സമുദ്ര നീലിമ

തരുണാസ്ഥി

ചെവിയിലൂടെ കയറിപ്പോവുന്ന
ഒരുറുമ്പിൻ നിര കൊടുംമഞ്ഞിൽ
നരച്ച ശ്വാസത്തിൻ ചൂളം വിളി
സൂര്യ പ്രകാശത്തിലേക്കാഞ്ഞു
തെല്ലു വളഞ്ഞ പാതയിൽ നട്ടെല്ല്

തൊണ്ടക്കുഴിയിൽ വാറ്റിയ
വിയർപ്പിനരികുപറ്റി
നിലാവിൽ കൂട്ടിയ അടുപ്പ്
മലമുകളിൽ നിന്നും കൊള്ളി
ഒരു പൂവൻ കോഴിയുടെ കുരൽ തീ
വെണ്ണീറു മുടിയുള്ള പെണ്ണുങ്ങൾ
അടുപ്പിന് ചുറ്റും ആടി പാടി
അടി വെച്ചടിവെച്ചു കത്തിക്കുന്നു
വെപ്പിനും വേവിനുമിടയ്ക്ക്
സമയം കൊല്ലാനാവാം,
പുകഞ്ഞുനീറും കണ്ണാൽ
മങ്ങുന്ന ചന്ദ്രനെ ഒരുവൾ
തെളിവെള്ളത്തിൽ കുത്തിമലർത്തി
ചന്ദ്രൻ മുള്ളില്ലാത്ത ഒരു മീൻ,
തുണ്ടം തുണ്ടം അടുത്ത കറി.

മൂക്കിൽ വെന്ത മാംസത്തിന്റെ മണം
പാലം തകർന്നു വീണ യാത്രികർ
അവർ നീന്തി കയറും വാ വെള്ളം
അടപ്പ് തുറന്ന പാത്രത്തിൽ നിന്നും
മുഖത്തേക്കടിച്ചു കയറുന്ന ആവി
അരപ്പിലേക്ക് തയ്യാറാവുന്നീയുലകം
തിളപ്പിലേക്കിറങ്ങുന്ന തവി.

ഇറച്ചിക്കറി പകർത്തി വിളമ്പിയ പിഞ്ഞാണ-
വിളുമ്പിലൂടെ ഒരാൾ പ്രേതം ചുറ്റിയടിക്കുന്നു
കയ്യിടുന്നു ഞങ്ങളുടെ കൈകൾ പൊള്ളി തൊലിയുരുകി
ഞങ്ങൾ പരസ്പരം വിരലുകൾ കൈകളിലെടുത്ത്
ഊതുന്നു ഈമ്പുന്നു നേർത്ത എരിവ് ഇളകിയ തൊലി
ഞങ്ങളുടെ വട്ടമേശ പതിയെ വായുവിൽ കറങ്ങുന്നു
ഞങ്ങളുടെ പ്രാർഥനയുടെ കൊതി മൂത്ത്
ഒരിത്തിരി കൂടി വെന്ത ഇറച്ചിയിൽ
ഉറപ്പ് വേർപെടുമ്പോൾ രുചി എല്ലിന്റെ ഉപ്പ്
ഒരൊറ്റ സവിശേഷ അസ്ഥി ഞങ്ങൾ
ഇടയിലിടയിൽ കൈകോർത്ത്
നക്കി വെളുപ്പിക്കുന്നു രാത്രി
ഒടിവിലും വളവിലും കാവൽ
വെളുത്ത വസ്ത്രമണിഞ്ഞ സ്ത്രീകൾ
പല്ലുകൾക്കിടയിൽ എല്ലാം ആരാധന
ചെടിതടത്തിലുദിക്കും മിന്നൽ വെളിച്ചം
ഇരുട്ടിൽ പിഞ്ചുകുഞ്ഞുങ്ങളുടെ ചോരിവാ.

ആർത്തി നാവിൽ ആടുമാടുകളെ തെളിച്ചുപായും
ചെളിവെള്ളത്തിൽ ഒരു പോത്തിൽ നമ്മൾ ഇരുമ്പ്
വെള്ളം വലിഞ്ഞ പാറക്കെട്ടിൽ ഉണങ്ങാനിട്ട വേട്ട

നമ്മുടെ കൂട്ടംകൂട്ടമായെത്തുന്ന യൗവനം
അന്തിനേരം നേരം കുന്നിൻപുറം ചെമ്മരിയാടുകൾ
അടുത്തവർഷവും പുതയ്ക്കാനുള്ള പുതപ്പുകൾ
അമ്മമാർ വിവാഹിതരാവുന്ന പെണ്മക്കൾക്ക്
കരുതുന്ന കട്ടിയുള്ള തുണികൾ ഞങ്ങൾ കട്ടെടുക്കുന്നു
ഉറച്ച വേട്ട അതിൽ പൊതിയുന്നു
ചോര അതിൽ നിങ്ങൾ കാണുകയില്ല


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments