റോസ്​ ജോർജ്​

തോണിക്കാരൻ

പ്പോൾ
തുറന്ന ആകാശത്തോട്
നദി സമ്മതം ചോദിച്ചു.

അതുകേട്ട യുവാവായ
തോണിക്കാരൻ
കരയിലേക്ക് ആഞ്ഞു തുഴഞ്ഞു

അവർ നാലു പേരുണ്ടായിരുന്നു.

വട്ടത്തിലുള്ള കടത്തുതോണിയെ
നാലായ് പകുത്ത് കണ്ണുകൾ കൊണ്ട്
ഓരോരുത്തരുടെയും അളവെടുത്ത്
അയാൾ ഇരിപ്പിടങ്ങൾ
കാണിച്ചു കൊടുത്തു.

മെടച്ചിൽപ്പണികളുടെ
ചേർപ്പിൽ ജലോപരിതലത്തിൽ
നാലു ജോഡി കാൽപാദങ്ങൾ
മദ്ധ്യബിന്ദുവിൽ എട്ടായി ഇരട്ടിച്ചു
ചേർന്നിരുന്നു.

തോണിക്കാരൻ ഇരിക്കാൻ
തനിക്ക് യുക്തമെന്നു തോന്നിയൊരു
വക്കത്ത് പങ്കായമെടുത്ത്
ചെരിഞ്ഞിരുന്നു.

കരയിൽ നിന്ന്
അകലുന്തോറും
നദിയുടെ വിരിവ്
കൂടുന്നതായി അവർക്ക്
തോന്നി.

വിരൽത്തുമ്പിൽ
ആഴത്തിന്റെ തണുപ്പ്.
ആഴത്തിലേക്ക്
ജീവിതത്തിന്റെ തരിപ്പ്.

പൊടുന്നനെ
അയാൾ ചോദിച്ചു.

തുഴയുന്നുവോ
ആരെങ്കിലും

കൂട്ടത്തിലെ ചെറിയ പെൺകുട്ടി
വേഗം
അതിനു ഉത്തരമേകി.
പിഞ്ചു കൈകൾ
പങ്കായം കൊണ്ട് നദിയെ
ഇക്കിളി കൂട്ടി.

ആകാശവാതിലുകൾ
അപ്പോഴും
തുറന്ന് തന്നെ കിടന്നിരുന്നു.

ഓരോരുത്തരും
അപ്പോഴത്തെ തങ്ങളുടെ
മനസ്സ്
പങ്കായം കൊണ്ട്
നദിയിൽ ഏഴുതി.

ഓളങ്ങളുടെ
ഇളക്കങ്ങളിലൂടെ നദി
പല താളുകളുള്ളൊരു
പുസ്തകമായി.

അവസാനം അവരുടെ
ഊഴം
വന്നെത്തി.
ആഴം ഒത്തിരി ഉണ്ടോ?

വിറയ്ക്കുന്ന കരങ്ങളോടൊപ്പം
ആ ചോദ്യത്തിൽ
ചുണ്ടുകളും വിതുമ്പി .

നാല്പത്തിയൊമ്പത് അടി

തോണിക്കാരൻ ചിരിച്ചു
കൊണ്ട് ആ വിതുമ്പൽ
മേലേവീട്ടിലേക്ക്
എറിഞ്ഞു കൊടുത്തു.

നദിയുടെ ഒത്ത നടുക്കായിരുന്നു
വഞ്ചി അപ്പോൾ.

ഒരു നിമിഷത്തിൽ
തോണിക്കാരൻ
പമ്പരം പോലെ വഞ്ചിയെ
ചുറ്റിച്ചു.
പിന്നെയത്
തൊട്ടിൽ പോലെ
രണ്ട് വശങ്ങളിലേക്കും
ഇളകിയാടി.

നദിയുടെ മാറിൽ വാത്സല്യം
നുരഞ്ഞു പൊങ്ങി
അനന്തതയെയും
ആഴത്തെയും
സാക്ഷിയാക്കി തോണി
തീരത്തോട് അടുത്തു.

ഇനി വാതിലടച്ചോളു
എന്നൊരു നോട്ടം
ആകാശത്തിനു കൊടുത്തിട്ട്
ആ നാല് പേരെയും
കരയെ ഏല്പിച്ചു
തോണിക്കാരൻ
ഉള്ളിൽ ഒരു പാട്ട് മൂളി.

