ഷാജി കൊന്നോളി

​​​​​​​​​​​​​​​​​​​​​ഷൂലെയ്സ് അഴിഞ്ഞുപോയ മഴ

ഴയൊച്ചക്കിടയിൽ
ഗെയിറ്റ് തുറക്കുന്നതിന്റെ
പട്ടി കുരയ്ക്കുന്നതിന്റെ
ആരോ നടന്നടുക്കുന്നതിന്റെ
കുട പൂട്ടുന്നതിന്റെ
ഇടനാഴിയിൽ ഈറൻ കാലുറകൾ
ഉരയുന്നതിന്റെ
പടികൾ കയറുന്നതിന്റെ
വാതിൽക്കൽ വെള്ളമുറ്റുന്നതിന്റെ
ഷൂലെയ്സ് അഴിയുന്നതിന്റെ ശബ്ദം
അവൾക്ക് കേൾക്കാം

ആരുമില്ല

ആരുമില്ല എന്നുറപ്പായപ്പോൾ
മഴയൊച്ച മാത്രം അവൾ കേൾക്കുന്നു
കാറ്റ് ഇലകളെ നാണയങ്ങൾ പോലെ
ടോസ്സ് ചെയ്യുന്നത്
ജാലകത്തിലൂടെ കാണുന്നു

മഴയൊച്ചക്കിടയിൽ നിന്ന്
മറ്റൊച്ചകളെ വേർതിരിച്ചെടുക്കാൻ
അവൾക്കിപ്പോളാകും

തീറ്റ കിട്ടാത്ത ഉറുമ്പുകളുടെ
അറ്റമില്ലാത്ത നിരാശകൾ
ചുമരിൽ വരിവരിയായി പോകുന്നതിന്റെ
അക്വെറിയത്തിലെ കുഞ്ഞുമീനുകൾ
ചില്ലിന്റെ ചാരത്ത് വന്ന്
അവളുടെ മുല കുടിക്കുന്നതിന്റെ
മിന്നലിന്റെ കൊമ്പ് പൂത്ത മുറ്റത്ത്
നീരോഴുക്കിന്റെ കണ്ണുകൾ
ഗോട്ടികൾ പോലെ ഉരുണ്ടു പോകുന്നതിന്റെ
പട്ടുതുണി പോലെ പൂന്തോട്ടം
മരങ്ങളെ ചുറ്റിച്ചുറ്റി മണ്ണിൽ വീഴുന്നതിന്റെ
ചൂരൽ കെട്ടിയ കസേരയിൽ
കരഞ്ഞുലഞ്ഞ കണ്ണുമായി
കാറ്റ് വന്നിരിക്കുന്നതിന്റെ
അടുപ്പിലെ നനഞ്ഞ വിറകിൽ നിന്ന്
നെല്ലിക്കകൾ വീഴുന്നതിന്റെ
കണ്ണീരിൽ നിന്ന് ഒരു നിലവിളയും വഹിച്ച്
അവളുടെ നെടുവീർപ്പുകൾ
ഇരുണ്ടമൂലയിലേയ്ക്ക് പാഞ്ഞൊളിക്കുന്നതിന്റെ
വെള്ളത്തിനടിയിലെ കല്ലുപോലെ
ചോരയിൽ വീണുകിടക്കുന്ന വേദനകൾ
മഴകാണാൻ മുകളിലേയ്ക്ക് വരുന്നതിന്റെ

തോരാത്ത സങ്കടങ്ങളുടെ കറുത്ത ഇലകൾ
ടൈൽസ് പതിച്ച കോലായിൽ
വീണ് കിടക്കുന്നു
മഴ പുതിയ ഒച്ചകളെ പുറത്തു വിടുന്നു

കതകിൽ ആരോ മുട്ടുന്നു
മനസ്സിന്റെ ഞരമ്പുകൾ മുറിച്ച്
അവൾ മരണത്തിൽ കുതിർന്നു നിൽക്കുന്നു

ആരുമില്ല

ആരുമില്ല എന്നുറപ്പായപ്പോൾ
മഴ മടിയിൽ കെട്ടിവെച്ച പുടവ കൊണ്ട്
അവളെ മൂടുന്നു...​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments