ഷിബു ഷണ്മുഖം

ങ്ങമ്പുഴയെക്കുറിച്ചു ചിന്തിക്കുമ്പോൾ
പാടത്തെക്കുറിച്ച് ആലോചിക്കരുത്
ചങ്ങമ്പുഴയെക്കുറിച്ചു ചിന്തിക്കുകയോ?
ഫെർനാണ്ടോ പെസോവ പിണങ്ങും
ആൾമാറാട്ടക്കാരൻ, ചിന്തിക്കരുതെന്നു
ചിന്തിച്ചു ചിന്തിച്ചു വസ്തുമാത്രശേഷനായിപ്പോയില്ലേ!
ഓ! എന്നാൽ ചങ്ങമ്പുഴയെക്കുറിച്ച്
അയവെട്ടുമ്പോൾ എന്നാകാം
അപ്പോൾ കഥ മാറിയില്ലേ,
കവിതയാണെന്നോർക്കണേ!
അല്ല, ഇടയനും കാടും മേടും ഓർമ വരും
ശരി, വെയിലാണ് തണലുണ്ടാക്കുന്നതെന്ന
കാര്യം മറക്കരുതെന്ന് ഓർമ്മിപ്പിച്ചെന്നേയുള്ളൂ
ഹേ! ഹേ! ഹേയ്! കവി അല്പം മയമൊക്കെയാകാം

(മേശമേൽ സ്ഥടികപാത്രത്തിൽ പൂച്ചെണ്ട്
കല്ല് മണ്ണിൽ വെറുതെ കിടക്കുകയാണ്
കൊമ്പുകൾ വെട്ടിമാറ്റിയ മാവ് പൂത്തുലഞ്ഞിട്ടുണ്ട്
ഇന്നലെ രണ്ടു കുരുവികൾ തക്കാളിച്ചെടിയിൽ കിടന്നുറങ്ങി
ഈയാംപാറ്റകൾ മണ്ണിൽ നിന്നും മഴ പോലെ
ആകാശത്തേയ്ക്ക് പെയ്യുകയാണ്
വെയിലിന് തണുപ്പില്ല)

അതേ, പാടവരമ്പത്തേയ്ക്കാണ് മയിൽ പറന്നിറങ്ങിയത്
കടുംനീല പച്ചയുമായി കൂടിക്കലരില്ലെന്നറിഞ്ഞതുകൊണ്ടാകാം
വെളളക്കൊറ്റി ആകാശത്തേയ്ക്ക് ചിറകടിച്ചുയർന്നു
നിറങ്ങൾ തമ്മിൽ ഒരു വിധത്തിലും ചേരില്ലെന്ന
ദൃക്‌സാക്ഷിയായി മഴവില്ല് താഴെ കയ്യൊപ്പിട്ടു
ഒരു തൂവൽ കൊഴിച്ചിട്ടതു കൊണ്ടെന്നും
സമാധാനം പുലരില്ല, തൊണ്ടിമുതലായി വെറുതെ
പുസ്തകത്തിൽ എടുത്തു വെയ്ക്കാമെന്നേയുള്ളൂ
പിന്നെയാരാണ് ഈ നിറങ്ങളൊക്കെ കൂട്ടി കലർത്തിയത്?
ദേ, ചങ്ങമ്പുഴ പിണങ്ങും
ഹല്ല പിന്നെ! എന്നെ കൊണ്ടെന്നും പറയിപ്പിക്കരുത്,
പോയി ഹോക്കുസായിയോട് ചോദിക്ക്!
ഒരു മയിലും ഒട്ടകോം!

ചങ്ങമ്പുഴ ഒഴുകുകയായിരുന്നു
തീരത്ത് മയിൽ പത്തി വിരിച്ചാടി
അല്ലെങ്കിൽ പാമ്പ് പീലി വിരിച്ച് ആടി
പാമ്പാണോ മയിലാണോ കൊത്തിയതെന്നറിഞ്ഞുകൂടാ
നീലച്ചുപോയി
ചങ്ങമ്പുഴ തടംതല്ലിയാർത്തു
പാമ്പിനെ മയിലെന്നും മയിലിനെ പാമ്പെന്നും
കല്ലും മുള്ളും തമ്മിൽ മാറിപ്പോയി
വിളിച്ചപ്പോൾ വിളി കേട്ടതോ ഒട്ടകവും
തൊലി സുഷിരവാദ്യമായി
രോമാഞ്ചത്തിന്റെ കൂർമ്മയെ കാണ്ടാമൃഗത്തിന്റെ
കൊമ്പുകളായി കണ്ട് ഒഴിഞ്ഞുമാറി
പാമ്പിന്റെ വാലെന്നു കരുതി പിടിച്ചത് മുല്ലവള്ളിയിൽ
ഏഴു ചെന്നായ്ക്കൾ ആട്ടിൻപറ്റമായി ചിതറി
ഓടക്കുഴൽ വടിയായി
എണ്ണമെടുക്കുമ്പോൾ ഒന്ന് എപ്പോഴും കുറവായി
ആകാശം പ്രലോഭനങ്ങളെറിഞ്ഞ് മുന്നിൽ വന്നു നിന്നു

ഒന്നു ചോദിച്ചോട്ടെ, ചങ്ങമ്പുഴ കണ്ട മയിലാണോ
ഈ പാടവരമ്പത്ത് പറന്നിറങ്ങിയത്?
സംശയമുണ്ടെങ്കിൽ രമണനിൽ വെച്ച
മയിൽപ്പീലിയോട് ചോദിച്ചാൽ മതി
മയിൽപ്പീലിയെ തൂവലെന്നു വിളിക്കരുതെന്നു മാത്രം
ചങ്ങമ്പുഴയ്ക്കും പാടത്തിനുമിടയിൽ
ഈ ഒട്ടകം എങ്ങനെ വന്നു?
ഏതായാലും ഇടപ്പള്ളിയിൽ മരുഭൂമിയില്ല
ഗാന്ധിജി മയിലിനെപ്പറ്റി ഒരക്ഷരം എഴുതിയിട്ടില്ലെന്നു
പറഞ്ഞാൽ ചങ്ങമ്പുഴ ഒട്ടകത്തെക്കുറിച്ച്
ആലോചിച്ചിട്ടുപോലുമില്ലെന്നർത്ഥം
കാരണം റബാഡ
എന്തോന്ന്!
കാഗിസോ റബാഡ
ഒരു 153 - 154 കിലോമീറ്റർ വേഗതയിൽ പന്തെറിയും
റബാഡ ഇപ്പോഴല്ലേ?
ചങ്ങമ്പുഴ അപ്പോഴല്ലേ?
കാര്യകാരണങ്ങൾ തമ്മിൽ പറയത്തക്ക ബന്ധമൊന്നുമില്ല
അതിനിടയിലാണ് ബ്രിട്ടീഷുകാർ പുഴപ്പാലം പണിതത്
അതിനടിയിലാണ് ശോകനാശിനി
എന്നു വെച്ചാൽ?
അതിനുമടിയിലാണ് പാടം
പാടത്ത് മയിലിറങ്ങും
മയിൽ ഒട്ടകമാകും
ഗാന്ധിജി മയിലിനെക്കുറിച്ചെഴുതിയിട്ടുണ്ട്
ചങ്ങമ്പുഴ ഒട്ടകത്തെക്കുറിച്ചെഴുതും
മനസ്സിലായില്ല
റബാഡ പന്തെറിയാൻ തുടങ്ങുമ്പോൾ
ചങ്ങമ്പുഴ അടിയിൽ കിടന്ന് പാടും
""ഹൗസാറ്റ്?''
സൗത്ത് ആഫ്രിക്കയിലാണ് ഇടപ്പള്ളി
അതായത് ആനമയിലൊട്ടകം.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഷിബു ഷൺമുഖം

കവി, ചെന്നൈയിൽ ഫ്രീലാൻസ് ജേണലിസ്റ്റ്. Standing Right Next to You: Lives of HIV Positive People എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments