ഷംസുദ്ദീൻ കു​ട്ടോത്ത്​

രണ്ട്​ കവിതകൾ

ഉമ്മ

പാത്തുമ്മ
ബിയ്യാത്തുമ്മ
ഖദീജുമ്മ
ഹാജരുമ്മ....
എത്ര ഉമ്മകളായിരുന്നു
ഒരു കാലത്ത് നമ്മുടെ നാട്ടിൽ...

കാതിൽ നിറയെ
അലിക്കത്തിട്ട്,
തലയിൽ തട്ടം
പല അടുക്കുകളായി
മടക്കി വെച്ച്
തുണിയുണ്ടക്കുടുക്കുള്ള
കുപ്പായമിട്ട്,
പുകയില മണത്താൽ
നൊണ്ണ് കാട്ടി ചിരിച്ച്
പാതി മുറിച്ച ചക്കയോ
ഓലമടലോ
അരവല്ലം പുല്ലോ തോളിലേറ്റി
ഏതിടവഴിയിലും
ഏത് നേരവും
ഉമ്മപ്പെരുക്കം
കേൾക്കാമായിരുന്നു...

മുണ്ടിന്റെ മൈതാനം പോലുള്ള
കോന്തലയിൽ
എത്ര ഓർമ്മകളെയാണ്
ചൂടുള്ള ഉമ്മകളായി അവർ പൊതിഞ്ഞുവെച്ചത്...

ചെരിപ്പിടാതെ
എത്ര മൃദുവായാണവർ
ഭൂമിയെ തൊട്ടു തൊട്ടു നടന്നത്...
ചിഹ്നങ്ങൾ പതിപ്പിക്കാതെ
നല്ല സഞ്ചാരികളായി മറഞ്ഞത്...

എത്ര വേദനകളിലാണവർ
മന്തിരിച്ച് ഊതിയത്...
ഉറക്കം വരാതെ
ജിന്നുകളെ കിനാവു കണ്ട -
എത്ര മോന്തികളിലാണവർ
‘ഹസ്ബി റബ്ബി' പാടി
മണ്ണെണ്ണ പുകയേറ്റ്
ഉറക്കിന് കാവലിരുന്നത്...

എത്ര നിശ്ശബ്ദരായാണവർ
ഒച്ചയുണ്ടാക്കിയത്,
കിളികൾ പൂക്കളോടും
പുഴകൾ ആകാശത്തോടും
എന്ന പോലെ....

നിലാവിനെ വെറ്റിലയിൽ തേച്ച്
പല്ലില്ലാ വായയിൽ ഒതുക്കി
എത്ര ആയാസരഹിതമായാണവർ
സ്വപനങ്ങളെ മുറുക്കിത്തുപ്പിയത്...

കിഴക്കെമാനം നോക്കി മഴ പറഞ്ഞും
കോലായിലെ പോക്കുവെയിലിൽ
സമയമളന്നും
എത്ര ചിട്ടയോടെയാണവർ
കാലത്തെ ഒരുക്കി വെച്ചത്....

അലമ്പ്

വള അങ്ങാടിയിൽ
കണാരകുറുപ്പും
സൂപ്പിക്കയും തമ്മിൽ
ഒന്നും രണ്ടും പറഞ്ഞ് അലമ്പായി....

തൊള്ളായിരത്തി നാൽപ്പതിൽ
ഇ. എം. എസ് ആവളയിൽ
ഒളിവിൽ താമസിച്ചിട്ടുണ്ടെന്ന് കുറുപ്പും
ഗുളികപ്പുഴ കടക്കുമ്പോൾ
സഖാവ് തോണിയിൽ നിന്നും
കൈ വീശുക മാത്രമാണ്
ചെയ്തതെന്ന് സൂപ്പിക്കയും...

മയിമ്പാണ്,
അളകാ ടാക്കീസിൽ
സിനിമ കാണാനെത്തിയവരും
ചന്തയിൽ മീൻ വാങ്ങാൻ വന്നവരും
വട്ടം കൂടി.

പാച്ചറും കൂട്ടരും കുറുപ്പിനൊപ്പവും
പണ്ടെങ്ങാണ്ടുന്നോ വന്ന് പാർത്ത
വേലാണ്ടി ‘സൂപ്പി മാപ്പിള 'ക്കൊപ്പവും ചേർന്നു...

ബഹളത്തിനിടയിലേക്ക്
ആരോ പെട്രോമാക്‌സ്
കത്തിച്ചു വെച്ചു.

