കല്ലുകൾ അടർന്നുപോയ തുരങ്കത്തിന്റെ
അവസാന രഹസ്യഅറയാണ് ഞാൻ
നിലവിളിക്കാൻ മാത്രം പഠിച്ച ഒരുകൂട്ടം ആളുകൾ
എന്റെ ഉടലിൽ അള്ളിപ്പിടിച്ചിരിക്കുന്നു
വെളിച്ചമോ ഇരുട്ടോ ഇല്ലാത്ത ഭൂമിയിൽനിന്ന്
മരണപ്പെട്ടവർ
എന്നെ ക്ഷണിക്കുന്നുണ്ട്
കല്ലറകളുടെ വിധിയിൽനിന്ന് ഞാൻ പുറത്തുചാടട്ടെ!
നിലാവിനെ സ്വപ്നം കാണട്ടെ!
അങ്ങനെ ഞാൻ ആലോചിക്കുമ്പോൾ
സൂര്യനുനേരെ പറക്കുന്ന വവ്വാൽ കൂട്ടത്തിൽനിന്ന് ഒന്നുമാത്രം
എന്നെ തിരിഞ്ഞുനോക്കുന്നു
പെൺ വവ്വാലുകളുടെ ഗർഭപാത്രം പൊട്ടി ഭ്രൂണങ്ങൾ
ഭൂമിയിലേക്ക് ഒഴുകുന്നു
മൂങ്ങകൾ ഭീഷണി പോലെ മൂളുന്നു
വവ്വാലിന് പതിയെ കഴുകന്റെ മുഖം പരക്കുന്നു
നിന്റെ കണ്ണുകളിൽ പ്രേതങ്ങളുടെ നൃത്തം പ്രതിഫലിക്കുന്നു
അവസാനിക്കാത്ത ചോദ്യങ്ങളുമായി കുറെയേറെ കുറുക്കന്മാർ...
മൃഗങ്ങളുടെ ഒരുകൂട്ടം!
മൃതപ്പെട്ടവരുടെ പാട്ട് കേട്ട്
മരിക്കാൻ കൊതിക്കുന്നു
കാഴ്ചയുടെയും കേൾവിയുടെയും എല്ലാ കവാടങ്ങളും
പെട്ടെന്ന് വലിച്ചടയ്ക്കപ്പെടുന്നു.
ഓർമയുടെ എല്ലാ ഇടവഴികളിലും ചോരയോട്ടം നിലയ്ക്കുന്നു.
പകലും രാത്രിയും പോരാട്ടങ്ങളിലൂടെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു
നാലു കാലുകളും ഒറ്റക്കണ്ണുമായി
മനുഷ്യർ ജനിക്കുന്നു.
വിശക്കുമ്പോൾ ഓരോരുത്തരും നഗ്‌നരാകുന്നു
എന്നിട്ട് അവരവരുടെ ആമാശയം ചുട്ടുതിന്നുന്നു.
നഗ്‌നതയിൽനിന്ന് അഗ്‌നിയുടെ പൂക്കളും
വസ്ത്രങ്ങളിൽനിന്ന് അസൂയയുടെ ശ്മശാനസുഗന്ധങ്ങളും പരക്കുന്നു.
എനിക്കും നിനക്കും ഇടയിൽ ഇരുട്ടുവീഴുന്നു
എല്ലാ കഥകളിലും
എന്റെയും നിന്റെയും പുനർജന്മങ്ങളുടെ
കഥ കേൾക്കുന്നു
ദൈവവും പിശാചും തമ്മിലുള്ള തർക്കങ്ങളിൽ നിന്ന്
നിലാവ് മാറിനിൽക്കുന്നു
നിന്നിൽനിന്ന് ഒരു നിശ്വാസമടർന്ന് മേഘങ്ങളിലേക്ക് ചേരുന്നു.
തേനീച്ചകൾ നിന്റെ മധുരം നുണയുന്നു
ഇലകളിൽനിന്ന് പച്ച ഊർന്നു പോയി കടലിലേക്ക് കലരുന്നു
പ്രണയത്തിന്റെ നീലയിൽനിന്ന് ഊതനിറം ഒഴുകിപ്പോകുന്നു.
എല്ലാ പുഴകളിലെയും മീനുകൾക്ക് വഴിതെറ്റുന്നു.
മറവികളിൽ ശവശരീരങ്ങൾ നൃത്തം ചെയ്യുന്നു.
നോക്കൂ, ഇത് ഉയർത്തെഴുന്നേൽപ്പിന്റെ കാലമാണ്.
എല്ലാവരുടെയും കണ്ണുകളിൽ ഓരോ കത്തി തെളിയുന്നു
എന്റെ നെഞ്ചിൽ നിന്ന് ഒരൊറ്റക്കുളമ്പ് മുളച്ചുവരുന്നു.
രണ്ട്വിമോചനം
ഒന്നാലോചിക്കുക
കൊടിയ രോഗകാലം അവസാനിച്ചു
പ്രളയങ്ങളിൽനിന്ന്,
ചതികളിൽ നിന്ന്
കയറി വരാൻ
എനിക്ക് മരങ്ങളില്ലാത്ത ഒരു കാടുണ്ട്.
ആദി വനത്തിൽ പഴുത്ത് പാകമായ പഴം ഇപ്പോൾ എന്റെ വാക്കിലാണ്
കൊളുത്തി കിടക്കുന്നത്.
ഋതുക്കൾ മാറുമ്പോൾ ഇവിടെ പൂക്കളുടെ നിറം മാറുമായിരിക്കും മനുഷ്യചരിത്രത്തിൽ തോൽവികൾക്ക്
അതിന്റെതായ താളുകളുണ്ട്.
സൂര്യനും നക്ഷത്രങ്ങളും തിരിച്ചറിയാതെ പോയ ഒരു മുഖം ചന്ദ്രനുണ്ട്
കാമവും ഉഷ്ണവും പകയും നിറഞ്ഞ ആ മുഖം നമ്മെ
വെളിച്ചത്തിൽ നിന്ന് മറച്ചു വെക്കും.
മൂങ്ങകൾ നയിക്കുന്ന കപ്പൽ ഇപ്പോൾ
തുറമുഖത്ത് അടിഞ്ഞിട്ടുണ്ട്.
നിനക്ക് വേണമെങ്കിൽ യുദ്ധകഥകൾ പറയുന്നത് നിർത്തി
നഗ്‌നനായി ആ കപ്പലിലേക്ക് കയറാം
കൊലപാതകങ്ങളുടെ കഥകൾ കേൾക്കുന്നത് നിർത്തി എനിക്കും.
അറിയുമോ ഈ വെളിച്ചമാണ് നമ്മെ ഭയപ്പെടുത്തുന്നത്
പരസ്പരം ചിരിക്കുമ്പോൾ തേറ്റകൾ തിളങ്ങുന്ന നമ്മുടെ ചുണ്ടുകളുടെ രഹസ്യം അങ്ങനെതന്നെ ഇരിക്കട്ടെ.
മനുഷ്യൻ എന്നത് കളങ്കമില്ലായ്മയുടെ മറ്റൊരുപേരൊന്നുമല്ലല്ലോ.
മൂന്ന്കവി മരിച്ച നാൾ
നിന്റെ ഉറക്കം മുറിഞ്ഞുകാണും
നിന്റെ വായന നിന്നുപോയിരിക്കും
നിന്റെ മുറിയിലെ തണുത്ത പങ്ക നിലച്ചുപോയിരിക്കും.
നിന്റെ ഘടികാരം,
നിന്റെ ഓർമ..
എല്ലാം നിന്നുപോയിരിക്കും
അവിടേക്ക് ഞാൻ ഒരു മിന്നാമിനുങ്ങിനെ പറത്തിവിടും
മരണപ്പെട്ട കവി
വീണ്ടും നിന്നെ ഓർക്കും
തെരുവുകളിലെ പാട്ടുപെട്ടിയിൽ നിന്ന്
നീക്കം ചെയ്യപ്പെട്ട അവന്റെ കവിത
നിന്റെ സ്വപ്നങ്ങളിൽ അഭിവാദ്യം ചെയ്യും
കണ്ണാടിയിൽ അവനെക്കണ്ടു നീ ഞെട്ടും
ഇത് ജീവിതത്തിന്റെ
പുതിയ മാനിഫെസ്റ്റോ
ഇതിൽ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അധ്യായം ഉണ്ട്
അത് വായിക്കരുത്
തൊട്ടടുത്ത്
നഗ്‌നതയെ കുറിച്ചുള്ള അധ്യായമാണ്.
അത് വായിക്കൂ
നാല്പകലിരവുകൾ
ഭൂമിയുടെ അവസാന ദിവസം
നാം നടക്കാനിറങ്ങി
വഴിയിൽ ഞണ്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ
വിളക്കുകൾക്കുപകരം
കാടൻ പൂച്ചയുടെ പച്ചക്കണ്ണുകൾ തിളങ്ങി
ഓർമയിൽ നഗരത്തിലെ തിരക്കുകൾ തേട്ടിവന്നു
വഴിയുടെ ഉള്ളിൽ
പ്രണയം ഉറവ കൂട്ടി.
നൂറ്റാണ്ടുകൾക്കുമുമ്പ് നാം നഗ്‌നരായി ഈ വഴി നടന്നിരുന്നു
അത് ഭൂമിയിലെ ആദ്യ ദിവസമായിരുന്നു.
പിന്നീട് ഏറെ വർഷങ്ങൾ ഈ വഴി നമ്മുടെ പേരിൽ തൂങ്ങിയാടി.
ഒടുവിൽ ഈ വഴി രണ്ടായി പിരിഞ്ഞ് നിന്നെ നരകത്തിലേക്കും
എന്നെ സ്വർഗ്ഗത്തിലേക്കും നയിച്ചു.
നോക്ക്,
ഓർമകൾക്ക്
കാലബന്ധങ്ങളില്ല
ഇപ്പോൾ ഇവിടെ കാലൻ പൂച്ചയുടെ കണ്ണുകൾ മാത്രമേയുള്ളൂ
ഇത് അവസാന ദിവസമാണ് നമുക്ക് ഒന്നുകൂടി
മനസ്സറിഞ്ഞ് ജീവിക്കാം
അഞ്ച്ഓർമിക്കുമ്പോൾ
ചിത്രകാരനെയും കവിയെയും നിന്നെയും
ഒരുമിച്ച് കണ്ടു
കടൽക്കരയിൽ
ചിലർ ആ കാഴ്ചകൾ നിറങ്ങളിൽ ഒപ്പിയെടുത്തു
ചിലർ കറുപ്പിലും വെളുപ്പിലും
പക്ഷേ,
പകർത്തിയ ചിത്രങ്ങളിൽ
മുഖമില്ലാത്ത
നഗ്‌നരായ മൂന്ന് ആത്മാക്കൾ!
ആറ്കവിത വന്നനാൾ
കവിത വന്നനാൾ ഏതെന്ന് തർക്കം
ഞാൻ നിശ്ശബ്ദയായി
മണ്ണിലെ വിടവുകൾ
എന്നെ ക്ഷണിച്ചു
നഗ്‌നയായി ഞാൻ ഇറങ്ങിച്ചെന്നു
കവിത വന്നനാൾ
തെളിഞ്ഞു
എട്ട്തോട്ടം
കൊഴിഞ്ഞ ഇലകൾ
വാടിയ പൂക്കൾ
തവിട്ടും മഞ്ഞയും പച്ചയും കലർന്ന ഉടൽ
ഓരോ മരത്തിലും അടിച്ചിറക്കിയ ആണികൾ
തടിയിൽ വരിഞ്ഞുകെട്ടിയ ഇരുമ്പുനൂലുകൾ
ഇനി ഞാൻ എന്താണ് പറയേണ്ടത്
നിന്റെ പഞ്ചേന്ദ്രിയങ്ങളുടെ വളക്കൂറിൽ ഞാൻ നട്ട ഓർമകളുടെ വിത്തുകൾ!
ഒലിച്ചുപോയ പ്രളയകാലത്തെക്കുറിച്ചോ?
നായ്ക്കൾ ഓരിയിടുന്ന
ആ തോട്ടമാണ്
എന്റെ മനസ്സിൽ.
മനുഷ്യരെ എത്ര സ്‌നേഹത്തോടെയാണവർ നക്കിത്തുടയ്ക്കുക!
രാപകൽ നിറയുന്ന നിന്റെ നിശ്ശബ്ദതയെ ഞാൻ മാത്രമേ കരച്ചിൽ എന്ന് തിരിച്ചറിയൂ.
നിനക്കറിയുമോ നിന്നെ ഞാൻ എത്രമേൽ പ്രണയിക്കുന്നുവെന്ന്!
ഭൂമിയിൽ
നഗ്‌നരായ
മനുഷ്യരുടെ കുമ്പസാരമാണ്
കുറ്റവാളികളുടെ ഈ തോട്ടത്തിൽ നിന്ന്
എത്രയും വേഗം നീ രക്ഷപ്പെടുക
കറുപ്പും തവിട്ടും കലർന്ന അഭിനിവേശങ്ങളിൽ നിന്ന്
നീ ഓടിരക്ഷപ്പെടുക.
നിന്റെ നിഗൂഢപ്രണയങ്ങളിലേക്ക്
എപ്പോൾ വേണമെങ്കിലും കള്ളിമുൾ ചെടികൾ പടരാം.
നിന്റെ ഓർമ്മയുടെ വേരറുക്കാൻ തെറ്റിയോടുന്ന സമയം കുതിച്ചെത്താം
അതിനുമുമ്പ് എനിക്ക് ഈ വരികൾ ഭാഷയിലേക്ക് വിവർത്തനം ചെയ്യണം
നിനക്കറിയുമോ ഇത് പൂർത്തിയാകുന്ന നിമിഷം ജീവനൊടുക്കാനാണ് തീരുമാനം.
വേട്ടപ്പട്ടികളുടെ കുര.
നിഗൂഢ സ്വപ്നങ്ങളിലെ രതി
വേർപെട്ട അവയവങ്ങളുടെ കരച്ചിൽ.
ദയവിന്റെ ആകാശ നൗകകൾ
ഏകാന്തതകളിൽ മഴ
ഓരോ വാക്കിലും
നഗ്‌നതയെ കുറിച്ചുള്ള
ഓരോ മഹാകാവ്യമുണ്ട്
അബോധങ്ങളുടെ ഉറക്കത്തിൽ തെളിയുന്ന സ്വപ്നങ്ങൾക്കു മാത്രമേ അത് എഴുതിയെടുക്കാൻ ആവു.
എന്റെ കണ്ണുകളിൽ ഇപ്പോൾ കറുത്ത പച്ചകൾ പാകിയ ഈ തോട്ടം മാത്രമേയുള്ളൂ.
കടും പച്ചപ്പായൽ മെഴുകിയ അതിന്റെ
ജലരാശിയിലേക്ക് നഗ്‌നനായി ഊളിയിടുന്ന നിന്റെ ഓർമയേയുള്ളൂ.
സൂര്യരശ്മികൾ നിന്റെ
ഉടലിൽ തീർക്കുന്ന കാന്തിയേ ഉള്ളൂ.
എന്റെ അനാഥത്വത്തിൽ
നിന്ന്
നിന്നിലേക്ക് എനിക്ക് ഊളിയിടണം
വാക്കുകൾക്ക് മേല്പുരണ്ട കറുത്ത കറയിലേക്ക്
ഞാൻ ഒരു തുള്ളി പച്ച
കോരി ഒഴിക്കുന്നു.
എന്നിട്ട് നിന്റെ മുഖച്ഛായയിൽ ഞാനെന്നെ കുഴച്ചെടുക്കുന്നു.
എട്ട്ഉദയാസ്തമയങ്ങൾ
ഇടയ്ക്കിടയ്ക്ക് നിന്നുപോകുന്ന
ഈ പേനയിൽ
ഒളിപ്പിച്ചുവെച്ച മുലപ്പാലുണ്ട്.
ആദികവിയുടെ മറവികൾക്കൊപ്പം
അവ നൃത്തം ചെയ്യുന്നു.
വാക്കുകളിൽ കൂടേറിയ പക്ഷികൾ
എന്റെ ഉടലിൽ കൊക്കുകൾ അമർത്തുന്നു.
നീ അന്യനാക്കപ്പെട്ട ജലാശയത്തിന്റെ
കരയിൽ ഞാനൊരു കൊടിക്കൂറ നാട്ടുന്നു.
കാലങ്ങൾ കുതിച്ചു പായുന്നതും
നമുക്ക് ഇരുവർക്കും പ്രായമേറുന്നതും കണ്ട്
ഒരു കാക്ക ഊറിച്ചിരിക്കുന്നു.
ഇലപൊഴിയുന്ന മരങ്ങളുടെ നിസ്സാരതയിൽ
ഒരു ആട്ടിൻകുഞ്ഞ് ദേഹമുരുമ്മുന്നു.
നീ പോകുന്നിടത്തേക്ക്
ഒരു ആമ ഓടിവരുന്നു.
അതിന്റെ വേഗത്തിനൊപ്പം എത്താനാവാതെ
എല്ലാ ഒച്ചകളും നാണിച്ചു തലതാഴ്ത്തുന്നു.
ഉപരിതലമില്ലാത്ത ഒരു കടൽ തലമൂടി കൊണ്ട്
നിന്റെ വീട്ടിലേക്കു നഗ്‌നനായി വരുന്നു
ഭാഷയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റംവരെ
മരിച്ചവരുടെ ഘോഷയാത്ര തുടരുന്നു.
ഒരു നിശ്ശബ്ദത മണ്ണിലേക്ക് തലപൂഴ്ത്തി ഉറക്കം നടിക്കുന്നു.
വാർത്തകൾ അവസാനിച്ച ഭൂമിയിൽ
പക്ഷികൾ നഗ്‌നരായി കവാത്തിറങ്ങുന്നു
ഒമ്പത്ജലച്ചായം
ആത്മാവിൽ ജലം കലരും പോലെ
ചോരയിൽ കേടായ ഞരമ്പുകൾ വേരിറക്കുന്നു
തൊലിക്ക് മുകളിൽ
മറ്റൊരു തൊലിയടര്
വളർന്നുവരുന്നു.
ഋതുക്കളുടെ പകർച്ചയിൽ
വേരോടുന്ന
പക്ഷികളുടെ നഗ്‌നതകൾ
കൂകൽ പോൽ നിന്റെ അസാന്നിധ്യങ്ങൾ
കടലിന്റെ നഗ്‌നമായ അരക്കെട്ടിനുചുറ്റും
പാറി നടക്കുന്ന കടൽക്കാക്കകൾ.
തലക്കെട്ടില്ലാത്ത കവിതകൾ
ഉരുകിയൊലിക്കുന്ന
ഉടലിലൂടെ നീന്തിവരുന്നു.
ഈ ഒഴുക്കിൽ നിന്ന് എനിക്ക് കരകയറണം.
ഈ ആൾക്കൂട്ടത്തിൽ എനിക്ക് ഒറ്റയാവണം▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.