ഒനിയൻ പിങ്ക്

ന്നേ ദിവസം
ചുവന്ന വെൽവെറ്റു പുതപ്പിച്ച
തട്ടു പലകയിലേക്കാണ്
അവൾ ആനയിക്കപ്പെട്ടത്.

കാലം അതായിരുന്നു.

ജീവിതത്തിന്റെ റാമ്പിൽ
ഒരുവളുടെ ഉടയാടകളുടെ
തിരഞ്ഞെടുപ്പ്.

അക്ഷമരായി വിധികർത്താക്കൾ.
അവിടെ രണ്ട് പ്രദേശങ്ങൾ കൂടിച്ചേരുകയാണ്.
രാജ്യം വികസിക്കുകയാണ്.

അരയിൽ മുറുകിയ നാടയിൽ ആഴ്ന്നിറങ്ങാൻ തയ്യാറെടുത്തു നില്ക്കുന്ന ഞൊറിവുകൾ.
ആറു മുഴം ചേലയിൽ
ക്ഷണനേരം കൊണ്ട്
ശരീരത്തെ പകുത്തെടുത്ത്
തോളിലേക്ക് ചായുന്ന
മാന്ത്രിക വിദ്യ.
നിരവധി സൂക്ഷിപ്പുകളുടെ
മേൽപ്പാളി.

പുരാതനമെന്നോ
പരമ്പരാഗതമെന്നോ
ആധുനികമെന്നോ
എഴുതിവച്ച കണ്ണാടിക്കൂടുകളിലേക്ക്
പായുന്ന കണ്ണുകൾ
അവയിലേക്ക് നീണ്ടു ചെല്ലുന്ന വിരലുകൾ.

ഒരുവൾക്കുവേണ്ടി
ആരോ നിറങ്ങൾ തിരയുന്നു.
ഒരുവൾക്ക് വേണ്ടുന്നതൊക്കെയോ
ആരാലോ നിശ്ചയിക്കപ്പെടുന്നു.

അന്തരംഗത്തിനുമേൽ
പുതിയൊരു പാളി വന്നു വീഴുകയാണ്.

കടലിന്റെ നീല,
രാജകീയതയുടെ ചുവപ്പ്
വീഞ്ഞിന്റെ , വാടാമുല്ലയുടെ,
പിസ്തയുടെ, നാരങ്ങയുടെ
തത്തമ്മയുടെ,
ഇഷ്ടികയുടെ നിറങ്ങൾ.

ഗ്യാലറിയിൽ ഇറുകി അടയുന്ന
കണ്ണുകൾ
മിന്നൽ ചിരികൾ,
ചൂണ്ടു വിരലിൽ ഉരയുന്ന
തള്ളവിരൽ.
ചരക്കുകളുടെ സമ്മതപത്രം
ഒപ്പിടുവിക്കുന്ന കാതുകൾ.

തൃപ്തി മൊത്തിക്കുടിച്ചു
ദേശങ്ങൾ വിശ്രമിക്കവേ
മണ്ണിന്റെ, ചെളിയുടെ,
വിളർച്ചയുടെ ഇരുട്ടിന്റെ
നിറങ്ങളുടെ ശബ്ദം അവൾ കേട്ടു.
അരക്കെട്ടിലെ നാടയിൽ നിന്ന്
മുക്തി നേടും മുൻപേ
അവൾ ദൂരേക്ക് കൈ ചൂണ്ടി.

‘ഒനിയൻ പിങ്ക്.’

അല്ലെങ്കിലും

നേർത്ത മേലുടുപ്പിൽ നിന്ന്
അടരുകളായി വഴുതി മാറി
അകക്കാമ്പിൽ തന്നെ കണ്ടെത്താൻ
അങ്ങനെയൊരു തീരുമാനത്തിന്
മനക്കെട്ടിട്ട് അവൾ വേദി വിട്ടിറങ്ങി.

​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


റോസ്​ ജോർജ്​

കവി, കഥാകൃത്ത്​, അധ്യാപിക. Bitter Almonds, Ether Ore എന്നീ ഇംഗ്ലീഷ്​ ആന്തോളജികളിൽ കഥയെഴുതിയിട്ടുണ്ട്​.

Comments