ആവള പാണ്ടിയിലെ
പോക്രാം തവളകൾ വരെ
സഖാവിന് ലാൽസലാം പറഞ്ഞതായി
കണാരക്കുറുപ്പ് ആണയിട്ടു...
അരീക്കൽ തറവാട്ടിൽ
ആരുമറിയാതെ കഴിയുമ്പോൾ
ഇ എമ്മിന് ബീഡി എത്തിച്ചത്
താനാണെന്ന് പ്രഖ്യാപിച്ചു...
ചിരട്ടക്കനലിൽ നിന്നും
ബീഡി കത്തിച്ച്
ഒരു പുകയൂതിയാണ്
സഖാവിന് കൈമാറിയതെന്നും
പുളകിതനായി...

തലയിൽ കെട്ടിയ തോർത്തഴിച്ച്-
കുടഞ്ഞ്, അരയിൽ വരിഞ്ഞ്
സൂപ്പിക്ക മുറുക്കാൻ നീട്ടിത്തുപ്പി...
ഇഎമ്മ് ബീഡി വലിക്കാറില്ലെന്ന്
അറിയാൻ കമ്മ്യൂണിസ്റ്റാകേണ്ടെന്ന്
പുച്ഛത്തോടെ കൊഞ്ഞനം കുത്തി...

ആൾക്കൂട്ടത്തിലേക്ക് ആരോ
നാല് കസേരകൾ നിരത്തിയിട്ടു...

ചളി മണക്കുന്ന കല്യാണി
അരിവാൾ അരയിൽ തിരുകി
ഉപ്പൂത്തി ഇലയിൽ പൊതിഞ്ഞ
മീൻ വാഴപ്പോളയാൽ അമർത്തി കെട്ടി
കസേരക്കിടയിലേക്ക് തിരുകി
നിവർന്നിരുന്നു...
ഒരു കഷ്ണം പുകയിലയുടെ
ഉന്മാദത്തിൽ
കണ്ണടച്ച് കേൾവിക്കാരിയായി.

തിരക്കിനിടയിലേക്ക് എപ്പൊഴോ
രണ്ട് മൈക്കുകൾ
ഇരു ദേശങ്ങളെ ചൂണ്ടി നിന്നു..

സൂപ്പിക്ക മുഷ്ടി ആകാശത്തേക്കുയർത്തി
കൂടുതൽ ഉച്ചത്തിൽ
നിലപാടിൽ ഉറച്ചു നിന്നു.
തോർത്തെടുത്ത് ആവേശത്തോടെ
ആകാശത്തേക്ക് കുടഞ്ഞു...
ഉന്മാദ കണ്ണിൽ
ചളി മണക്കുന്ന കല്യാണിക്ക്
അതിൽ, മുറുക്കാൻ ചുവപ്പ്
പടരുന്നതായി തോന്നി...

കല്യാണി കാഴ്ച കൊണ്ട് കേൾക്കുകയും
കേൾവി കൊണ്ട് കാണുകയും ചെയ്തു...

ചിരട്ടയിൽ ആളിയ
മെഴുകുതിരിയിൽ നിന്നും
ഒരു ചൂട്ട് കത്തിത്തെളിഞ്ഞ്
കിഴക്കുനിന്നും
വയൽക്കാറ്റിനോട് എതിരിട്ട്
കറമൂസപ്പന്തം
പടിഞ്ഞാറുനിന്നും
ആവേശപ്പെടുന്നത് കണ്ടു.

സർവ ദിക്കുകളിൽ നിന്നും
നീണ്ട് നിവർന്ന്
നിഴലുകൾ നിരനിരയായി
ഭൂമിക്കു മേൽ പ്രകമ്പനം കൊണ്ടു...

കല്യാണി കസേരയിൽ
ഒന്നമർന്നിരുന്നു...
ചൂണ്ടുവിരലിന്റേയും നടുവിരലിന്റേയും
ഇടയിലെ വരണ്ട ഒഴിവിലൂടെ
പുകയിലച്ചാറ് ഒതുക്കിത്തുപ്പി-
ചിറി തുടച്ചു...

മൈക്കിൻ കുഴലിലൂടെ
അപ്പോൾ
കല്യാണി മാത്രം കേട്ടു,
വിക്കി വിക്കി പുറത്തു വന്ന
ഒരു കടലിരമ്പത്തിന്റെ തുടക്കം...
സ... ഖാ... ക്ക... ളേ...


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഷംസുദ്ദീൻ കു​ട്ടോത്ത്​

കവി, ‘ദേശാഭിമാനി’യിൽ സീനിയർ സബ്​ എഡിറ്റർ. കേട്ടെഴുതിയ ജീവിതങ്ങൾ (അഭിമുഖങ്ങൾ) നടൻ ഇന്ദ്രൻസുമായി ചേർന്ന് ‘സൂചിയും നൂലും', മാധവിക്കുട്ടി രാഗം നീലാംബരി, ഓത്തുപള്ളി ഓർമ്മയിലെ തേൻ തുള്ളി എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments