‘അനുവും പ്രിയയും
വായിച്ചറിയുവാൻ...'
രണ്ടു ലോകങ്ങളിൽ
രണ്ടു ഫോൺ
സ്‌ക്രീനുകളിൽ
ഒരു പകലിന്റെയും
രാത്രിയുടെയും
അകലത്തിലിരുന്ന്
അവർ ആ കത്ത് വായിച്ചു
‘മൂന്ന് പെങ്ങന്മാരുടെ
കുഞ്ഞനുജനെ,
നിങ്ങൾ രണ്ടുപേരുടെ
പ്രിയ സുഹൃത്തിനെ,
ഞാനിനി എന്തുവേണമെന്ന്
നിങ്ങൾ തന്നെ
പറഞ്ഞു തരേണ്ടതാണ്...'
അമീറിനെ കുറിച്ചാണ്,
ആമിയുടെ കത്താണ്...
‘എന്റെ നീൾമിഴികളിൽ,
മൃദു കപോലങ്ങളിൽ,
കരിനീല വാർമുടിയിൽ,
ചെഞ്ചൊടിയിണകളിൽ
അവന്റെ കണ്ണുടക്കിയ
നാൾ മുതൽ
അവനെന്നോട്
കടുത്ത പ്രണയമെന്ന്
പറഞ്ഞത് നിങ്ങളാണ്'
അതുകൊണ്ടെന്ത്?
പെൺകൂട്ടുകളിൽ
വളർന്നവൻ
നിന്നെ മനോഹരമായി
പ്രണയിച്ചില്ലേ?
അനുവും പ്രിയയും
ഒരേപോലെ ചിന്തിച്ചു
‘ശരിയാണ്,
നിങ്ങൾ പറഞ്ഞതുപോലെ
അവനെന്നെ പ്രണയിച്ചു
കൂടെ കൂട്ടുകയും ചെയ്തു
കല്യാണരാത്രിയിൽ
നാണത്തോടെ
അവനെന്നെ
വിവസ്ത്രയാക്കി
എന്റെ ഉടയാടകൾ
ഒന്നൊന്നായി
എടുത്തണിഞ്ഞു
ആത്മനിർവൃതിയിൽ
കണ്ണാടിയിൽ നോക്കിനിന്നു...!'
ആമിയുടെ
സ്‌മൈലികൾ
അവരെ നോക്കി
കൊഞ്ഞനം കുത്തി
‘എന്റെ കണ്ണുകൾ
പോലവൻ കണ്ണെഴുതി
എന്നെ പോലെ
ചുണ്ടിൽ ചായം ചാലിച്ചു
കവിളിൽ നിറം പുരട്ടി
എന്റെ മുടി മെടഞ്ഞ്
സ്വന്തം മാറിലിട്ടോമനിച്ചു...'
സ്‌മൈലികൾ
ഇപ്പോൾ
ആർത്തു ചിരിക്കുകയാണ്
‘പകൽനേരങ്ങളിൽ
അവൻ
ഉത്തരവാദിത്വമുള്ള
കുടുംബസ്ഥനായി,
രാത്രികളിൽ,
സ്വയമലങ്കരിച്ചു കളിക്കുന്ന
കൗമാരക്കാരിയും...!'
അക്ഷരങ്ങൾ
കരടുപോലെ അവരുടെ
കണ്ണുകളിൽ വീണ്
കുത്തി നോവിച്ചു
എങ്ങനെയാണ് നമ്മൾ
അവനെ അറിയാതെ പോയത്...?!
രണ്ടു ലോകങ്ങളിൽ
ഒരു രാത്രിയുടെയും
പകലിന്റെയും അകലത്തിൽ
ചോദ്യങ്ങൾ അവരെ ശ്വാസം മുട്ടിച്ചു
അപ്പോൾ,
മൂന്നാമതൊരു ലോകത്തിൽ
സന്ധ്യയിലേക്ക്
കണ്ണുകൾ നീട്ടിയിരുന്ന്
അമീർ കവിളിൽ ചായം പുരട്ടുകയും
കാതിൽ ഞെക്കുകമ്മലുകൾ
പിടിപ്പിക്കുകയുമായിരുന്നു...
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.