സാജോ പനയംകോട്​

ചോരച്ചിറകുള്ള ശലഭങ്ങൾ

കൊതിയും നൊണയും
പുകച്ചൂതി കുരച്ച്
നാട്ടിൻപുറമെന്ന നഗരത്തിലെ
ചെറുകടയിലിരിക്കുന്നേ
കടുത്ത നിറമണിഞ്ഞ
മുടി കറുപ്പിച്ച
മൂന്നാലു പേർ,
ഷോർട്‌സിട്ട ഒരു കുഞ്ഞുശലഭം
ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ നേരത്ത്.

ഇവിടത്ര ശരിയല്ലെന്ന് ഒരുത്തൻ.
അവളുടെ കറുത്ത
കാൽവണ്ണയിൽ കിളിർക്കാനായും
രോമാഞ്ചം കണ്ട് രണ്ടത്തൽ,
‘ കൊച്ചല്ലേ '
മൂന്നത്തൻ മിണ്ടീല്ല,
ഷോർട്‌സിന്റെ പിന്നിലെ അഞ്ചാറ്
നൂലുകൾ പൊട്ടിക്കിടക്കുന്നത്
സീൻപിടിച്ചിരുന്നു
ഒരുത്തനും രണ്ടത്തനും
മൂന്നത്തനും നാലത്തനും.....
കാണാതെ.
അവളാ സൈക്കളിൽ കയറുമ്പോഴത്
കീറുമായിരിക്കാം

കടക്കാരൻ കൊടക്കമ്പി ചോദിച്ചേ
‘എത്ര ഡോഗ് ഉണ്ട് '
‘കുറച്ചുണ്ട്, പലയിനം
ജീവനുള്ളതും ചത്തതും
ബിസ്‌ക്കറ്റ് താ
അണ്ണാക്കി തള്ളിക്കൊടുക്കട്ടെ'

പെട്ടെന്ന് അവർ തന്ത്രത്തിൽ
മുട്ടായികളിലടക്കം കിട്ടിയ
പാക്കറ്റുകളിൽ കയറി ഒളിച്ചേ
മാലപോൽ തൂക്കിയിട്ടതും
കട്ടപോലടുക്കി വച്ചതും
കുപ്പിയിലടച്ചതും
ഭിത്തിയിലൊട്ടിച്ചതും

ഉണങ്ങിവീണ ഓലേം മടലും പോലെ അവരുടെ ചെരിപ്പുകളതിൽ ആ
വൈകുന്നേരവും കയറിയിറങ്ങിപ്പോകവെ
സ്‌കൂൾ ബസ്സിലിരിക്കുന്ന കുട്ടികളപ്പോ
കിടുകിടന്ന് കുലുങ്ങുന്നുണ്ടേ
പേടിച്ച് നോക്കുന്നുണ്ടേ

വീട്ടിലെത്തി
ചില രഹസ്യങ്ങൾ പറയാതെ
സോക്‌സ് ഊരാതെ
ചായയിൽ മുക്കി ബിസ്‌ക്കറ്റ്
ഇറുന്നു വീഴാതെ തിന്നുമ്പോൾ
അവൾ പട്ടിയെ വിളിച്ച പേരെന്തായിരിക്കും.

കേട്ട് ചിരിച്ച്
അതാലോചിച്ചാണ് അമ്മ
അയയിൽ ഉണങ്ങിയ
മഴവില്ലുപോലുള്ള യൂണിഫോമുമായി
മൂറീല് കേറി വന്നത്.

ശലഭം ഇന്ന് സ്‌കൂളീന്ന് തിരിച്ചെത്തീട്ടില്ലെന്ന്
ഒരു മിന്നൽപ്പിണർ.
ബിസ്‌ക്കറ്റ് തിന്ന പട്ടികൾ
നാലുപാടും കുരക്കുന്നുണ്ടേ
ക്യാമറകൾ തിക്കിത്തിരക്കുന്നുണ്ട്.

മൂന്നാം പ്രാവശ്യം
ക്യാമറയിൽ കരയുമ്പോൾ
അമ്മ ലേശം പൗഡറുമിട്ടിരുന്നേ
നാട്ടുകാർ കാണുന്നതല്ലേ.

വീടിന്റെ തലയിലെല്ലാം
പൂക്കൾ വിരിയുന്നതും
ശലഭങ്ങൾ ഒരായിരം
പറക്കുന്നതും കണ്ടേ
എല്ലാത്തിനും ചോരച്ചിറകുകൾ.
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സാജോ പനയംകോട്

കവി, തിരക്കഥാകൃത്ത്, ചിത്രകാരൻ. പിമ്പുകളുടെ നഗരത്തിൽ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments