സമുദ്ര നീലിമ

ചോരയുടെ
​പ്രേതം

കുഴിമാടങ്ങൾ തകർത്ത്
നിലമാകെ പരന്നൊഴുകി
ഉറങ്ങി കിടക്കുന്നവരുടെ
കട്ടിലോളം ചെല്ലുന്ന ചോര.

ചോരയുടെ വരവ്,
ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല

ചോരയുടെ നാവ്,
നക്കി വെടിപ്പാക്കുന്ന അനുസരണ.

ചോരയുടെ പൂട്ട്,
തൊടുമ്പോൾ കട്ട പിടിക്കുന്ന
കൈവിടുമ്പോൾ മുക്കി കൊല്ലുന്ന ഇരുമ്പ്

അച്ഛൻന്മാരും അമ്മാവന്മാരും
സഹോദരങ്ങളും ചോരയുടെ
ട്രൈയിനിൽ സമയം തെറ്റാതെയോടി
ചോരയിൽപ്പെടാത്തവരെ
അവർ പുറത്തേക്കെറിഞ്ഞു
ട്രെയിൻ മൂന്നോട്ടു പോയി

ചോര ഉയർത്തെഴുന്നേറ്റു
പിന്നെയും പിന്നെയും
ഇരയെ തേടി വന്നു
കട്ടിലിനടിയിൽ ഒളിച്ചവരെയും
കൈതക്കാട്ടിൽ മറഞ്ഞവരെയും
വിദൂരങ്ങളിലേക്ക് പോയവരെയും
ചോരയുടെ വാൽ വന്നു കൊത്തി
നീലിച്ച ശരീരങ്ങൾ ദയനീയമായി
ചോരയിലേക്ക് മടങ്ങി
അതിന്റെ ആർത്തി അപാരം
ഒന്നിനുമൊറാൾക്കുമതടങ്ങിയില്ല
പ്രേമികൾ, പിഞ്ചു കുഞ്ഞുങ്ങൾ,
ഗരഭിണികൾ ചോരയിലൊലിച്ചു പോയി
അതിനു വേണ്ടാത്തവരെയെല്ലാം
അത് നിരുപാധികം വക വരുത്തി
ചോര നയിക്കുന്ന വംശഹത്യ
ചോരയുടെ കൂടിയ കപടത
തട്ടുതട്ടായി പണിത കുടിലത
ചോര, ചോര, ചോരയുടെ രാജ്യം
ഇഴഞ്ഞിഴഞ്ഞ് എല്ലാ ചുവപ്പിലും
തല പൊക്കുന്ന അതിൻ പട്ടാളം
മരണഗന്ധമുള്ള തണുത്ത കാറ്റ്
അതിർത്തികളിൽ അലയുന്നു

ചോരയുടെ പ്രേതം
ഭൂതലമാകെ പുകഞ്ഞ്
ഇരച്ചിരച്ചു പടരുന്നു
അതിന്റെ കോമ്പല്ല് മൊഴിഞ്ഞു:
നീയെനിക്ക് വളരെ പ്രിയപ്പെട്ടവൾ
എന്റെ ചെറിയ പെൺകുട്ടി
നിന്റെ വിവാഹമെത്ത ഞാനൊരുക്കും
നിന്റെ കുഞ്ഞുങ്ങൾ എന്റേത്.
നീ എന്റെ ഓമന.
നല്ല കുട്ടി.
എന്റെ അരുമയായ
വളർത്തുമൃഗം.
എന്റെ എന്റെ എന്റെ.
നിന്റെ അതിർത്തി ഞാൻ.
ഞാൻ ഞാൻ ഞാൻ.
​▮

Comments