ഷീജ വിവേകാനന്ദൻ

തുമ്പൂർമുഴി

വിണ്ണിനെന്തൊരു മോഹമാണെന്നോ
മണ്ണിനെ ത്തൊട്ടു നോക്കാൻ
ഞെട്ടിയറ്റു കുതികുതിച്ചൊരു
ചാട്ടം വച്ചു കൊടുക്കാൻ ,
ഇന്നലെ മഴക്കാടുകൾക്കകം
കറുകറുത്തൊരു നേരം,
കാടിറങ്ങി വരുന്ന പാട്ടിനു
താളം തെറ്റിയ നേരം,
എന്നിൽ നിന്നുമുളച്ചു നിന്നിലേ
യ്‌ക്കോടിയെത്തിയ പോലെ
കുന്നിറങ്ങി വരുന്ന പേമഴ
പ്പേച്ചടർന്നതു പോലെ
ജനിമൃതികളിലാടി നിൽക്കുന്നു
മഴ നനഞ്ഞൊരു പാലം .
ഇടറിടുന്നു ചുവടു
തോറുമെൻ പ്രേമം പോലെ
യെന്നോർക്കേ,
താഴെയാകാശം പൊട്ടിവീണതു
കണ്ടു കണ്ണു വിടർന്നും
ചിറകടിച്ചു പറന്ന ഭൂമിയെ
ത്തൊട്ട് നെഞ്ചിലണച്ചും
പാലത്തിൽ കുട ചൂടി നിൽക്കുന്നു കാലം തെറ്റിയ കാലം.
കൈ പിടിച്ചു മഴക്കലിപ്പിനോ
ടൊപ്പമാർത്തു ചിലച്ച്
തടയിണകൾ മറന്നു ചാടി
ച്ചുഴിയിൽ മുങ്ങി രസിച്ച്
കാട്ടുപൊന്ത മുഖം നനച്ചു
നിവർന്നു നിന്നതു കാണാൻ
എത്തി നോക്കിയ പാറകൾക്കക
ക്കണ്ണുണർന്നതു കണ്ടോ ?
ധാരയായ് ജല പാളികൾ ശിരസ്സാറ്റി
യാറ്റിയൊഴിക്കെ
കാട്ടുപാറക്കറുത്ത ചുണ്ടിലുദിച്ചു
മോഹനരാഗം .
സൂര്യതാപമണിഞ്ഞ പെണ്ണുടൽ
നീന്തി നീന്തി വരുന്നു
പാറക്കെട്ടിലിരുന്നു വിണ്ണിനെ
നീറി നീറി നോക്കുന്നു .
ഓരത്തന്തി ചായുംവരെ നിന്നെ
നോക്കിക്കണ്ണു നിറച്ച്
മാമരങ്ങൾ മുടിയഴിച്ച്
ഉറക്കം കെട്ടുണരുന്നു .
നിന്നിൽ നിന്നുമുളച്ചു വിണ്ണിലേ
ക്കോടിപ്പോയൊരു പാലം
ആറ്റുമുഖത്തുമ്മ വച്ചു
കുനിഞ്ഞു പോയൊരു പാലം
കൂടിറങ്ങിയ പക്ഷി പോലെ ഞാൻ
ചിറകുണക്കിയിരിപ്പൂ
കൂട്ടിലേക്കു തിരിച്ചു പോകുവാൻ
വഴിയറിയാപ്പക്ഷി .


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments