ബുക്‌സ് വഴി
പുസ്തകത്തിൽ നിന്നിറങ്ങി
പരിണമിച്ച പട്ടിയെന്നും

ആളുകൾ അതിനുചുറ്റും
നേരംപോക്കാക്കുകയായ്
ആളുകൾ അറിയുകയായ്
പട്ടിയൊരാളാണല്ലൊ
ആളു പട്ടിയാണല്ലൊ
പട്ടയടിച്ചാണല്ലൊ
പാഠാളിയാണല്ലൊ

ആണല്ലൊ അല്ലല്ലൊ
അല്ലല്ലെന്നാണായി
പെണ്ണായും, ആണായും
അലമ്പായി ചിലമ്പായി
തുള്ളലായി തല്ലലായി
ലാത്തിയായി അടിയായി
കൊടിയായി പൂരത്തിനു പൊടിപൂരം
അന്വേഷണം കേമമാക്കാൻ
അന്വേഷണക്കമ്മീഷനായ്
അന്വേഷണം കമ്മിയായി
കമ്മീഷണറോടൊപ്പമിപ്പോ-
ളൊരു പട്ടി നടക്കുന്നു
കടിയ്ക്കാതെ കുരയ്ക്കാതെ
വാലാട്ടി നടക്കുന്നു
പാഠാളിയാവുന്നു

മനസ്സിലൊരു പട്ടിവന്നു
മുമ്പിലെത്തി നിൽക്കുന്നു.

* പാട്ടമാളി - പ്രമാണി▮​​​​​​​​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഋഷികേശൻ പി. ബി.

കവി. പാതി പൊള്ളിയൊരക്ഷരം, കണ്ണാടിപ്പുഴ, മിണ്ടൽ, ഒന്നടുത്തു വരാമോനീ, കാണാതാകുന്നവർ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments