സിദ്ധാർഥ്​ എസ്​.

വര് പൂത്തു....
അടിയൊഴുക്കിനും
താഴെ,
വെളിച്ചം കാണാത്ത
ഗർഭപാത്രത്തെ
കുത്തിപൊട്ടിച്ചാണത്രേ
പൊന്തി വന്നത്.

തുടകൾ
ചതുപ്പിനെ ഒഴിപ്പിക്കുന്നു.
തല മുങ്ങിയാൽ
കാണുന്ന
വെള്ളാരം കല്ല്
വയറാണുപോലും.
അതിനിടയിൽ
പാഞ്ഞ മീൻകുഞ്ഞുങ്ങൾ
അനാഥരാണ്.

ആറ്റുനീരിലേക്കാഞ്ഞ്
ചവിട്ടുമ്പോൾ
ചതുപ്പിളക്കി
തേവിടിച്ചി നീട്ടി തുപ്പും.
കവര് തെളിയുമ്പോൾ
മുറുക്കിചോപ്പിച്ചതിന്റെ ചന്തമുണ്ട്.

ചോര
ചാലിറങ്ങിവന്നതിന്റെ
മണം തുപ്പലിനുണ്ട്.
ഒരുതരം ചീർത്ത ദേഹം
കണ്ടതിന്റെ അറപ്പ്.

തുടയിടുക്കുകളിൽ
ഒരു ദ്വീപുണ്ട്.
നഗ്‌നമായ ഉടലുകൾ
മണലിൽ ഒളിക്കുന്നു.
അവിടെ പെരുകുന്ന
മീനുകൾക്ക്
കയറുപൊട്ടിച്ചോടിയ
ബീജങ്ങളുടെ വെറി.

കണ്ണിൽ,
തെളിഞ്ഞിട്ടും തെളിയാത്ത
പായൽ പച്ചയുടെ
ശാന്തതയാണ്.

വായ
അളവറിയാത്ത ആഴങ്ങളിലെ
ജലാശയം.
നീലിച്ച കവരുകളുടെ
ശബ്ദം മാത്രം.

ഇഴയായി പിരിയാനാവാത്ത
മുടിയും
ചെന്നിപഴുത്തതിൽ മനംനൊന്ത
നെടുനീളൻ നഖവും
തമ്മിൽ പ്രണയമാണ്.

നിറങ്ങൾ തെളിയുമ്പോൾ
തെളിഞ്ഞ കഥകൾക്കുള്ളിൽ
ഒരവളുണ്ട്.
ഒന്നിളക്കിയാൽ
തുറിച്ചുനോക്കുന്ന അവൾ.
വെള്ളം തലപൊക്കുന്നതിനുമുൻപ്
നാറുന്ന ചതുപ്പിനുള്ളിൽ
തല താഴ്ന്ന
ഒരു കവര്......▮

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments