നിങ്ങളുടെ
ഭാഷാപ്രയോഗം
ആശയക്കുഴപ്പം സൃഷ്ടിക്കുന്നു
എന്ന തോന്നലുണ്ടായാൽ
ആ ഭാഷയെ നിർദാക്ഷണ്യം
വഴിയിലുപേക്ഷിക്കുക
ആഹാരത്തിലെ
ഹോൾസംനെസ്സിനെക്കുറിച്ചോ
വ്യായാമത്തിലെ
മൈൻഡ് ഫുൾനെസ്സിനെക്കുറിച്ചോ
പ്രാർത്ഥനയിലെ
ആത്മീയതയെക്കുറിച്ചോ
രതിയിലെ
പ്രണയത്തെക്കുറിച്ചോ
ഉറക്കത്തിലെ
റിജുവനേഷനെക്കുറിച്ചോ
ആരോടും പറയാതിരിക്കുക!
എന്തുകൊണ്ടെന്നാൽ,
മനസിലാവാത്ത ഭാഷ
കേൾക്കുന്നവരുടെ
ആശങ്കാവലാതികൾ
അവരുടെ മുഖങ്ങളിൽ
നിങ്ങൾക്ക് കാണേണ്ടി വരും.
നിങ്ങൾ മറ്റേതോ
ഭൂഖണ്ഡത്തിൽ
തനിച്ചു നിൽക്കുന്നതായും
നിങ്ങളെ ചുറ്റിപ്പറ്റി
ഒരു അന്യഥാ ബോധം
മുളച്ചുവളരുന്നതായും
തോന്നിപ്പോകും
ആയതിനാൽ,
അവർ വിശക്കുമ്പോൾ
ആഹാരം കഴിക്കുകയും
സിക്‌സ് പാക്കിനു വേണ്ടി
വ്യായാമം ചെയ്കയും
ആചാരം പോലെ
പ്രാർത്ഥിക്കുകയും
കാമമുണരുമ്പോൾ
രതിയിലേർപ്പെടുകയും
ക്ഷീണിക്കുമ്പോൾ
ഉറങ്ങുകയും
ചെയ്തുകൊള്ളട്ടെ!
ഭാഷ ആശയ
വിനിമയത്തിനുള്ള
കേവല ഉപാധിയാകുന്നു
അത് ആളുകളെ
ആശയക്കുഴപ്പത്തിലേക്ക്
തള്ളിയിടാൻ വേണ്ടി
ഉപയോഗിക്കുവാൻ പാടുള്ളതല്ല!
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.