സതീഷ് ഗോപി

സാമ്രാജ്യങ്ങൾക്കൊന്നും അധിപനല്ല,
അതിനാൽ,
അതിർത്തികൾ ബാധകവുമല്ല.

വിഷപ്പല്ലുള്ള സഹജരോട്
ചേരിചേരാ നയം.
ജാരവെമ്പാലകൾക്കും
ജാതിവെറിയന്മാർക്കും
കൊലക്കലിക്ക്
കൊള്ളാവുന്ന ഇര.

ദൃഷ്ടിയിൽപ്പെട്ടാൽ
'വാവാ ' യെന്ന്
ആരും വിളിക്കോള് കൊള്ളില്ല.
സ്ത്രീധനപ്പക തീർക്കാൻ
സഞ്ചിയിൽ കരുതില്ല.

നാടു നന്നാക്കാനിറങ്ങി
നടുക്കണ്ടം തിന്നുന്നവർക്ക്
നല്ലുടൽ.

പരുന്തും കീരിയും
പകയുടെ പറ്റു പുസ്തകത്തിലുറപ്പിച്ച
പേര്.
സ്ഥിരം പരീക്ഷണം
വിജയിക്കുന്നത്
എലികളിൽ മാത്രം.

യഥാർത്ഥത്തിൽ,
ചേരകളുടെ ജീവിതം
ചരിത്രത്തിലൂടെ ഇഴയുന്ന
ഒരു ഉപമയാണ്.

ഒളിഞ്ഞിരിക്കുന്നവന്റെ
വിഷം തീണ്ടുംവരെ
നിങ്ങൾ എതിരിടുന്നത്
ഞങ്ങൾ സഹിക്കുന്നുണ്ട്.

പടം പൊഴിച്ചും
പത്തി നീർത്തിയും
ഭയമുട്ട അടവച്ചും
അവർ
അപ്പുറത്ത് പതിയിരിക്കുന്നുണ്ട്.

വരൂ,
ശത്രുക്കളല്ലാത്ത നമുക്ക്
യുദ്ധം ചെയ്ത്
പരസ്പരം
പരാജയശ്രീലാളിതരാകാം.
​▮


സതീഷ്​ ഗോപി

കവി, മാധ്യമപ്രവർത്തകൻ, ചലച്ചിത്ര ഗാനരചയിതാവ്. ബ്രാഞ്ച് സെക്രട്ടറി എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments