​മാറ്റെഴുത്ത്

സെറീന

സെറീന

റങ്ങിയുറങ്ങി കുതിർന്നുപോയ
കൺപോളകൾക്കപ്പുറം
പല ഭാഷകളിലേക്ക് ചിതറിപ്പോയ
ലോകത്തെ ഒരു വാക്കിലേക്ക്,
പൊക്കിൾക്കൊടി പോലെ
നീലിച്ച ഒറ്റ വാക്കിലേക്ക്
വിവർത്തനം ചെയ്യുന്നു.

ചിതയിലേക്കെടുക്കുന്നതിന് തൊട്ടുമുൻപ്
കണ്ണിമയനക്കത്താൽ
ജീവിതം ശ്വസിച്ച ഒരാളെപ്പോലെ
ഭൂമിയുടെ വിളുമ്പിൽ നിന്നൊരുവൾ
നിറയെ വേരുകൾ പാഞ്ഞ മണ്ണിൽ,
മുറിഞ്ഞു പോയ മരത്തിന്റെ
അവസാന ചില്ലയെ വിത്തുകളുടെ
ഭാഷയിലേക്ക് മൊഴിമാറ്റുന്നു.

സിഗ്‌നലുകളിൽനിന്ന് നിറങ്ങളെ
മായ്ച്ചുകളഞ്ഞ്,
പുഴകളെയും പൂക്കളെയും
പകരം വെക്കുന്നു.

സമയസൂചികളെ
ഉണങ്ങിയ ജമന്തി വിത്തുകൾ പോലെ
അടർത്തി വിതറി,
രാത്രികളിൽനിന്ന് ഉറക്കത്തെ
നാടുകടത്തി,
കറുപ്പിനെ വെളുപ്പായും
വെളുപ്പിനെ ചോപ്പായും
മാറ്റിയെഴുതി,
തൊട്ടാൽ വാടാത്ത
തൊട്ടാവാടിയുടെ പടർപ്പി-
ലൊരുവളുടെ മുഖം.

ലോകത്തിന്റെ നിയമങ്ങളെ
കവിതയിലേക്ക് മാറ്റിയെഴുതി
നേരത്തിന്റെ കടലിനെ
നോവ് കടയുമടിവയറ്റിലമർത്താനുള്ള
ചൂടുസഞ്ചിയിലൊഴിച്ചുവെച്ചു.

പച്ചയെ വെന്തതാക്കി
തീയിനെ തണ്ണീരാക്കി
പേറിനാലുലകിനെപ്പേറും
മന്ത്രവാദിനിയവൾ,
വാക്കിന്റെ തീവടി ചുഴറ്റുമ്പോൾ
അവൾ വെറുതേ തട്ടിക്കുടഞ്ഞുവിരിക്കും
വിരിപ്പായി നിവരുന്നു ലോകം.
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സെറീന

കവി, ഫോട്ടോഗ്രാഫർ, എഴുത്തുകാരി. മുള്ളുകൾ മാത്രം ബാക്കിയാകുന്നൊരു കടൽ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments